ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരുടെ ലിസ്‌റ്റെടുത്താല്‍ ഇതില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെയും ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെയും നമുക്കു കാണാന്‍ സാധിക്കും. അന്താരാഷ്ര ക്രിക്കറ്റില്‍ ലോകകപ്പിലുള്‍പ്പെടെ പല വമ്പന്‍ വേദികളിലും ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളവരാണ് രണ്ടു പേരും. ബാറ്ററെന്ന നിലയില്‍ ആരാണ് കൂടുതല്‍ കേമന്‍? കുഴപ്പിക്കുന്ന ഈ ചോദ്യത്തിനു ഉത്തരം ഒട്ടും എളുപ്പമല്ല. കണക്കുകളുടെ അടിസ്ഥാനത്തില്‍ ആരാണ് ബെസ്റ്റെന്നു നമുക്കു പരിശോധിക്കാം.
ടെസ്റ്റ് ക്രിക്കറ്റില്‍ മുന്‍തൂക്കമാര്‍ക്ക്
ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നു നോക്കാം. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ രണ്ടു പേര്‍ക്കും അത്ര മികച്ച റെക്കോര്‍ഡില്ലെന്നതാണ് സത്യം. ഒരുപാട് ടെസ്റ്റുകളില്‍ രണ്ടു പേരും കളിക്കുകയും ചെയ്തിട്ടില്ല. ആറ്, ഏഴ് നമ്പറുകളിലായിട്ടാണ് ടെസ്റ്റില്‍ യുവിയും ധോണിയും പലപ്പോഴും കളിച്ചിട്ടുള്ളത്.

യുവിയേക്കാള്‍ 50 ടെസ്റ്റുകള്‍ കൂടുതല്‍ കളിക്കാന്‍ ധോണിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേ 2013ല്‍ നേടിയ 224 റണ്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2014ലെ ഇംഗ്ലണ്ട് പര്യനത്തിലും ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ചവച്ചത്.
കൂടുതല്‍ റണ്‍സ് നേടിയതിനാലും മെച്ചപ്പെട്ട ശരാശരിയുള്ളതിനാലും യുവിയേക്കാള്‍ മികച്ച ടെസ്റ്റ് ബാറ്ററായിട്ടാണ് ധോണി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അങ്ങനെ നോക്കിയാല്‍ ടെസ്റ്റില്‍ യുവിയേക്കാള്‍ മിടുക്കന്‍ ധോണി തന്നെയാണെന്നു പറയാം.
വിജയി- ധോണി
ഐപിഎല്ലില്‍ ആരാണ് ബെസ്റ്റ്
ഐപിഎല്ലില്‍ 2008ലെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടുള്ളവരാണ് ധോണിയും യുവരാജും. 2008ലെ ഐപിഎല്ലില്‍ യുവിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത് ധോണിയാണ്. 2009ലാവട്ടെ യുവിയാണ് കേമന്‍. സീസണില്‍ യുവി 340 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ധോണിയുടെ സമ്പാദ്യം 331 റണ്‍സായിരുന്നു.
2010ലെ ഐപിഎല്ലില്‍ യുവരാജ് വന്‍ ഫ്‌ളോപ്പായി മാറിയപ്പോള്‍ ധോണിയാണ് മിന്നിച്ചത്. 2011ലും മാറ്റമുണ്ടായില്ല. വീണ്ടും യുവിയെ ധോണി കടത്തിവെട്ടി. അസുഖം കാരണം 2012ല്‍ യുവി ടൂര്‍ണമെന്റില്‍ കളിച്ചില്ല. 2013ല്‍ അദ്ദേഹം തിരിച്ചെത്തിയെങ്കിലും ബാറ്റിങില്‍ കൂടുതല്‍ മികച്ചുനിന്നത് ധോണിയായിരുന്നു. 2014ല്‍ യുവി ശക്തമായ തിരിച്ചുവരവ് നടത്തി. 13 ഇന്നിങ്‌സുകളില്‍ നിന്നും 376 റണ്‍സ് നേടിയ അദ്ദേഹം ധോണിയെ പിന്തള്ളി.
2015ലെ ഐപിഎല്ലില്‍ ധോണിയുടെ ഊഴമായിരുന്നു. 2016, 17 സീസണുകളില്‍ യുവരാജാണ് കൂടുതല്‍ മെച്ചപ്പെട്ട ഇന്നിങ്‌സുകള്‍ കളിച്ചത്. 2018ലെ ഐപിഎല്‍ ധോണിയെ സംബന്ധിച്ച് ഏറ്റവും മികച്ചതായിരുന്നെങ്കില്‍ യുവിക്കു ഏറ്റവും മോശവുമായി മാറി. 2019ലും ധോണിയാണ് ബാറ്റിങില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തിയത്. 2019നു ശേഷം യുവി ഐപിഎല്ലില്‍ കളിക്കുകയും ചെയ്തിട്ടില്ല.
വിജയി - ധോണി
(ധോണി 7- യുവരാജ് 4)

ടി20 ക്രിക്കറ്റ്
അന്താരാഷ്ര ടി20യില്‍ ധോണിയേക്കാള്‍ മികച്ച ബാറ്റര്‍ യുവരാജ് തന്നെയായിരുന്നുവെന്നു നിസംശയം പറയാം. ഇന്ത്യക്കൊപ്പം ടി20യില്‍ 98 മല്‍സരങ്ങളില്‍ കളിച്ച ധോണി ഒരിക്കല്‍പ്പോലും പ്ലെയര്‍ ഓഫി ദി മാച്ചായിട്ടില്ല. എന്നാല്‍ ഒമ്പതു തവണ ഈ പുരസ്‌കാരം യുവിയെ തേടിയെത്തിയിട്ടുണ്ട്.
2007ലെ ടി20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ 70, ഇംഗ്ലണ്ടിനെതിരേ ഒരോവറിലെ ആറു സിക്‌സടക്കം 58, ഓസീസിനെതിരേ 77*, ശ്രീലങ്കയ്‌ക്കെതിരേ 60*, പാകിസ്താനെതിരേ 72, ഓസീസിനെതിരേ 60 തുടങ്ങി മികച്ച പല ഇന്നിങ്‌സുകളും യുവി കളിക്കുകയും ചെയ്തു.
വിജയി- യുവരാജ്.
ഏകദിന ക്രിക്കറ്റ്
ഏകദിനത്തില്‍ ധോണിയും യുവരാജും ഒരുമിച്ച് കളിച്ചിട്ടുള്ള മല്‍സരങ്ങളെടുക്കാം. 2005 മുതല്‍ 11 വരെ ധോണി 196 മല്‍സരങ്ങളിലായി 48.48 ശരാശരിയില്‍ 6497 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏഴു സെഞ്ച്വറിയും 43 ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. 15 പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
യുവരാജാവട്ടെ 194 മല്‍സരങ്ങളിലാണ് കളിച്ചത്. 41.79 ശരാശരിയില്‍ 6394 റണ്‍സും നേടി. 12 സെഞ്ച്വറികളും 37 ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. 20 പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളും അദ്ദേഹം കൈക്കാലാക്കി. ഇവരില്‍ വിജയിയെ തിരഞ്ഞെടുക്കുക കടുപ്പമാണെങ്കിലും 2006ല്‍ തുടര്‍ച്ചയായി മൂന്നു പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും 2011ലെ ലോകകപ്പിലെ സ്ഥിരതയും പരിഗണിക്കുമ്പോള്‍ യുവിക്കാണ് മുന്‍തൂക്കം.
വിജയി- യുവരാജ്.