ഐപിഎല്ലില്‍ അഞ്ചാം കിരീടമേറ്റു വാങ്ങി ദിവസങ്ങള്‍ മാത്രം പിന്നിടവെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ശസ്ത്രക്രിയക്കു വിധേയനായി. സാരമായി പരിക്കറ്റ ഇടതു കാല്‍മുട്ടിനാണ് അദ്ദേഹം ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാവുകയും ധോണി ആരോഗ്യവാനായി ഇരിക്കുകയും ചെയ്യുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടു ദിവസം കൂടി അദ്ദേഹത്തിനു ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ ശസ്ത്രക്രിയക്കു ശേഷം ധോണി ഡിസ്ചാര്‍ജ് ആയിരിക്കുകയാണ്.
ശസ്ത്രക്രിയക്കു ശേഷം ഞാന്‍ എംഎസ് ധോണിയുമായി സംസാരിച്ചിരുന്നു. എന്തു ശസ്ത്രക്രിയക്കാണ് അദ്ദേഹം വിധേയനായതെന്നു എനിക്കു വിശദീകരിക്കാന്‍ സാധിക്കില്ല. താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് നടത്തിയതെന്നാണ് ഞങ്ങളോടു പറഞ്ഞിരിക്കുന്നത്. ധോണിയുമായി സംസാരിച്ചപ്പോള്‍ നല്ല സ്ഥിതിയിലാണെന്നു തോന്നിയതായും സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ വച്ചായിരുന്നു എംഎസ് ധോണിയുടെ ശസ്ത്രക്രിയ. ഡോക്ടര്‍ ദിന്‍ഷോ പര്‍ധിവാലയാണ് ഇതിനു നേതൃത്വം നല്‍കിയത്. സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഗദ്ധന്‍ കൂടിയായ പര്‍ധിവാല നേരത്തേ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും ഇതേ ശസ്ത്രക്രിയ നടത്തിയിരുന്നു. ഭാര്യ സാക്ഷിയും ആശുപത്രിയില്‍ ധോണിക്കൊപ്പമുണ്ടായിരുന്നു. മേയ് 31നു ബുധനാഴ്ച വൈകീട്ടോടെയായിരുന്നു ധോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
എംഎസ് ധോണിക്കു എത്ര മാസം വിശ്രമം വേണ്ടി വരുമെന്ന കാര്യം വ്യക്തമായിട്ടില്ല. എങ്കിലും രണ്ടു മാസത്തിനുള്ളില്‍ പൂര്‍വ്വസ്ഥിതിയിലേക്കു മടങ്ങിവരാന്‍ കഴിയാന്‍ സാധിക്കുമെന്നാണ് വിവരം. അതേസമയം, അടുത്ത സീസണിലെ ഐപിഎല്ലില്‍ കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാന്‍ ആഗ്രഹമുണ്ടെന്നു ഇത്തവണ അഞ്ചാം കിരീടം ഏറ്റുവാങ്ങിയതിനു ശേഷം അദ്ദേഹം പറഞ്ഞിരുന്നു. ഈ ഐപിഎല്‍ സീസണിലുടനീളം തന്നെ പിന്തുണച്ച ആരാധകര്‍ക്കു നല്‍കാന്‍ സാധിക്കുന്ന സമ്മാനമായിരിക്കും ഇതെന്നും ധോണി അഭിപ്രായപ്പെട്ടിരുന്നു.
കാല്‍മുട്ടിലെ പരിക്ക് വക വയ്ക്കാതെയാണ് കഴിഞ്ഞ ഐപിഎല്‍ സീസണിലുടനീളം എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കാനിറങ്ങിയത്. മല്‍സരശേഷം പലപ്പോഴും കാലില്‍ ഐസ് പായ്ക്ക് വച്ചായിരുന്നു അദ്ദേഹം കാണപ്പെട്ടിരുന്നത്. പക്ഷെ പരിക്ക് ഇത്ര ഗൗരവമുള്ളതാണെന്നു വ്യക്തമായിരുന്നില്ല.
സീസണിന്റെ തുടക്കത്തില്‍ സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങും ധോണിയുടെ പരിക്കിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. കാല്‍മുട്ടിനു പരിക്കേറ്റതായി ധോണിയുടെ ഗ്രൗണ്ടിലെ ചലനങ്ങളില്‍ നിന്നും കാണാന്‍ സാധിക്കുമെന്നും അതു അദ്ദേഹത്തിനു പലപ്പോഴും കളിക്കിടെ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായും ഫ്‌ളെമിങ് സൂചിപ്പിച്ചിരുന്നു.