
രാജസ്ഥാന്‍ റോയല്‍സ് (3/10)
എട്ടു ടീമുകളില്‍ കിരീട സാധ്യതയില്‍ ഏറ്റവും പിറകില്‍ മലയാളി താരം സഞ്ജു സാംസണ്‍ ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സാണ്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലെ അനുഭവസമ്പത്തില്ലായ്മയും ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ അഭാവവും രാജസ്ഥാന്റെ പ്രധാന പോരായ്മകളാണ്. ഐപിഎല്‍ പോലെയൊരു വലിയ വേദിയില്‍ സഞ്ജുവിന് ടീമിനെ എങ്ങനെ നയിക്കാന്‍ കഴിയുമെന്ന് കണ്ടുതന്നെ അറിയണം. ചില മാച്ച് വിന്നര്‍മാര്‍ രാജസ്ഥാന്‍ ടീമിലുണ്ടെങ്കിലും അവരുടെ സ്ഥിരതയില്ലായ്മയും രാജസ്ഥാന്റെ പോരായ്മയാണ്.

പഞ്ചാബ് കിങ്‌സ് (5/10)
കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സ് (നേരത്തേ കിങ്‌സ് ഇലവന്‍ പഞ്ചാബ്) പുതിയ പേര് തങ്ങളുടെ തലവര മാറ്റുമെന്ന ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ സീസണില്‍ പ്ലേഓഫിലെത്താതെ പഞ്ചാബ് പുറത്തായിരുന്നു. ലേലത്തില്‍ ഒരുപാട് പണമിറക്കി മികച്ച ചില കളിക്കാരെ പഞ്ചാബ് കൊണ്ടു വന്നിട്ടുണ്ട്. പക്ഷെ മുന്‍ സീസണിലേതു പോലെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവം പഞ്ചാബിന് തിരിച്ചടിയായേക്കും.
ജൈ റിച്ചാര്‍ഡ്‌സന്‍, മോയ്‌സസ് ഹെന്റിക്വസ്, ദീപക് ഹൂഡ എന്നിവര്‍ ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ടെങ്കിലും ഇവരെയൊന്നും ലോകത്തിലെ ബെസ്റ്റുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (5/10)
നാലു വര്‍ഷത്തിനിടെ കഴിഞ്ഞ സീസണില്‍ ഐപിഎല്ലിന്റെ പ്ലേഓഫിലെത്താന്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായിരുന്നു. പക്ഷെ പഴയ പ്രശ്‌നങ്ങളൊക്കെ തന്നെ ഇത്തവണയും ആര്‍സിബിക്കൊപ്പമുണ്ട്. കോലി ഓപ്പണിങിലേക്കു വരുന്നതോടെ ബാറ്റിങ് കൂടുതല്‍ കരുത്തുറ്റതാവുമെങ്കിലും ഡെത്ത് ഓവര്‍ ബൗളിങ് മുമ്പത്തേതു പോലെ തന്നെ വീക്ക്‌നെസായി തുടരുകയാണ്.
വലിയ തുക ചെലവഴിച്ച് കൊണ്ടു വന്ന ന്യൂസിലാന്‍ഡ് താരം കൈല്‍ റിച്ചാര്‍ഡ്‌സന്റെ ഫോം ആശങ്കപ്പെടേണ്ട കാര്യം തന്നെയാണ്. മധ്യനിരയില്‍ മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്ലെന്നതും ആര്‍സിബിയെ വലച്ചേക്കും. കോലിയുടെ ഫോം ആര്‍സിബിയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായി മാറുമെന്നുറപ്പാണ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (6/10)
ഇയോന്‍ മോര്‍ഗന്‍ ക്യാപ്റ്റനായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായിരുന്നു. ഒരുപിടി മികച്ച കളിക്കാരെ കെകെആറില്‍ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ പ്രധാന താരങ്ങളുടെ പരിക്കും തുടര്‍ച്ചയായി പ്ലെയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തുന്നതും അവര്‍ക്കു തിരിച്ചടിയാണ്.
മോര്‍ഗന്റെ ക്യാപ്റ്റന്‍സിയും ദിനേഷ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ സാന്നിധ്യവും കെകെആറിന് പ്ലസ് പോയിന്റാണ്. പക്ഷെ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ കെകെആറിന് ഇപ്പോഴും വ്യക്തതയില്ല. ഓപ്പണിങ് കോമ്പിനേഷന്‍, ഓള്‍റൗണ്ടര്‍മാര്‍, ഇന്ത്യന്‍ പേസര്‍മാര്‍ എന്നിവരുടെ കാര്യത്തിലൊന്നും കെകെആറിന് വ്യക്തതയില്ല. പ്ലേഓഫിലെത്താന്‍ കെകെആറിനു കഴിയുമെങ്കിലും കിരീടം നേടണമെങ്കില്‍ ചിലരില്‍ നിന്നും അസാധാരണ പ്രകടനം തന്നെ വേണ്ടിവരും.

ചെന്നൈ സൂപ്പര്‍കിങ്‌സ് (6/10)
എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സിന് ഇതു അസ്തമയ കാലമാണ്. കഴിഞ്ഞ സീസണിലായിരുന്നു തുടക്കം. ചരിത്രത്തിലാദ്യമായി പ്ലേഓഫ് പോലും കാണാതെ സിഎസ്‌കെ 2020ല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഡാഡീസ് ആര്‍മിക്ക് ഇത്തവണ കഴിയുമോയെന്നു കാത്തിരുന്നു തന്നെ കാണണം.
മുന്‍ സീസണുകളിലേതു പോലെ കിരീട ഫേവറിറ്റുകളുടെ മുന്‍നിരയില്‍ ഇത്തവണ സിഎസ്‌കെയില്ല. എങ്കിലും മികച്ച ബെഞ്ച് സ്‌ട്രെങ്ത്തും ധോണിയെന്ന അസാധാരണ ക്യാപ്‌ന്റെ സാന്നിധ്യവുമുള്ളപ്പോള്‍ സിഎസ്‌കെയെ എഴുതിത്തള്ളാന്‍ കഴിയില്ല. സുരേഷ് റെയ്‌നയുടെ മടങ്ങിവരവ് സിഎസ്‌കെയ്ക്കു വലിയ മുതല്‍ക്കൂട്ടാണ്. ചെറിയ ചില വീക്ക്‌നെസുണ്ടായിരുന്നെങ്കിലും ലേലത്തില്‍ ഇതു നികത്താന്‍ സിഎസ്‌കെ ശ്രമിച്ചിട്ടുണ്ട്. ഇതില്‍ എത്രത്തോളം വിജയിച്ചുവെന്ന് സീസണിനു ശേഷം മാത്രമേ പറയാന്‍ സാധിക്കൂ.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (7/10)
കഴിഞ്ഞ സീസണില്‍ ആദ്യമായി ഐപിഎല്ലിന്റെ ഫൈനല്‍ കളിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇത്തവണയും ഭയപ്പെടേണ്ട ടീം തന്നെയാണ്. ശ്രേയസ് അയ്യരുടെ സേവനം ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ലഭിക്കില്ലെന്നത് പ്രധാന പോരായ്മയാണെങ്കിലും ഇതു നികത്താന്‍ ശേഷിയുള്ളവര്‍ ടീമിലുണ്ടെന്നത് ഡിസിക്കു പ്രതീക്ഷ നല്‍കും. റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയിലും വലിയ പ്രതീക്ഷയാണ് ടീം മാനേജ്‌മെന്റിനും ആരാധകര്‍ക്കുമുള്ളത്.
മികച്ച ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം ബാറ്റിങിലും ബൗളിങിലും ഡിസിക്കു ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ വിദേശ താരങ്ങളെ അവര്‍ക്കു അമിതമായി ആശ്രയിക്കേണ്ടി വരാറുമില്ല. പ്രധാനപ്പെട്ട താരങ്ങളുടെ ബാറ്റിങ് പൊസിഷന്‍ മാത്രമാണ് ഡിസിക്കു ഇനി തീരുമാനിക്കാനുള്ളത്. സ്ഥിരതയാര്‍ന്ന ലൈനപ്പ് അണിനിരത്താനായാല്‍ ഡിസിയെ പിടിച്ചുകെട്ടുക ഇത്തവണയും ബുദ്ധിമുട്ടാവും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (8/10)
ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ സീസണില്‍ ശ്രദ്ധേയമായ പ്രകടനം പ്രത്യേകിച്ചും രണ്ടാം പകുതിയില്‍ കാഴ്ചവച്ച ടീമാണ്. എല്ലാവരും എഴുതി തള്ളിയ ഇടത്തു നിന്നും തികച്ചും നാടകീയമായി പ്ലേഓഫിലേക്കും എസ്ആര്‍എച്ച് മുന്നേറിയിരുന്നു. ക്വാളിഫയര്‍ രണ്ടില്‍ തോറ്റായിരുന്നു അവര്‍ പുറത്തായത്.
ഇത്തവണ കൂടുതല്‍ മികച്ച ടീമിനെയാണ് എസ്ആര്‍എച്ച് ഇറക്കുന്നത്. പരിക്കില്‍ നിന്നും മുക്തനായി സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയത് ബൗളിങ് ആക്രമണത്തിനു മൂര്‍ച്ച കൂട്ടും. കഴിഞ്ഞ സീസണില്‍ ഭുവി കളിച്ചിരുന്നില്ല. മുന്‍നിരയിലും മധ്യനിരയിലും മികച്ച ദേശീയ, അന്തര്‍ദേശീയ കളിക്കാര്‍ എസ്ആര്‍എച്ചിനുണ്ട്. മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്തുന്നതില്‍ വിജയിച്ചാല്‍ എസ്ആര്‍എച്ച് ആര്‍ക്കും വെല്ലുവിളിയാവും.

മുംബൈ ഇന്ത്യന്‍സ് (9/10)
കിരീടഫേവറിറ്റുകളില്‍ മുന്‍നിരയില്‍ മുംബൈ ഇന്ത്യന്‍സ് തന്നെയാവുന്നതില്‍ അദ്ഭുതമൊന്നുമില്ല. കാരണം അത്രയും സന്തുലിതമായ ടീമാണ് രോഹിത് ശര്‍മയുടേത്. ടീമിലെ ഓരോ താരവും ഒന്നിനൊന്ന് മികച്ചവരാണ്. ഓരോരുത്തരും ദേശീയ ടീമിനായി കളിക്കാന്‍ മിടുക്കുള്ളവരുമാണ്.
ശക്തമായ ബാറ്റിങ് ലൈനപ്പും മൂര്‍ച്ചയേറിയ ബൗളിങ് നിരയും മുംബൈയ്ക്കുണ്ട്. പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ കൃത്യമായ ചിത്രം മുന്നിലുണ്ടെന്നതും മുംബൈയുടെ പ്ലസ് പോയിന്റാണ്. ഓരോരുത്തരും ഏതുപൊസിഷനില്‍, റോളില്‍ കളിക്കണമെന്ന കാര്യത്തില്‍ അവര്‍ക്കു കൃത്യമായ ധാരണയുണ്ട്. ഒരുപിടി മാച്ച് വിന്നര്‍മാരെയും മുംബൈ നിരയില്‍ നമുക്ക് കാണാം. മുംബൈ ഇത്തവണ കിരീടം നിലനിര്‍ത്തിയില്ലെങ്കില്‍ അതാവും ഏറ്റവും വലിയ സര്‍പ്രൈസ്.


Click it and Unblock the Notifications











