ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി വളരെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നാട്ടിലും വിദേശത്തുമെല്ലാം ഈ കാലയളവില്‍ പല അവിസ്മരണീയ വിജയങ്ങളും കൊയ്യാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ രണ്ടു തവണ ടെസ്റ്റ് പരമ്പര വിജയങ്ങള്‍ നേടാനായത് ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നു.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനു ഐസിസി തുടക്കമിട്ട ശേഷം ഇതുവരെ നടന്ന രണ്ടു എഡിഷനുകളിലും ഫൈനലിലെത്താന്‍ സാധിച്ചുവെന്നത് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആധിപത്യമാണ് അടിവരയിടുന്നത്. അതിനിടെ 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഏറ്റലും മികച്ച ടീമിനെ ആരാധകരുമായി പങ്കുവച്ചത്.

ചില വമ്പന്‍ താരങ്ങള്‍ അദ്ദേഹത്തിന്റെ ഇലവനില്‍ നിന്നും തഴയപ്പെട്ടുവെന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ, പ്രമുഖ സ്പിന്നര്‍ ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊന്നും ഓജയുടെ ഇലവനില്‍ ഇടം ലഭിച്ചിട്ടില്ല. എന്നാല്‍ 16 അംഗ സ്‌ക്വാഡില്‍ രോഹിത്തും അശ്വിനും ഉള്‍പ്പെട്ടിട്ടുണ്ട്.
മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയെയാണ് ഓജ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും സംഘത്തിലുണ്ടെങ്കിലും അദ്ദേഹത്തിനു ഓജ ക്യാപ്റ്റന്‍സി നല്‍കിയില്ല. പകരം ഇന്ത്യക്കു ടെസ്റ്റില്‍ ഏറ്റവുമധികം ജയങ്ങള്‍ സമ്മാനിച്ച കോലിയെ നായകനാക്കുകയായിരുന്നു. ധോണിക്കു വിക്കറ്റ് കീപ്പിങ് ചുമതല മാത്രമേയുള്ളൂ.
വെടിക്കെട്ട് ബാറ്റര്‍ വീരേന്ദര്‍ സെവാഗിനെയും ഇടംകൈയനായ ഗൗതം ഗംഭീറിനെയുമാണ് ഓപ്പണര്‍മാരായി ഓജ തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ ഓപ്പണര്‍മാരായിരുന്നു ഇരുവരും. ടീമിനു പലപ്പോഴും മികച്ച തുടക്കങ്ങള്‍ നല്‍കാന്‍ വീരു-ഗംഭീര്‍ കൂട്ടുകെട്ടിനു സാധിച്ചിട്ടുണ്ട്.
ഓജയുടെ ടീമിലെ മൂന്നാമന്‍ മുന്‍ ഇതിഹാസവും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡാണ്. വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം റെഡ് ബോള്‍ ക്രിക്കറ്റില്‍ ടീമിന്റെ ഏറ്റവും വിശ്വസ്തനായിരുന്നു. ഓജ തിരഞ്ഞെടുത്ത ടീമില്‍ ദ്രാവിഡിനു ശേഷം നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക മറ്റൊരു ഇതിഹാസ ബാറ്ററും റെക്കോര്‍ഡുകളുടെ തോഴനുമായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.

ബാറ്റിങില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ കൈവരിച്ച് ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ബാറ്റിങിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്. നിലവില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ നാലാം നമ്പറിലാണ് കളിച്ചുകൊണ്ടിരിക്കുന്നതെങ്കിലും കോലിക്കു അഞ്ചാം നമ്പറാണ് ഓജ നല്‍കിയിരിക്കുന്നത്.
സച്ചിനു ശേഷമാര് എന്ന ഇന്ത്യയുടെ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് കോലി. ടെസ്റ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ ഇതിനകം അദ്ദേഹം തന്റെ പേരിലാക്കിയിട്ടുണ്ട്. കോലിക്കു ശേഷം ആറാമനായി വിവിഎസ് ലക്ഷ്മണും ഏഴാം നമ്പറില്‍ ധോണിയുമാണ്. ദ്രാവിഡിനെപ്പോലെ തന്നെ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ മറ്റൊരു താരമാണ് ലക്ഷ്മണ്‍. ഏകദിനത്തേക്കാള്‍ അദ്ദേഹം മികവ് പുലര്‍ത്തിയതും ഈ ഫോര്‍മാറ്റിലാണ്.
ഓജയുടെ ടീമിലെ ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ മുന്‍ ഇതിഹാസങ്ങളായ അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങുമാണ് സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക. പേസ് ബൗളിങ് കൈകാര്യം ചെയ്യുന്നത് രാജ്യം കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ സഹീര്‍ ഖാനും ഇഷാന്ത് ശര്‍മയും ചേര്‍ന്നാണ്.
ഓജ തിരഞ്ഞെടുത്ത 21ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ടെസ്റ്റ് ടീം
വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി (ക്യാപ്റ്റന്‍), വിവിഎസ് ലക്ഷ്മണ്‍, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്.
സ്റ്റാന്റ്‌ബൈ താരങ്ങള്‍- രോഹിത് ശര്‍മ, ആര്‍ അശ്വിന്‍, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, മുഹമ്മദ് ഷമി