Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹൃദയം തകര്‍ക്കുന്ന ഓര്‍മ, 2019 ലോകകപ്പിലെ റണ്ണൗട്ട് മറക്കില്ല; ഓര്‍മ പങ്കുവെച്ച് ധോണി

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് എംഎസ് ധോണി. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ധോണി നടന്നുകയറിയ റെക്കോഡുകള്‍ അത്ര പെട്ടെന്നൊന്നും ആര്‍ക്കും എത്തിപ്പിടിക്കാനാവാത്തതാണ്. ഇന്ത്യന്‍ ടീമില്‍ നിന്ന് 2020ല്‍ വിരമിച്ച ധോണി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഇപ്പോഴും തുടരുന്നു. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത ഏക നായകനാണ് ധോണി.

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ധോണിയെപ്പോലെ മറ്റാരേയും ആരാധകര്‍ നെഞ്ചേറ്റിയിട്ടില്ല. സച്ചിനെപ്പോലെ തന്നെ ഐതിഹാസികമായ യാത്രയയപ്പ് അര്‍ഹിച്ചിരുന്ന താരമായിരുന്നു ധോണി. എന്നാല്‍ വിരമിക്കല്‍ മത്സരത്തിന് പോലും കാത്ത് നില്‍ക്കാതെ ധോണി പടിയിറങ്ങിയത് ഇന്നും കണ്ണീരോര്‍മയാണ്. ധോണിയുടെ ഇത്തരത്തിലുള്ള പടിയിറക്കത്തിന് കാരണമായത് 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലെ ഇന്ത്യയുടെ തോല്‍വിയായിരുന്നു. അന്ന് ധോണി ഇഞ്ചുകളുടെ വ്യത്യാസത്തില്‍ റണ്ണൗട്ടായപ്പോള്‍ ഇന്ത്യക്ക് സെമിയില്‍ പുറത്താകേണ്ടി വന്നു.

ധോണി ക്രിക്കറ്റ് കരിയറില്‍ അത്രത്തോളം നിരാശനായ മറ്റൊരു സംഭവവും ഇല്ലെന്ന് പറയാം. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷവും തന്റെ ഹൃദയം തകര്‍ക്കുന്ന ഓര്‍മയായി ഈ റണ്ണൗട്ട് തുടരുകയാണെന്ന് ധോണി പറയുകയാണ്. 'അത് വളരെ പ്രയാസമേറിയ നിമിഷമായിരുന്നു. കാരണം ഇത് എന്റെ കരിയറിലെ അവസാന ലോകകപ്പാണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ വിജയം നേടാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഹൃദയം തകര്‍ക്കുന്ന ഓര്‍മയായിരുന്നു അത്.

എന്നാല്‍ മത്സരഫലത്തെ അംഗീകരിച്ച് മുന്നോട്ട് പോകേണ്ടതായുണ്ട്. ആ വിഷമം മാറാന്‍ അല്‍പ്പമേറെ സമയമെടുത്തു. അതിന് ശേഷം ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാത്തതിനാല്‍ ആ സംഭവം മറക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചു. അതൊരു വല്ലാത്ത ഓര്‍മയാണെങ്കിലും അതില്‍ നിന്ന് പുറത്തുവന്ന് മുന്നോട്ട് പോകേണ്ടതായുണ്ട്. കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്ന് കരുതി ഫലം അംഗീകരിക്കുക. എന്നാല്‍ ആ മത്സരം വിജയിക്കേണ്ടതായിരുന്നു' ധോണി പറഞ്ഞു.

ms dhoni

തോല്‍വി അറിയാതെ എത്തിയ ഇന്ത്യക്ക് മുന്നില്‍ 240 എന്ന ചെറിയ വിജയലക്ഷ്യമാണ് ന്യൂസീലന്‍ഡിന് വെക്കാനായത്. എന്നാല്‍ ഇന്ത്യക്ക് അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച നേരിട്ടു. കെ എല്‍ രാഹുല്‍ (1), രോഹിത് ശര്‍മ (1) വിരാട് കോലി (1) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 71ന് 5 എന്ന നിലയിലേക്കെത്തി. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയുടേയും രവീന്ദ്ര ജഡേജയുടേയും എംഎസ് ധോണിയുടേയും ചെറുത്തുനില്‍പ്പില്‍ ഇന്ത്യ വിജയത്തിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ ധോണിയുടെ റണ്ണൗട്ട് കളി മാറ്റി. ഇന്ത്യ 221ല്‍ ഓള്‍ഔട്ടായി. 72 പന്തില്‍ 50 റണ്‍സാണ് ധോണിക്ക് നേടാനായത്. മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ഡയറക്ട് ത്രോയാണ് ധോണിക്ക് മടക്ക ടിക്കറ്റ് നല്‍കിയത്. പന്ത് നേരിട്ടല്ലായിരുന്നു കൊണ്ടിരുന്നതെങ്കില്‍ ധോണി ക്രീസില്‍ എത്തുമായിരുന്നു. അന്ന് ഡൈവ് ചെയ്യാന്‍ തോന്നാതിരുന്നത് ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തുന്നുവെന്നാണ് ധോണി പിന്നീട് പറഞ്ഞത്. എന്തായാലും കപ്പുറപ്പിച്ച ഇന്ത്യയുടെ കുതിപ്പിന് അപ്രതീക്ഷിതമായി തടയിടാന്‍ ന്യൂസീലന്‍ഡിന് സാധിച്ചു.

ഇതിന് ശേഷം വലിയ ഇടവേളയെടുത്താണ് ധോണി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. അത്രത്തോളം ധോണിയെ ആ തോല്‍വി ബാധിച്ചു. ലോകകപ്പ് നേട്ടത്തോടെ വിജയിക്കാന്‍ ധോണി അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സച്ചിന് ലഭിച്ചതുപോലൊരു വലിയ യാത്രയയപ്പ് ധോണിക്ക് ലഭിച്ചേനെ. ഇപ്പോള്‍ വിരമിക്കല്‍ മത്സരത്തിന് പോലും കാത്തുനില്‍ക്കാതെ നീറുന്ന തോല്‍വികളുടെ ഓര്‍മയോടെയാണ് ധോണി ഇന്ത്യന്‍ ടീമിന്റെ പടി ഇറങ്ങിയതെന്നതാണ് നിരാശപ്പെടുത്തുന്ന വസ്തുത. എന്തായാലും ഇന്ത്യന്‍ ടീമിന്റെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളായി ധോണി വാഴ്ത്തപ്പെടുമെന്നുറപ്പ്‌

Story first published: Thursday, August 1, 2024, 12:55 [IST]
Other articles published on Aug 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+