ധോണി എങ്ങനെ സാക്ഷിയെ കണ്ടുമുട്ടി? നമ്പര്‍ സംഘടിപ്പിച്ച് ആദ്യം മെസേജ് ചെയ്തത് ധോണി!
ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കു ഏറെ പ്രിയപ്പെട്ട ജോടികളാണ് മുന്‍ നായകനും ഇതിഹാസതാരവുമായ എംഎസ് ധോണിയും ഭാര്യ സാക്ഷി സിങും. ഇന്നു ഇരുവരുടെയും 10ാം വിവാഹ വാര്‍ഷികം കൂടിയാണ്. 2010ല്‍ ഇതേ ദിവസമാണ് ഡെറാഡൂണില്‍ രഹസ്യമായി നടന്ന ചടങ്ങില്‍ ധോണി സാക്ഷിയെ തന്റെ ജീവിതത്തിന്റെ ഇന്നിങ്‌സിലെ പങ്കാളിയാക്കിയത്.
ധോണിയുടെ ആത്മകഥ എംഎസ് ധോണി-ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയെന്ന പേരില്‍ സിനിമയാക്കിയിട്ടുണ്ടെങ്കില്‍ അതിലെ പ്രണയത്തില്‍ നിന്നും കുറച്ചു വ്യത്യസ്തമായിരുന്നു ധോണിയും സാക്ഷിയും തമ്മിലുണ്ടായിരുന്ന യഥാര്‍ഥ പ്രണയം.
വിധിയാണ് ധോണിയുടെയും സാക്ഷിയുടെയും കണ്ടുമുട്ടലിന് ഇടയാക്കിയതെന്നു പറഞ്ഞാലും അതിശയോക്തിയില്ല. കാരണം തികച്ചും അപ്രതീക്ഷിതമായാണ് ഇരുവരും ആദ്യമായി നേരില്‍ കണ്ടതും പിന്നീട് പ്രണയത്തിലായതും.

ആദ്യത്തെ കൂടിക്കാഴ്ച
2007 നവംബര്‍-ഡിസംബറിലാണ് ധോണിയുടെയും സാക്ഷിയുടെയും ജീവിതത്തിലെ വഴിത്തിരിവായി മാറിയ ആ കൂടിക്കാഴ്ച നടന്നത്. ഇതിനു വഴിയൊരുക്കിയതാവട്ടെ ധോണിയുടെ മുന്‍ മാനേജര്‍ കൂടിയായ യുധജിത് ദത്തയായിരുന്നു.
കൊല്‍ക്കത്തയിലെ താജ് ബംഗാള്‍ ഹോട്ടലില്‍ വച്ചായിരുന്നു ധോണിയുടെയും സാക്ഷിയുടെയും ആദ്യം നേര്‍ക്കുനേര്‍ കണ്ടത്. പാകിസ്താനുമായി പരമ്പര കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇന്ത്യന്‍ ടീം. ഇതേ ഹോട്ടലിലാണ് ധോണിയും ടീമംഗങ്ങളും താമസിച്ചത്. ഇവിടെ തന്നെ സാക്ഷിയും ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി തങ്ങുന്നുണ്ടായിരുന്നു.
സാക്ഷിയുടെ സുഹൃത്തായിരുന്നു ധോണിയുടെ മാനേജരായിരുന്ന ദത്ത. ഈ ഹോട്ടലില്‍ ധോണിയെ കാണാനെത്തിയപ്പോഴാണ് ദത്ത സാക്ഷി ഇവിടെയുണ്ടെന്നറിഞ്ഞത്. തുടര്‍ന്ന് സാക്ഷിയെ ദത്ത തനിക്കൊപ്പം കൂട്ടുകയും ധോണിക്കു പരിചയപ്പെടുത്തി കൊടുക്കുകയുമായിരുന്നു.

ധോണി സന്ദേശങ്ങള്‍ അയച്ചു
ഹോട്ടലില്‍ വച്ചുള്ള ധോണിയുടെയും സാക്ഷിയുടെയും കൂടിക്കാഴ്ച അധികനേരം നീണ്ടുനിന്നില്ല. പക്ഷെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ സാക്ഷി ധോണിയുടെ മനം കവര്‍ന്നിരുന്നുവെന്നതായിരുന്നു സത്യം.
സാക്ഷിയെ പിന്നീട് തിരിച്ച് ബന്ധപ്പെട്ടതും ധോണി തന്നെയാണ്. തന്റെ മാനേജരും സാക്ഷിയുടെ സുഹൃത്തുമായിരുന്ന ദത്ത വഴിയായിരുന്നു ഇത്. ദത്തയുടെ പക്കല്‍ നിന്നും സാക്ഷിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ധോണി സന്ദേശമയക്കുകയായിരുന്നു. എന്നാല്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ധോണിയാണ് തനിക്കു സന്ദേശമയച്ചതെന്ന് ആദ്യം സാക്ഷിക്കു വിശ്വസിക്കാന്‍ പോലുമായില്ല. ഇവിടെയായിരുന്നു ഇരുവരുടെയും പ്രണയത്തിന്റെ തുടക്കം.
തൊട്ടടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ ഇരുവരും പ്രണയത്തിലായി. പക്ഷെ ഇത് വളരെ രഹസ്യമായി കാത്തുസൂക്ഷിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. 2008ല്‍ മുംബൈയില്‍ നടന്ന ധോണിയുടെ പിറന്നാള്‍ ആഘോഷത്തില്‍ സാക്ഷിയും പങ്കെടുത്തിരുന്നു. ധോണിയുടെ പേര് പല നടിമാരുമായി ബന്ധപ്പെടുത്തി അക്കാലത്ത് ഗോസിപ്പുകള്‍ വന്നിരുന്നെങ്കിലും ധോണി-സാക്ഷി പ്രണയം പുറംലോകമറിഞ്ഞില്ല.

2010ല്‍ വിവാഹം
രണ്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2010 മാര്‍ച്ച് ജൂലൈ നാലിന് ധോണി സാക്ഷിയെ മിന്നുകെട്ടുകയായിരുന്നു. ഇപ്പോള്‍ അഞ്ചു വയസ്സുകാരിയായ സിവയെന്ന മകളും ധോണിക്കും സാക്ഷിക്കും കൂട്ടായുണ്ട്.
നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോള്‍ ധോണിയെ താന്‍ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചു സാക്ഷി വെളിപ്പെടുത്തിയിരുന്നു. സിനിമകളില്‍ കാണികളെ രസിപ്പിക്കാന്‍ സംവിധായകര്‍ക്കു സര്‍ഗാത്മകമായി പലതും കൂട്ടിച്ചേര്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഒരു പൊതുസുഹൃത്ത് വഴിയാണ് ആദ്യമായി ധോണിയെ പരിചയപ്പെടുന്നത്. താജില്‍ തന്റെ ഇന്റേണ്‍ഷിപ്പിന്റെ അവസാന ദിവസമായിരുന്നു ഈ കൂടിക്കാഴ്ച. വലിയ താരമായിരുന്നിട്ടും ഒട്ടും ജാഡയില്ലാതെയാണ് അദ്ദേഹം പെരുമാറിയത്. ഒരു സാധാരണ വ്യക്തിയായി മാത്രമേ അദ്ദേഹത്തെ കണ്ടപ്പോള്‍ തോന്നിയുള്ളൂവെന്നും സാക്ഷി ലൈവില്‍ പറഞ്ഞിരുന്നു.

ക്രിക്കറ്റിനെക്കുറിച്ച് അറിയില്ലായിരുന്നു
ആ സമയത്ത് ക്രിക്കറ്റിനെ താന്‍ ഫോളോ ചെയ്തിരുന്നില്ലെന്നും സാക്ഷി പറയുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരെക്കുറിച്ചെല്ലാം കേട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ ധോണിയെ അറിയില്ലായിരുന്നു.
ഇന്ത്യന്‍ ടീമില്‍ പര്‍വത ആകാരമുള്ള, ഹള്‍ക്കിനെപ്പോലെയുള്ള മുടി നീട്ടി വളര്‍ത്തിയ ഒരു താരമുണ്ടെന്നു കേട്ടിരുന്നു. തന്റെ അമ്മ അദ്ദേഹത്തിന്റെ ഫാനുമായിരുന്നു. ആദ്യമായി ധോണിയെ നേരില്‍ കണ്ട ശേഷം അമ്മയോട് താന്‍ പറഞ്ഞത് ധോണിക്കു നീട്ടി വളര്‍ത്തിയ മുടി ഇപ്പോഴില്ലെന്നും വെട്ടിയൊതുക്കിയ മുടിയാണെന്നുമായിരുന്നുവെന്നും സാക്ഷി ലൈവില്‍ മനസ്സ് തുറന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications