മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഐസിസി കിരീടമെന്ന സ്വപ്‌നത്തിന് 10 വര്‍ഷത്തെ ഇടവേളയായിരിക്കുകയാണ്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ എംഎസ് ധോണിക്ക് കീഴില്‍ കിരീടം നേടിയ ഇന്ത്യക്ക് പിന്നീടൊരുതവണ കൂടി കിരീടത്തിലേക്കെത്താന്‍ സാധിച്ചില്ല. പിന്നീട് കളിച്ച ലോകകപ്പുകളില്‍ പലതിലും നോക്കൗട്ടിലാണ് ഇന്ത്യ വീണത്. അവസാനമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ തോറ്റു. ഫൈനലില്‍ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ തലകുനിച്ചത്.
ഇന്ത്യയുടെ ഐസിസി ട്രോഫികളിലെ തകര്‍ച്ചയുടെ കാരണം പരിശോധിച്ചാല്‍ പല കാരണങ്ങളും പറയാന്‍ സാധിക്കും. എന്നാല്‍ ചില പ്രധാന പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടാനാവും. അതിലൊന്ന് പകരംവെക്കാനില്ലാത്ത സൂപ്പര്‍ താരങ്ങളുടെ അഭാവമാണ്. അവര്‍ സൃഷ്ടിച്ച വിടവ് ഇപ്പോഴും നികത്താവാത്തത് ഇന്ത്യയുടെ ഐസിസി കിരീട നേട്ടത്തിന് തടസം നില്‍ക്കുകയാണ്.
ഇത്തരത്തില്‍ ഏറെ നാളുകളായി ഇന്ത്യക്ക് പകരക്കാരനെ കണ്ടെത്താനാവാത്ത താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം എംഎസ് ധോണിയാണ്. ഇന്ത്യന്‍ ടീമില്‍ ഇനിയൊരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഇതിഹാസമാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിച്ച ക്യാപ്റ്റന്‍. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച് വിസ്മയിപ്പിച്ച ധോണി 2011ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് നേടിക്കൊടുത്തു.
2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ഇന്ത്യ സ്വന്തമാക്കി. ധോണിയുടെ നായക മികവിനാപ്പം ഇന്ത്യ അദ്ദേഹത്തിന്റെ ഫിനിഷിങ് മികവിനെയും മിസ് ചെയ്യുന്നു. ധോണി ക്രീസില്‍ നില്‍ക്കുന്നിടത്തോളം എതിരാളികള്‍ക്ക് ജയിക്കുക പ്രയാസമായിരുന്നു. ഫിനിഷറെന്ന നിലയില്‍ ധോണിക്കുണ്ടായിരുന്ന റെക്കോഡ് ലോക ക്രിക്കറ്റില്‍ത്തന്നെ മറ്റാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത തരത്തില്‍ മികച്ചതായിരുന്നു.
വിക്കറ്റിന് പിന്നിലും ധോണിക്ക് എതിരാളികളില്ല. റിഷഭ് പന്ത് ഉണ്ടെങ്കിലും ധോണിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള മികവുണ്ടെന്ന് പറയാനാവില്ല. ധോണിയുടെ പകരക്കാരന്റെ പരമാവധിയാണ് റിഷഭ്. ഇതിനപ്പുറം ധോണിയുടെ പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിക്കില്ലെന്ന് തന്നെ പറയാം. മറ്റൊരാള്‍ യുവരാജ് സിങ്ങാണ്. ഇന്ത്യ ഏറെ നാളായി യുവിയുടെ പകരക്കാരനെ തിരയുകയാണ്. എന്നാല്‍ അതിന് സാധിക്കുന്നില്ല.
പന്തുകൊണ്ടും ബാറ്റുകൊണ്ടും മാത്രമല്ല ഫീല്‍ഡിങ്ങുകൊണ്ടും യുവി ഹീറോയായിരുന്നു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ യുവിയുടെ പ്രകടനമായിരുന്നു നിര്‍ണ്ണായകം. യുവിയുടെ ഓള്‍റൗണ്ട് മികവ് ഇപ്പോഴത്തെ ഐസിസി ട്രോഫികളില്‍ ഇന്ത്യ മിസ് ചെയ്യുന്നുണ്ട്. യുവിയുടെ ഉത്തമ പകരക്കാരനായുള്ള അന്വേഷണം ഇന്ത്യ ഏറെ നാളുകളായി നടത്തുകയാണെങ്കിലും കണ്ടെത്തിയിട്ടില്ല.

ഇനി കണ്ടെത്താനുള്ള സാധ്യതയും വളരെ കുറവാണെന്ന് തന്നെ പറയാം. യുവരാജിനെപ്പോലെ മത്സരത്തെ ഒറ്റക്ക് തിരിക്കാന്‍ ഇപ്പോള്‍ ഇന്ത്യക്കാരുമില്ല. ഹര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറാണെങ്കിലും യുവരാജിനെപ്പോലെ പ്രധാന മത്സരങ്ങളില്‍ ജയിപ്പിച്ച് കപ്പിലേക്കെത്തിക്കാനുള്ള മികവ് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ യുവരാജിന്റെ സീറ്റ് ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. യുവിയുടെ പകരക്കാരനെ കണ്ടെത്തേണ്ടത് ഇന്ത്യയുടെ ഐസിസി ട്രോഫി നേട്ടത്തില്‍ നിര്‍ണ്ണായകമാവും.
സുരേഷ് റെയ്‌നയെപ്പോലൊരു വിശ്വസ്തനായ ഫിനിഷറുടെ അഭാവം ഇന്നത്തെ ടീമിലുണ്ട്. ഇടം കൈയനും സ്പിന്നറും ഫിനിഷറുമായി തിളങ്ങാന്‍ റെയ്‌നയെപ്പോലെ കഴിവുള്ളൊരു താരത്തെ ഇന്ത്യ കണ്ടെത്തേണ്ടതായുണ്ട്. ഐസിസി ടൂര്‍ണമെന്റില്‍ ഇത്തരമൊരു താരത്തെ ഇന്ത്യ മിസ് ചെയ്യുന്നു. മറ്റൊരാള്‍ ഗൗതം ഗംഭീറിനെപ്പോലൊരു ഓപ്പണറാണ്. അണ്ടര്‍ റേറ്റഡ് താരമാണെങ്കിലും ഗംഭീറിന്റെ മികവ് ലോകകപ്പുകളില്‍ ഇന്ത്യ മിസ് ചെയ്യുന്നുണ്ട്.
പകരക്കാരനില്ലാത്ത ഓള്‍ടൈം ലെജന്റ്‌സിനെ പരിശോധിച്ചാല്‍ രാഹുല്‍ ദ്രാവിഡിനെ പറയാം. ദ്രാവിഡിനെപ്പോലെ സ്ഥിരതയോടെ വിശ്വസ്തനായി കളിക്കുന്ന താരത്തെ കണ്ടെത്തുക പ്രയാസം. ചേതേശ്വര്‍ പുജാര ദ്രാവിഡിന്റെ പകരക്കാരനായെത്തി ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോഴും ഏകദിനത്തില്‍ മികവുകാട്ടാനായില്ല. ക്ഷമയോടെ ക്രീസില്‍ നില്‍ക്കാനുള്ള ദ്രാവിഡിന്റെ കഴിവ് അപാരമാണ്.
അതുകൊണ്ടുതന്നെ ദ്രാവിഡിന്റെ ഉത്തമ പകരക്കാരനായി ഇന്ത്യ ഇപ്പോഴും അന്വേഷണത്തിലാണ്. നികത്താനാവാത്ത വിടവാണ് ദ്രാവിഡിന്റേത്. മറ്റൊരു താരം അനില്‍ കുംബ്ലെയാണ്. ബുദ്ധിമാനായ സ്പിന്നറായിരുന്നു കുംബ്ലെ. അദ്ദേഹത്തിന് ശേഷം നിരവധി സ്പിന്നര്‍മാരെത്തിയെങ്കിലും കുംബ്ലെയെപ്പോലെ രണ്ട് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടിയവര്‍ കുറവാണ്. ആര്‍ അശ്വിന്‍ കുംബ്ലെക്ക് ശേഷം ഇന്ത്യ കണ്ടെത്തിയ മികച്ച സ്പിന്നറാണ്. എന്നാല്‍ വിദേശ പിച്ചില്‍ അശ്വിന്റെ സ്ഥാനം പ്ലേയിങ് 11 പുറത്താണ്.
ഇന്ത്യക്ക് ഐസിസി കിരീടത്തിലേക്കെത്താന്‍ കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെയാണ് ആവശ്യം. പന്തെറിയാന്‍ സാധിക്കുന്ന ഒരു പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിലില്ല. 2011ലെ ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സുരേഷ് റെയ്‌ന, യൂസഫ് പഠാന്‍, യുവരാജ് സിങ്, വിരാട് കോലി എന്നിവരെല്ലാം പാര്‍ട്ട് ടൈം സ്പിന്നര്‍മാരായി ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ടീമില്‍ ഇത്തരം ടീമുകളുടെ അഭാവമാണ് ടീമിനെ പ്രതികൂലമായി ബാധിക്കുന്നത്.