ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടീമാണ് ഇന്ത്യയെങ്കിലും കരീബിയന്‍ മണ്ണില്‍ ഈ സ്ഥാനത്തോടു നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പറയേണ്ടി വരും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യത്തെ രണ്ടു കളികളും തോറ്റ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. പരമ്പര കൈക്കലാക്കാന്‍ ശേഷിച്ച മൂന്നു മല്‍സരങ്ങളും ജയിക്കുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ ഇനി മറ്റു വഴികളില്ല.
ടി20 ഫോര്‍മാറ്റില്‍ ആദ്യമായി ഐസിസി ലോകകപ്പ് അവതരിപ്പിച്ചപ്പോള്‍ അതില്‍ ചാംപ്യന്‍മാരാവാന്‍ ഭാഗ്യമുണ്ടായ ടീം കൂടിയാണ് ഇന്ത്യ. 2007ലായിരുന്നു കുട്ടി ക്രിക്കറ്റിലെ ആദ്യത്തെ രാജാക്കന്‍മാരായി ഇന്ത്യ മാറിയത്. അടുത്തിടെ ടി20യില്‍ മറ്റൊരു നാഴികക്കല്ലും ഇന്ത്യ പിന്നിട്ടിരുന്നു. ടി20യില്‍ 200 മല്‍സരങ്ങള്‍ കളിച്ച രണ്ടാമത്തെ ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യയെ തേടിയെത്തിയത്.

ഇതുവരെ അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയും മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും അതില്‍ ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം. രോഹിത് ശര്‍മയും കെഎല്‍ രാഹുലുമായിരിക്കും ഈ ഇലവന്റെ ഓപ്പണര്‍മാര്‍.
ഈ ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഹിറ്റ്മാന്‍. 31 ശരാശരിയോടെ നാലു സെഞ്ച്വറികളും 29 ഫിഫ്റ്റികളുമടക്കം 3853 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. രാഹുലാവട്ടെ ടി20യില്‍ ഇന്ത്യയുടെ മൂന്നാമത്തെ റണ്‍വേട്ടക്കാരനാണ്. 37 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളും 22 ഫിഫ്റ്റികളുമടക്കം 2265 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ മൂന്ന് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, യുവരാജ് സിങ് എന്നിവരാണുള്ളത്. ലോക ക്രിക്കറ്റില്‍ ടി20യിലെ റണ്‍വേട്ടക്കാരനാണ് കോലി. 52 ശരാശരിയില്‍ 4008 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഒരു സെഞ്ച്വറിയും 37 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ടി20 ലോകകപ്പ് ചരിത്രത്തിലെയും ഓള്‍ടൈം റണ്‍സ്‌കോററും കോലിയാണ്. 25 ഇന്നിങ്‌സുകളില്‍ നിന്നും 14 ഫിഫ്റ്റികളോടെ അദ്ദേഹം അടിച്ചെടുത്തത് 1141 റണ്‍സാണ്.
വളരെ പെട്ടെന്നാണ് സൂര്യ ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററായി ഉയര്‍ന്നുവന്നത്. ഈ ഫോര്‍മാറ്റില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി സ്‌കൈ മാറിക്കഴിഞ്ഞു. 44 ശരാശരിയില്‍ 173 സ്‌ട്രൈക്ക് റേറ്റള്ള സൂര്യ മൂന്നു സെഞ്ച്വറികളും 13 ഫിഫ്റ്റികളും ഇതിനകം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്നയാളാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. രണ്ടു ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ യുവി 29 ശരാശരിയില്‍ 136 സ്‌ട്രൈക്ക് റേറ്റോടെ എട്ടു ഫിഫ്റ്റികളടക്കം നേടിയത് 1177 റണ്‍സാണ്. കൂടാതെ 28 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ഓള്‍ടൈം ടി20 ഇലവനെ നയിക്കുക. കന്നി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം 37 ശരാശരിയില്‍ 1617 റണ്‍സാണ് ടി20യില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്.
ഹാര്‍ദിക് പാണ്ഡ്യയാണ് യുവിയെക്കൂടാതെ ടീമിലെ മറ്റൊരു ഓള്‍റൗണ്ടര്‍. ടി20യില്‍ നിലവില്‍ ഇന്ത്യയുടെ ക്യാപ്റ്റനായ അദ്ദേഹം 141 സ്‌ട്രൈക്ക് റേറ്റോടെ ഈ ഫോര്‍മാറ്റില്‍ 1314 റണ്‍സെടുത്തിട്ടുണ്ട്. കൂടാതെ 73 വിക്കറ്റുകളും നേടി.
ഇലവനിലെ ബൗളര്‍മാര്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരായിരിക്കും. ഇവരില്‍ ഭുവിയൊഴികെ ശേഷിച്ച മൂന്നു പേരും ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമാണ്. ചഹല്‍ ഇന്ത്യക്കായി 95ഉം ഭുവി 90ഉം വിക്കറ്റുകളെടുത്തിട്ടുണ്ട്. ബുംറയാവട്ടെ 70 വിക്കറ്റുകളും നേടി. കുല്‍ദീപ് 28 ഇന്നിങ്‌സുകളില്‍ നിന്നും പിഴുതത് 47 വിക്കറ്റുകളാണ്.