Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ ധോണിയേക്കാള്‍ കിടുവോ റിഷഭ്? കണക്കുകള്‍ ഞെട്ടിക്കും!! ഒരാള്‍ ഏറെ മുന്നില്‍

ആധുനിക ക്രിക്കറ്റില്‍ ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ഇന്ത്യന്‍ യുവതാരം റിഷഭ് പന്ത്. അവസാനമായി ബംഗ്ലാദേശിനെതിരേ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ കിടിലന്‍ സെഞ്ച്വറിയുമായി ഈ ഫോര്‍മാറ്റില്‍ തന്റെ ആധിപത്യം അദ്ദേഹം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു. പരിക്കു കാരണം ഒന്നര വര്‍ഷത്തോളം കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന ശേഷം ടെസ്റ്റിലേക്കുള്ള റിഷഭിന്റെ മടങ്ങിവരവ് കൂടിയായിരുന്നു ഈ മല്‍സരം. സെഞ്ച്വറിയോടെ അദ്ദേഹം ഇതു അവിസ്മരണീയവുമാക്കുകയായിരുന്നു.

ടെസ്റ്റില്‍ എന്തുകൊണ്ടാണ് താന്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറുന്നതെന്നു റിഷഭ് കാണിച്ചുതന്ന പ്രകടനം കൂടിയായിരുന്നു ഇത്. ചെന്നൈ ടെസ്റ്റിലെ ഇന്നിങ്‌സിനു ശേഷം ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയേക്കാള്‍ കേമനാണ് റിഷഭെന്നു പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

യഥാര്‍ത്തില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ധോണിയേക്കാള്‍ മിടുക്കനാണോ അദ്ദേഹം? 34 ടെസ്റ്റുകളാണ് റിഷഭ് ഇതിനകം കളിച്ചിട്ടുള്ളത്. ഇത്രയും ടെസ്റ്റുകള്‍ക്കു ശേഷമുള്ള ധോണിയുടെ പ്രകടനവുമായി താരതമ്യം ചെയ്ത് ആരാണ് കൂടുതല്‍ മിടുക്കനെന്നു നമുക്കു നോക്കാം.

MS DHONI

34 ടെസ്റ്റുകള്‍ക്കു ശേഷം കേമനാര്?

ഇന്ത്യക്കു വേണ്ടി 34 ടെസ്റ്റുകള്‍ക്കു ശേഷമുള്ള റിഷഭ് പന്തിന്റെയും എംഎസ് ധോണിയുടെയും പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ ഒരാള്‍ക്കു വളരെ വ്യക്തമായ മുന്‍തൂക്കമുണ്ടെന്നു കാണാം. ഇതു പക്ഷെ ധോണിയല്ല, റിഷഭാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ബാറ്റിങ് പ്രകടനം നോക്കിയാല്‍ ധോണിയേക്കാള്‍ മുന്നിലാണ് റിഷഭിന്റെ സ്ഥാനമെന്നു കാണാം.

കരിയറിയിലെ ആദ്യത്തെ 34 ടെസ്റ്റുകള്‍ക്കു ശേഷം 58 ഇന്നിങ്‌സുകളില്‍ നിന്നും 2419 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. 44.80 ശരാശരിയോടെയാണിത്. ആറു സെഞ്ച്വറികളും 11 ഫിഫ്റ്റികളും അദ്ദേഹം ഇതിനിടെ കുറിക്കുകയും ചെയ്തു.

ധോണിയാവട്ടെ 34 ടെസ്റ്റുകള്‍ക്കു ശേഷം കളിച്ചത് 54 ഇന്നിങ്‌സുകളാണ്. ഇവയില്‍ നിന്നും 37.04 ശരാശരിയില്‍ അദ്ദേഹത്തിനു നേടാനായത് 1778 റണ്‍സ് മാത്രമാണ്. ഒരേയൊരു സെഞ്ച്വറിയും 14 ഫിഫ്റ്റികളുമാണ് ധോണിക്കു ഈ കാലയളവില്‍ കുറിക്കാനാത്.

ഈ കാര്യങ്ങള്‍ കൂടി പരിഗണിക്കണം

ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യം കളിച്ച 34 ടെസ്റ്റുകളില്‍ നിന്നും എംഎസ് ധോണിയേക്കാള്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് റിഷഭ് പന്താണെന്നത് ശരിയാണ്. പക്ഷെ ഇതിന്റെ പേരില്‍ മാത്രം റിഷഭിനേക്കാള്‍ താഴെയാണ് ധോണിയെന്നു പറയാന്‍ കഴിയില്ല. ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ ധോണി ഈ കാലയളവില്‍ കളിച്ചിട്ടുണ്ടെന്നു കാണാം. ഇംഗ്ലണ്ടിലെ അദ്ദേഹത്തിന്റെ ചില പ്രകടനങ്ങള്‍ എടുത്തു പറയേണ്ടതുമാണ്.

RISHABH PANT

ധോണി ഇന്ത്യന്‍ ടീമിലേക്കു വരുന്ന സമയത്തു വിക്കറ്റ് കീപ്പര്‍ ബാറ്ററെന്നത് അത്ര ഗ്ലാമറുള്ള പദവി അല്ലായിരുന്നു. എന്നാല്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റിങിലും ഹീറോയായി മാറാന്‍ സാധിക്കുമെന്നു തെളിയിച്ചയാളാണ് അദ്ദേഹം. പുതുതലമുറയിലെ യുവതാരങ്ങളെ വിക്കറ്റ് കീപ്പിങിലേക്കു വരാന്‍ പ്രചോദിപ്പിച്ചതിനു പിന്നിലും അദ്ദേഹത്തിനു നിര്‍ണായക റോളുമുണ്ട്.

റിഷഭുള്‍പ്പെടെയുള്ള നിലവിലെ പല വിക്കറ്റ് കീപ്പര്‍മാരും മാതൃകയാക്കുന്നതും ധോണിയെയാണ്. അത്ര മാത്രം ഇംപാക്ടാണ് അദ്ദേഹത്തിനു ഉണ്ടാക്കാന്‍ സാധിച്ചത്. ബാറ്ററെന്ന നിലയില്‍ സാങ്കേതികപരമായി ചില ദൗര്‍ബല്യങ്ങള്‍ ധോണിക്കുണ്ടായിരുന്നു. എന്നിട്ടും ഇതിനെ മറികടന്ന് വലിയ ഇംപാക്ട് ടീമിലുണ്ടാക്കാന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ടെസ്റ്റ് ക്രിക്കറ്റില്‍ ദൈര്‍ഘ്യമേറിയ ഒരു കരിയറായിരുന്നില്ല ധോണിയുടേത്. വെറും 90 ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും നേടാനായത് ആറു സെഞ്ച്വറികളും 33 ഫിഫ്റ്റികളുമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി ധോണി നേരത്തേ തന്നെ ടെസ്റ്റില്‍ നിന്നും വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Wednesday, September 25, 2024, 17:10 [IST]
Other articles published on Sep 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+