ഇന്ത്യന്‍ ക്രിക്കറ്റിലേക്കു സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൊണ്ടുവന്ന, പകരം വയ്ക്കാനില്ലാത്ത ക്യാപ്റ്റനാണ് മുന്‍ ഇതിഹാസം എംഎസ് ധോണി. രണ്ടു ലോകകപ്പുള്‍പ്പെടെ മൂന്നു ഐസിസി ട്രോഫികള്‍ ഇന്ത്യക്കു സമ്മാനിച്ച അദ്ദേഹത്തേക്കാള്‍ മികച്ചൊരു ക്യാപ്റ്റന്‍ മുമ്പോ, ശേഷമോ ഉണ്ടായിട്ടില്ല. വിരമിച്ചെങ്കിലും ആരാധകര്‍ക്കു ഇപ്പോഴും ധോണി ഏറെ പ്രിയങ്കരനാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഓരോ തവണ ഗ്രൗണ്ടിലെത്തുമ്പോഴും കാണികളില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവും പിന്തുണയുമെല്ലാം ഇവ ശരിവയ്ക്കുകയും ചെയ്യുന്നു.
ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും ഒരുപാട് റെക്കോര്‍ഡുകള്‍ തന്റെ പേരില്‍ കുറിക്കാന്‍ ധോണിക്കു കഴിഞ്ഞിട്ടുണ്ട്. ലോക റെക്കോര്‍ഡുകളും ഇക്കൂട്ടത്തില്‍പ്പെടും. എന്നാല്‍ അധികം പേര്‍ക്കും അറിയാനിടയില്ലാത്ത ഒരു റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ ബാറ്റിന്റെ അവകാശിയെന്ന ലോക റെക്കോര്‍ഡാണിത്.

2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ഐസിസി ഏകദിന ലോകകപ്പ് ഫൈനില്‍ ശ്രീലങ്കയ്‌ക്കെതിരേ ധോണി ഉപയോഗിച്ച ബാറ്റാണ് നിലവില്‍ ലോകത്തിലെ ഏറ്റവും വിലിപിടിപ്പുള്ള ബാറ്റ്. അന്നു പുറത്താവാതെ 91 റണ്‍സ് അടിച്ചെുത്ത ധോണി ടീമിന്റെ വിജയറണ്‍സ് കുറിച്ചത് കിടിലനൊരു സിക്‌സറിലൂടെയായിരുന്നു. അതുകൊണ്ടു തന്നെയാണ് ധോണിയുടെ ആ ബാറ്റ് വളരെ സ്‌പെഷ്യലായി മാറിയത്.
ഒരു അന്താരാഷ്ട്ര മല്‍സരത്തില്‍ സാധാരണയായി ഒരു ക്രിക്കറ്റര്‍ ഉപയോഗിക്കാറുള്ള ബാറ്റിന്റെ വില 4000 മുതല്‍ 10,000 രൂപ വരെയാണ്. 2011ലെ ലോകകപ്പില്‍ ധോണി ഉപയോഗിച്ച ബാറ്റിനും ഈ വിലയൊക്കെ തന്നെ മാത്രമേ ഉണ്ടാവുകയുള്ളൂ. പക്ഷെ ധോണിയുടെ ഫൈനലിലെ ആ സ്‌പെഷ്യല്‍ മാച്ച് വിന്നിങ് ഇന്നിങ്‌സിനു ശേഷം ലക്ഷങ്ങള്‍ വില മതിക്കുന്ന 'സ്വര്‍ണ' ബാറ്റായി അതു മാറുകയായിരുന്നു.
ഈ ബാറ്റ് ലേലത്തിനു വച്ചപ്പോഴായിരുന്നു അതു എത്ര മാത്രം മൂല്യമേറിയതാണെന്നു ലോകമറിഞ്ഞത്. ലേലത്തില്‍ ധോണിയുടെ ആ ബാറ്റ് വിറ്റുപോയത് 83 ലക്ഷം രൂപയ്ക്കായിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ മുമ്പൊരു ബാറ്റിനും ഈ തുകയുടെ ഏഴയലത്തു പോലുമെത്താനായിട്ടില്ല. ഇതിനു മുമ്പ് ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ ബാറ്റ് ഇംഗ്ലണ്ടില്‍ നിര്‍മിക്കുന്ന ഗ്രേ നിക്കോളാസ് ലെജന്റ് എന്ന ബാറ്റാണ്. ഈ ബാറ്റിന്റെ മൂല്യം ഒരു ലക്ഷം രൂപയാണ്.

ഈസ്റ്റ് മീറ്റ്‌സ് വെസ്റ്റെന്ന ഒരു ചാരിറ്റി ലേലത്തിലായിരുന്നു നേരത്തേ ധോണിയുടെ ബാറ്റ് വില്‍പ്പനയ്ക്കു വച്ചത്. അദ്ഭുതപ്പെടുത്തുന്ന ഡിമാന്റായിരുന്നു ഈ ബാറ്റിനു കണ്ടത്. ഒടുവില്‍ ആര്‍കെ ഗ്ലോബല്‍ ഷെയര്‍ ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡെന്ന കമ്പനി 83 ലക്ഷം രൂപ മുടക്കി ബാറ്റിന്റെ അവകാശികളാവുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വിലയേറിയ ബാറ്റെന്ന ഗിന്നസ് ലോക റെക്കോര്‍ഡും പിന്നാലെ ഈ ബാറ്റിനെ തേടിയെത്തി. ഈ റെക്കോര്‍ഡ് ഭാവിയില്‍ ഇനി തകര്‍പ്പെടാനുള്ള സാധ്യതയും വളരെ കുറവാണ്.
കരിയറിന്റെ തുടക്കകാലത്തു ബാറ്റ് സ്‌പോണ്‍സര്‍മാരെ പോലും ലഭിക്കാതെ ധോണി ബുദ്ധിമുട്ടിയ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇതേ ധോണിയുടെ ബാറ്റാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബാറ്റെന്ന ലോക റെക്കോര്‍ഡും നേടിയിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2020ല്‍ വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ധോണി ഇപ്പോഴും കളിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം തവണയും കിരീടം ചൂടുകയും ചെയ്തിരുന്നു.