ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഒരു വികാരമായി മാറിയ ജഴ്‌സി നമ്പറാണ് ഏഴ്. ഫുട്‌ബോളില്‍ ഈ നമ്പര്‍ നേരത്തേ തന്നെ പ്രശസ്തമാണെങ്കിലും ക്രിക്കറ്റിലെ ഏഴാം നമ്പറിലെ സ്‌പെഷ്യലാക്കി മാറ്റിയത് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. നേരത്തേ ദേശീയ ടീമിനോടൊപ്പം ഏഴാം നമ്പറില്‍ മിന്നിച്ച അദ്ദേഹം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പവും ഈ നമ്പറില്‍ വിലസുകയാണ്.
യഥാര്‍ഥത്തില്‍ എന്തുകൊണ്ടാണ് ധോണി ഏഴാം നമ്പര്‍ തിരഞ്ഞെടുത്തത്? ഇതിനു പിന്നിലെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തപ്പോഴായിരുന്നു ഏഴാം നമ്പര്‍ ജഴ്‌സിക്കു പിന്നിലെ കഥ ധോണി വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് ഏഴാം നമ്പര്‍ നിങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാവുന്നുയെന്നതായിരുന്നു ചോദ്യം.

ഞാന്‍ ഭൂമിയിലേക്കു വരണമെന്നു എന്റെ മാതാപിതാക്കള്‍ തീരുമാനിച്ച ദിവസമായിരുന്നു അതെന്നായിരുന്നു ധോണിയുടെ മറുപടി. ഞാന്‍ ജൂലൈ ഏഴിനാണ് ജനിച്ചത്. ജൂലൈ ആവട്ടെ ഏഴാമത്തെ മാസവുമാണ്. 81 (1981) ആയിരുന്നു ജനിച്ച വര്‍ഷം. എട്ടില്‍ നിന്നും ഒന്നു കുറച്ചാല്‍ കിട്ടുന്നതും ഏഴ് തന്നെയാണെന്നു ധോണി വ്യക്തമാക്കി.
എന്നെ സംബന്ധിച്ച് ഏഴാം നമ്പര്‍ തിരഞ്ഞെടുക്കുകയെന്നത് വളരെ എഴുപ്പമുള്ള കാര്യമായിരുന്നു. ഏതു ജഴ്‌സി നമ്പര്‍ വേണമെന്നാണ് ആഗ്രഹമെന്നു അവര്‍ അന്നു ചോദിച്ചപ്പോള്‍ ഏഴെന്നു എനിക്കു അനായാസം പറയാന്‍ സാധിച്ചു. ഞാന്‍ ഇക്കാര്യത്തില്‍ ഒരു റിസര്‍ച്ചും നടത്തിയിരുന്നു.
എന്റെ കണ്ടെത്തല്‍ തെറ്റല്ലെങ്കില്‍ എനിക്കു മുമ്പ് ദേശീയ ടീമില്‍ ഏഴാം നമ്പര്‍ ജഴ്‌സി ഉപയോഗിച്ചത് ശ്രീ ഭായ് (ജവഗല്‍ ശ്രീനാഥ്) ആയിരുന്നു. അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഇതെല്ലാ മനസ്സിലാക്കിയ ഞാന്‍ ഏഴാം നമ്പറാണ് ആഗ്രഹിക്കുന്നതെന്നു അറിയിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി.
ഏഴാം നമ്പര്‍ ലഭിച്ചെങ്കില്‍ ബാക്കപ്പായി മറ്റൊരു നമ്പര്‍ കൂടി ഞാന്‍ അന്നു നോക്കിവച്ചിരുന്നു. 22 ആയിരുന്നു ഈ നമ്പര്‍. ഞാന്‍ ഫുട്‌ബോള്‍ കളിച്ചിരുന്ന സമയത്തു സ്ഥിരമായി ലഭിച്ചിരുന്ന നമ്പറായിരുന്നു അത്. അതു എന്റെ ഇഷ്ടത്തിനു ലഭിച്ച നമ്പറായിരുന്നില്ല. 22 എന്ന നമ്പര്‍ അന്ന് എനിക്കു അവര്‍ നല്‍കുകയായിരുന്നു. ഫുട്‌ബോള്‍ കളിക്കാന്‍ തയ്യാറാവുമ്പോഴെല്ലാം എനിക്കു ഇതാണ് സ്ഥിരമായി ലഭിച്ചു കൊണ്ടിരുന്നത്.

നീ 22 ആണ്, ഗോള്‍കീപ്പറാണെന്നും അന്നു എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന ഒരാള്‍ അന്നുണ്ടായിരുന്നു. ഏഴാം നമ്പര്‍ എനിക്കു ഇന്ത്യന്‍ ടീമില്‍ ലഭിച്ചില്ലായിരുന്നെങ്കില്‍ 22 ആയിരിക്കും എന്റെ നമ്പര്‍. പക്ഷെ ആഗ്രഹിച്ച ഏഴാം നമ്പര്‍ തന്നെ ലഭിച്ചതില്‍ ഞാന്‍ ആഹ്ലാദവാനാണ്. അന്നു ഏഴാം നമ്പര്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നതു കൊണ്ട് തനിക്കു അതു ലഭിക്കുകയായിരുന്നുവെന്നും ധോണി വിശദമാക്കി.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ക്യാപ്റ്റന്‍മാരിലൊരാളായാണ് ധോണി തന്റെ ഏഴാംനമ്പര്‍ ജഴ്‌സിയെ ലോക പ്രശസ്തമാക്കിയത്. ലോക ക്രിക്കറ്റില്‍ മറ്റു ക്യാപ്റ്റന്‍മാര്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങള്‍ അദ്ദേഹം കൈവരിക്കുകയും ചെയ്തു.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മൂന്നു വ്യത്യസ്ത ഐസിസി ട്രോഫികള്‍ ഏറ്റുവാങ്ങിയ ക്യാപ്റ്റനെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ്. ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു നായകനും ഇതുവരെ സാധിച്ചിട്ടില്ലാത്ത നേട്ടമാണിത്. 2007ല്‍ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ധോണി 2011ല്‍ ഐസിസി ഏകദിന ലോകകപ്പും 2013ല്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയാണ് ചരിത്രത്തിന്റെ ഭാഗമായത്.