ഐപിഎല്ലിന്റെ പുതിയ സീസണ് അടുത്ത മാസം നടക്കാനിരിക്കെ എംഎസ് ധോണിയുടെ മടങ്ങിവരവിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. നിലവില്‍ സ്വന്തം നാടായ റാഞ്ചിയില്‍ കുടുംബത്തിനൊപ്പമുള്ള അദ്ദേഹം ഈയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന സിഎസ്കെയുടെ പരിശീലന ക്യാംപില്‍ പങ്കെടുക്കും. അതിനിടെ ധോണിയുടെ ഭാര്യ സാക്ഷി ധോണി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച ഫോട്ടോ ആരാധകരെയാകെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
ധോണിയുടെ മകള്‍ സിവ നവജാത ശിശുവിനെ മടിയിലിരുത്തി താലോലിക്കുന്ന ചില ഫോട്ടാസാണ് സാക്ഷി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത് ആരുടെ കുഞ്ഞായിരിക്കുമെന്നതാണ് എല്ലാവരെയും കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. ചിലരുടെ സംശയം ധോണി വീണ്ടും അച്ഛനായോ എന്നാണ്. മറ്റു ചിലരുടെ അഭിപ്രായം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും ഭാര്യ നതാഷ സ്റ്റാന്‍കോവിച്ചിനും ദിവസങ്ങള്‍ക്കു മുമ്പ് ജനിച്ച ആണ്‍കുഞ്ഞാണ് ഇതെന്നായിരുന്നു.
നിങ്ങള്‍ക്കു ആണ്‍കുട്ടി ജനിച്ചോയെന്നായിരുന്നു ഒരു ആരാധകന് ഫോട്ടോയ്ക്കു താഴെ കമന്റിട്ടത്. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങളെന്നു മറ്റൊരാള്‍ കുറിച്ചു. സാക്ഷിയുടെ ഈ ഫോട്ടോസ് മണിക്കൂറുകള്‍ക്കകം വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. അഞ്ചു ലക്ഷത്തിലധികം പേര് ഇതിനകം ഇവ കണ്ടു കഴിഞ്ഞു. എന്നാല്‍, ഈ കുഞ്ഞ് ആരുടേതാണെന്ന് സാക്ഷി പ്രതികരിച്ചിട്ടുമില്ല.
അതേസമയം, ഒരു വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ നിന്നു മാറിനില്‍ക്കുന്ന ധോണിയുടെ മടങ്ങിവരവിന് വേദിയാവുക ഇത്തവണത്തെ ഐപിഎല്ലായിരിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യക്കു വേണ്ടിയാണ് അദ്ദേഹം അവസാനമായി കളിച്ചത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇത്. സെമിയില്‍ കിവീസിനോടു തോറ്റ് ഇന്ത്യ പുറത്തായ ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുകയായിരുന്നു.
മാര്‍ച്ച് അവസാനമായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. ഇതിനു മുന്നോടിയായി മാര്‍ച്ച് ആദ്യവാരം ചെന്നൈയില്‍ നടന്ന സിഎസ്കെയുടെ പരിശീലന ക്യാംപിനൊപ്പം ധോണി ചേരുകയും ചെയ്തിരുന്നു. നെറ്റ്സില്‍ മിന്നുന്ന പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. എന്നാല്‍ കോവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ഐപിഎല്‍ മാറ്റിവച്ചതോടെ പരിശീലന ക്യാംപ് റദ്ദാക്കുകയും ധോണി നാട്ടിലേക്കു മടങ്ങുകയുമായിരുന്നു.