ധോണിയെ സ്‌പെഷ്യലാക്കിയത് എന്താണ്? ആദ്യ കോച്ച് ഗ്രെഗ് ചാപ്പല്‍ പറയുന്നു
മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ചുവടുവയ്ക്കുന്നത് 23ാം വയസ്സിലായിരുന്നു. 2004ല്‍ സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ കോച്ചും ഓസ്‌ട്രേലിയക്കാരനായ ഗ്രെഗ് ചാപ്പല്‍ കോച്ചുമായിരിക്കെയായിരുന്നു ഇത്. വളരെ പെട്ടെന്നാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറേയും പിന്നെ ക്യാപ്റ്റനുമൊക്കെയായത്. നായകനെന്ന നിലയില്‍ തന്റെ പിന്‍മുറക്കാര്‍ക്കു സ്വപ്‌നം പോലും കാണാന്‍ സാധിക്കാതിരുന്ന കാര്യങ്ങള്‍ ധോണി യാഥാര്‍ഥ്യമാക്കി കാണിച്ചുതന്നു. രണ്ടു ലോകകപ്പുകളടക്കം ഐസിസിയുടെ മൂന്നു ട്രോഫികള്‍ സ്വന്തമാക്കിയ ഇന്ത്യയുടെ മാത്രമല്ല ലോകത്തിലെ തന്നെ ഏക ക്യാപ്റ്റനും കൂടിയാണ് ധോണി.

ധോണി തന്റെ സമപ്രായക്കാരായ മറ്റു താരങ്ങളില്‍ നിന്നും വളരെ വ്യത്യസ്തനായിരുന്നുവെന്നും താന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരില്‍ ഏറ്റവും മൂര്‍ച്ചയേറിയ ക്രിക്കറ്റ് ചിന്തയുള്ളവരില്‍ ഒരാളായിരുന്നുവെന്നും ചാപ്പല്‍ ചൂണ്ടിക്കാട്ടി. ഫിനിഷറെന്ന നിലയില്‍ ധോണി ചില മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചത് ചാപ്പല്‍ കോച്ചും രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റനുമായിരിക്കെയായിരുന്നു. ധോണിയെക്കുറിച്ച് അന്നു മുതല്‍ തികഞ്ഞ മതിപ്പാണ് ചാപ്പലിനുള്ളത്.

സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായവ ചെയ്യാന്‍ ധോണി തുടക്കം മുതല്‍ ശ്രമിച്ചിരുന്നതായും അത്തരം കാര്യങ്ങള്‍ക്കു വലിയ താല്‍പ്പര്യമായിരുന്നെന്നും ഗ്രെഗ് ചാപ്പല്‍ ചൂണ്ടിക്കാട്ടി. തുടക്കകാലത്തു അവസരങ്ങള്‍ നന്നായി മുതലെടുത്ത ധോണി പിന്നീട് ഇവ മിനുക്കിയെടുത്താണ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി മാറിയതെന്നും ചാപ്പല്‍ നിരീക്ഷിച്ചു.

തന്റെ കഴിവ് വികസിപ്പിക്കുകയും ഈ രീതിയില്‍ കളിക്കാന്‍ പഠിക്കുകയും ചെയ്ത ഒരു ബാറ്ററുടെ മികച്ച ഉദാഹരണമാണ് എംഎസ് ധോണിയെന്നു പറയാന്‍ സാധിക്കും. തുടക്ക കാലത്ത് കൂടുതല്‍ പരിചയസമ്പന്നരായവര്‍ക്കെതിരേ വ്യത്യസ്തമായ പ്രതലങ്ങളില്‍ മല്‍സരിച്ചാണ് ധോണി തന്റെ കഴിവുകള്‍ കൂടുതല്‍ വികസിപ്പിച്ചെടുത്തത്. തീരുമാനങ്ങളെടുക്കാനുള്ള കഴിവിലും തന്ത്രപരമായ ശേഷിയിലും തന്റെ സമപ്രായക്കാരില്‍ നിന്നും ധോണിയെ വ്യത്യസ്തനാക്കി മാറ്റി. ഞാന്‍ നേരിട്ടവരില്‍ ഏറ്റവും മൂര്‍ച്ചയേറിയ ക്രിക്കറ്റ് മനസ്സുകളില്‍ ഒന്നാണ് അദ്ദേഹത്തിന്റേതെന്നും ചാപ്പല്‍ തന്റെ കോളത്തില്‍ വിശദമാക്കി.

ചാപ്പല്‍ ഇന്ത്യന്‍ കോച്ചായിരിക്കെ ചില തകര്‍പ്പന്‍ പ്രകടനങ്ങള്‍ ധോണി കാഴ്ചവച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ പുറത്താവാതെ നേടിയ 183 റണ്‍സ് ഇവയിലൊന്നായിരുന്നു. പാകിസ്താനെതിരേ പുറത്താവാതെയെടുത്ത 72 റണ്‍സ്, ഇംഗ്ലണ്ടിനെതിരായ 96 റണ്‍സ് എന്നിവ ചാപ്പലിന്റെ സമയക്കു ധോണിയുടെ ശ്രദ്ധേയമായ പ്രകടനങ്ങളായിരുന്നു.

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ധോണി ഇപ്പോഴും മല്‍സരരംഗത്ത് തുടരുകയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം വരാനിരിക്കുന്ന സീസണിലും കളിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ നാലാം കിരീടത്തിലേക്കു നയിക്കാന്‍ ധോണിക്കായിരുന്നു. കിരീട നേട്ടത്തോടെ അദ്ദേഹം പടിയിറങ്ങുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും താന്‍ കളി തുടരുമെന്നു അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications