കൊല്‍ക്കത്ത: ഐപിഎല്ലിലെ പ്രീ സീസണ്‍ ട്രാന്‍സ്ഫര്‍ താരക്കൈമാറ്റങ്ങള്‍ തുടരുന്നു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് യുവ ബാറ്റ്‌സ്മാന്‍ സിദ്ദേഷം ലാദിനെ ടീമില്‍ നിന്നൊഴിവാക്കി. മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ലാദിനെ സ്വന്തമാക്കിയത്. ട്രാന്‍സ്ഫര്‍ ബിസിസിഐ അംഗീകരിച്ചതോടെ ഐപിഎല്ലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലാണ് ഇക്കാര്യം അനൗണ്‍സ് ചെയ്തിരിക്കുന്നത്.

2015 മുതല്‍ മുംബൈ ടീമിന്റെ ഭാഗമാണ് മധ്യനിര ബാറ്റ്‌സ്മാന്‍ കൂടിയായ ലാദ്. പക്ഷെ താരത്തിനു വേണ്ടത്ര അവസരങ്ങള്‍ നല്‍കാന്‍ മുംബൈ തയ്യാറായിരുന്നില്ല. കഴിഞ്ഞ സീസണിലാണ് ലാദ് മുംബൈയ്ക്കായിഅരങ്ങേറിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പരിക്കേറ്റതോടെയാണ് താരത്തിന് നറുക്കുവീണത്. ഈയൊരു മല്‍സരത്തില്‍ മാത്രമേ താരം കളിച്ചിട്ടുമുള്ളൂ. കളിയില്‍ 15 റണ്‍സെടുത്ത് ലാദ് പുറത്താവുകയായിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ മിന്നും താരമായിരുന്നു ലാദ്. ഇതാണ് അദ്ദേഹത്തിന് ഐപിഎല്ലിലേക്കും വഴി തുറന്നത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം ഐപിഎല്ലില്‍ പുറത്തെടുക്കാന്‍ ലാദിന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല. പുതിയ തട്ടകമായ കെകെആറില്‍ തനിക്കു നല്ല അവസരങ്ങള്‍ ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് താരം. ഇത്തവണത്തെ ട്രാന്‍സ്ഫര്‍ വിപണിയില്‍ കെകെആര്‍ നടത്തിയ ആദ്യത്തെ ഇടപാട് കൂടിയാണിത്. എന്നാല്‍ മുംബൈ ഇതിനകം ട്രെന്റ് ബോള്‍ട്ടിനെയും ധവാല്‍ കുല്‍ക്കര്‍ണിയെയും ടീമിലേക്കു പുതുതായി കൊണ്ടു വന്നിട്ടുണ്ട്.