ധോണിയില്ലാത്ത സിഎസ്‌കെ ഒന്നുമല്ല!! നികത്തുക അസാധ്യം... സമ്മതിച്ച് ഫ്‌ളെമിങ്
ചെന്നൈ: ക്യാപ്റ്റന്‍ എംഎസ് ധോണി തങ്ങള്‍ക്കു എത്രത്തോളം പ്രധാനപ്പെട്ട താരമാണെന്ന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന് ഒരിക്കല്‍ക്കൂടി ബോധ്യമായ മല്‍സരമായിരുന്നു മുംബൈ ഇന്ത്യന്‍സിനെതിരേയുള്ളത്. ധോണിയുടെ അഭാവത്തില്‍ ഇറങ്ങിയ ചാംപ്യന്മാരെ മുംബൈ 46 റണ്‍സിനു തകര്‍ത്തുവിടുകയായിരുന്നു. ധോണിക്കു പകരം ടീമിനെ നയിച്ച സുരേഷ് റെയ്‌ന ഒരിക്കല്‍ക്കൂടി ദയനീയ പരാജയമായി മാറി.
ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ധോണിയില്ലാതെ ഇറങ്ങി സിഎസ്‌കെ നാണംകെട്ടത്. നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തിലും ചാംപ്യന്മാര്‍ക്കു ഇതേ ദുരന്തം നേരിട്ടിരുന്നു. ധോണിയില്ലാത്ത ചെന്നൈ ദുര്‍ബലരാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങും സമ്മതിച്ചു. ധോണിയുണ്ടായ വിടവ് നികത്തുക ടീമിന് ദുഷ്‌കരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മികച്ച നായകനും താരവും
ധോണി വളരെ മികച്ച ക്യാപ്റ്റനും താരവുമാണെന്നു ഫ്‌ളെമിങ് പറഞ്ഞു. ഏറെക്കാലമായി സിഎസ്‌കെയുടെ നട്ടെല്ലാണ് ധോണി. അതുകൊണ്ടു തന്നെ അദ്ദേഹം ഇല്ലാതിരിക്കുമ്പോള്‍ അതു നികത്താന്‍ കഴിയാതെ വരുന്നു. ധോണി വിട്ടുനില്‍ക്കുമ്പോള്‍ വളരെ വലിയൊരു വിടവാണ് സൃഷ്ടിക്കപ്പെടുന്നത്. അത് നികത്തുകയെന്നത് തങ്ങള്‍ക്കു സാധിക്കുന്നുമില്ല. കാരണം അത്രയും വലുതാണ് ധോണിയെന്ന താരത്തിന്റെ അസാന്നിധ്യമെന്നും കോച്ച് വിശദമാക്കി.

ശരാശരിക്കും താഴെ
ഈ സീസണില്‍ ധോണിയില്ലാതെ രണ്ടു മല്‍സരങ്ങളിലാണ് സിഎസ്‌കെ കളിച്ചത്. ഇവയില്‍ ശരാശരിക്കും താഴെയായിരുന്നു ടീമിന്റെ പ്രകടനമെന്നു ഫ്‌ളെമിങ് ചൂണ്ടിക്കാട്ടി. ധോണിയുള്ളപ്പോള്‍ ടീമിനൊരു ആശ്വാസമുണ്ടാവും. സിഎസ്‌കെ ടീമില്‍ അനുഭവസമ്പന്നരായ ഒരു പിടി കളിക്കാരുണ്ട്. പക്ഷെ അവര്‍ക്കൊന്നും ധോണിയില്ലെങ്കില്‍ കുറവ് നികത്താന്‍ കഴിയുന്നില്ലെന്നത് നിരാശാജനകമാണെന്നും ഫ്‌ളെമിങ് പറയുന്നു.

മികച്ച കൂട്ടുകെട്ടുകളില്ല
മുംബൈക്കെതിരായ കളിയില്‍ മികച്ച കൂട്ടുകെട്ടുകളുടെ അഭാവമാണ് സിഎസ്‌കെയുടെ പരാജയത്തിന്റെ മുഖ്യ കാരണമെന്ന് ഫ്‌ളെമിങ് വ്യക്തമാക്കി. മല്‍സരത്തില്‍ സിഎസ്‌കെയ്ക്കു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഇത്തരത്തില്‍ വിക്കറ്റുകള്‍ കൈവിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവും. മറുഭാഗത്ത് മുംബൈക്കു വേണ്ടി രോഹിത് ശര്‍മയും എവിന്‍ ലൂയിസും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് തുണയായതെന്നും കോച്ച് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications