ചെന്നൈ: ക്യാപ്റ്റന്‍ എംഎസ് ധോണിയില്ലാതെ ഇറങ്ങിയ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് ഐപിഎല്ലില്‍ നാണംകെട്ടു. മുന്‍ ജേതാക്കാളായ മുംബൈ ഇന്ത്യന്‍സാണ് സിഎസ്‌കെയെ അവരുടെ തട്ടകമായ ചെപ്പോക്കില്‍ 46 റണ്‍സിനു കശാപ്പ് ചെയ്തത്. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ചെന്നൈക്കെതിരേ മുംബൈ വെന്നിക്കൊടി പാറിച്ചത്. നേരത്തേ മുംബൈയില്‍ നടന്ന ആദ്യ പാദത്തിലും രോഹിത് ശര്‍മയും സംഘവും സിഎസ്‌കെയുടെ കഥ കഴിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനയക്കപ്പെട്ട മുംബൈ 155 റണ്‍െന്ന മോശമല്ലാത്ത സ്‌കോറാണ് നേടിയത്. അത്ര വലിയ വിജയലക്ഷ്യം അല്ലാതിരുന്നിട്ടും പൊരുതാന്‍ പോലും ശ്രമിക്കാതെ സിഎസ്‌കെ മുട്ടുമടക്കുകയായിരുന്നു. 17.4 ഓവറില്‍ വെറും 109 റണ്‍സിന് ചാംപ്യന്മാര്‍ കൂടാരത്തില്‍ തിരിച്ചെത്തി. ഈ സീസണില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച മുരളി വിജയ് (38), മിച്ചെല്‍ സാന്റ്‌നര്‍ (22), ഡ്വയ്ന്‍ ബ്രാവോ (20) എന്നിവരുടെ ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെങ്കില്‍ സിഎസ്‌കെയുടെ തോല്‍വി കൂടുതല്‍ പരിതാപകരമാവുമായിരുന്നു.
ഷെയ്ന്‍ വാട്‌സന്‍ (8), നായകന്‍ റെയ്‌ന (2), അമ്പാട്ടി റായുഡു (0), കേദാര്‍ ജാദവ് (6), ധ്രുവ് ഷോറെ (5), ദീപക് ചഹര്‍ (0), ഹര്‍ഭജന്‍ സിങ് (1) എന്നിവര്‍ വന്നതും പോയതും പെട്ടെന്നായിരുന്നു. 35 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് വിജയ് ടീമിന്റെ ടോപ്‌സ്‌കോററായത്.
നാലു വിക്കറ്റെടുത്ത ലങ്കന്‍ സ്പീഡ് സ്റ്റാര്‍ ലസിത് മലിങ്കയാണ് സിഎസ്‌കെയുടെ അന്തകനായത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയും ജസ്പ്രീത് ബുംറയും ചാംപ്യന്‍മാരുടെ പതനം വേഗത്തിലാക്കി.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട മുംബൈ നാലു വിക്കറ്റിനു 155 റണ്‍സെടുത്തു. നായകന്റെ കളി കെട്ടഴിച്ച രോഹിത് ശര്‍മയുടെ (67) ഇന്നിങ്‌സാണ് മുംബൈക്കു തുണയായത്. 48 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സ്. എവിന്‍ ലൂയിസ് (32), ഹര്‍ദിക് പാണ്ഡ്യ (23*), ക്വിന്റണ്‍ ഡികോക്ക് (15), കിരോണ്‍ പൊള്ളാര്‍ഡ് (13*) എന്നിരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റു താരങ്ങള്‍. ക്രുനാല്‍ പാണ്ഡ്യ (1) നിരാശപ്പെടുത്തി. രണ്ടു വിക്കറ്റെടുത്ത മിച്ചെല്‍ സാന്റ്‌നറാണ് ചെന്നൈ ബൗളര്‍മാരില്‍ മിന്നിയത്.
ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു മൂലം ക്യാപ്റ്റന്‍ എംഎസ് ധോണി പിന്‍മാറിയതിനെ തുടര്‍ന്നാണ് റെയ്‌നയ്ക്കു നറുക്കുവീണത്. ധോണിയെക്കൂടാതെ രവീന്ദ്ര ജഡേജ, ഫഫ് ഡുപ്ലെസി എന്നിവരും ചെന്നൈ നിരയില്‍ ഇല്ല. പകരം ധ്രുവ് ഷോറെ, മുരളി വിജയ്, മിച്ചെല്‍ സാന്റ്‌നര്‍ സിഎസ്‌കെയുടെ പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്തു മുംബൈ ടീമിലും രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. ബെന്‍ കട്ടിങ്, മായങ്ക് മര്‍ക്കാണ്ഡെ എന്നിവര്‍ക്കു പകരം എവിന്‍ ലൂയിസ്, അനുകുല്‍ റോയ് എന്നിവര്‍ ടീമിലെത്തുകയായിരുന്നു.