Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റനായിരിക്കെ ഗാംഗുലി പിന്തുണച്ചു, ഇവര്‍ സൂപ്പര്‍ താരങ്ങളുമായി! നാല് പേരിതാ

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ദാദക്ക് ഇന്ന് 51ാം ജന്മദിനം. ഒരു കാലഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി പോരാടാന്‍ പഠിപ്പിച്ച നായകനാണ് ഗാംഗുലി. ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ട് മാന്ത്രികത കാട്ടിയ അദ്ദേഹം ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ്. പോരാട്ടവീര്യമെന്തെന്ന് ഇന്ത്യയെ പഠിപ്പിച്ച ക്യാപ്റ്റനാണ് ഗാംഗുലി. അതുകൊണ്ടുതന്നെ ആരാധക മനസില്‍ ഗാംഗുലിക്ക് എന്നും വലിയ സ്ഥാനമുണ്ടാവും.

2003ലെ ഏകദിന ലോകകപ്പില്‍ ഗാംഗുലിക്ക് കീഴിലാണ് ഇന്ത്യ ഫൈനല്‍ കളിച്ചത്. കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവിന് വലിയ ഊര്‍ജ്ജം നല്‍കാന്‍ ഗാംഗുലിക്ക് സാധിച്ചു. ഗാംഗുലിക്ക് കീഴില്‍ വളര്‍ന്ന പലരും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി മാറിയെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തരത്തില്‍ ഗാംഗുലി ക്യാപ്റ്റനായിരിക്കെ തലവര മാറിയ നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇന്ത്യയുടെ മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് ഇതിലൊരാള്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുകയും സൂപ്പര്‍ താരമായി മാറുകയും ചെയ്ത ഹര്‍ഭജന്റെ വളര്‍ച്ചക്ക് പിന്നില്‍ ഗാംഗുലിയുടെ വലിയ പിന്തുണയുണ്ടായിരുന്നു. ഇന്ത്യന്‍ ടീമില്‍ അര്‍ഹിച്ച അവസരം ലഭിക്കാതെ വന്നതോടെ ക്രിക്കറ്റ് വിടാനും കാനഡയിലേക്ക് താമസം മാറാനും ഹര്‍ഭജന്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹര്‍ഭജനെ ഗാംഗുലിയുടെ ഇടപെടലിനെത്തുടര്‍ന്ന് ടീമിലേക്ക് പരിഗണിച്ചു.

മൂന്ന് മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകളുമായാണ് ഹര്‍ഭജന്‍ കസറിയത്. ഇതോടെ അദ്ദേഹം ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായി മാറി. 2007ല്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഹര്‍ഭജനുണ്ടായിരുന്നു. തന്റെ കരിയറിലെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായത് ഗാംഗുലിയാണെന്ന് ഹര്‍ഭജന്‍ പല തവണ പറഞ്ഞിട്ടുണ്ട്.

yuvraj singh

രണ്ടാമത്തെ താരം എംഎസ് ധോണിയാണ്. സൗരവ് ഗാംഗുലി ധോണിയുടെ പ്രതിഭ തിരിച്ചറിഞ്ഞ് പിന്തുണച്ചതിനാലാണ് അദ്ദേഹത്തിന് വലിയ കരിയര്‍ സൃഷ്ടിക്കാനായത്. ഇന്ത്യന്‍ ടീമിലേക്കെത്തിയ ധോണിക്ക് മധ്യനിരയിലായിരുന്നു സ്ഥാനം. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ ധോണി പ്രയാസപ്പെട്ടപ്പോള്‍ ഗാംഗുലിയാണ് ധോണിയെ മൂന്നാം നമ്പറില്‍ ഇറക്കാന്‍ നിര്‍ദേശിച്ചത്. പാകിസ്താനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും തകര്‍പ്പന്‍ സെഞ്ച്വറി നേടി ധോണി ഗാംഗുലിയുടെ പ്രതീക്ഷ കാത്തു.

പിന്നീട് ഇന്ത്യയുടെ വിശ്വസ്തനായ ഫിനിഷറായും ഇതിഹാസ വിക്കറ്റ് കീപ്പറായും നായകനായുമെല്ലാം ധോണി മാറി. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് നേടിക്കൊടുത്താണ് ധോണി പടിയിറങ്ങിയത്. ഗാംഗുലിയുടെ ദീര്‍ഘ വീക്ഷണമാണ് ധോണിയുടെ തലവര മാറ്റിയതെന്ന് പറയാം. ധോണിക്ക് വലിയ ആത്മബന്ധമുള്ള സീനിയര്‍ താരങ്ങളിലൊരാളാണ് ഗാംഗുലി.

മൂന്നാമത്തെ താരം വീരേന്ദര്‍ സെവാഗ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത ബാറ്റ്‌സ്മാനാണ് സെവാഗ്. ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ക്കുന്ന സെവാഗ് കരിയറിന്റെ തുടക്കത്തില്‍ മധ്യനിരയിലാണ് കളിച്ചിരുന്നത്. ഗാംഗുലിയാണ് സെവാഗിനെ ഓപ്പണിങ്ങിലേക്കെത്തിച്ചത്. താന്‍ കളിച്ചിരുന്ന ഓപ്പണര്‍ സ്ഥാനം സെവാഗിന് വിട്ടുനല്‍കിയാണ് ഗാംഗുലി പിന്തുണച്ചതെന്നതാണ് എടുത്തു പറയേണ്ടത്. ഓപ്പണറായ ശേഷമാണ് സെവാഗിന്റെ കരിയര്‍ മാറിയത്.

ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടെ ഗംഭീര കരിയര്‍ സെവാഗ് നേടിയെടുക്കുകയും ചെയ്തു. നാലാമത്തെ താരം യുവരാജ് സിങ്ങാണ്. ഗാംഗുലി നായകനായിരിക്കെ മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനം യുവിക്കുണ്ടായിരുന്നു. അടിച്ചുതകര്‍ത്തുകളിക്കുന്ന യുവിയെ ഗാംഗുലിക്ക് വലിയ ഇഷ്ടമായിരുന്നു. ഗാംഗുലി നല്‍കിയ പിന്തുണയെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള യുവി തന്റെ മനസില്‍ ഏറ്റവും മികച്ച നായകന്‍ ഗാംഗുലിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് കിരീടങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് യുവരാജായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലെ ഹീറോയായി യുവരാജ് മാറിയപ്പോള്‍ പിന്നില്‍ ഗാംഗുലിയുടെ വലിയ പിന്തുണയുണ്ടായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല.

Story first published: Saturday, July 8, 2023, 12:49 [IST]
Other articles published on Jul 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+