റെയ്‌ന അനുസരിച്ചില്ല, ഒടുവില്‍ ധോണിയുടെ നിയന്ത്രണം വിട്ടു!- വെളിപ്പെടുത്തി ആര്‍പി സിങ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി ഒരിക്കല്‍ സുരേഷ് റെയ്‌നയ്‌ക്കെതിരേ ചൂടായ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പേസര്‍ ആര്‍പി സിങ്. ക്യാപ്റ്റന്‍ കൂളെന്നു വിശേഷിപ്പിക്കപ്പെടുന്ന ധോണിയെ വളരെ അപൂര്‍വ്വമായി മാത്രമേ രോഷാകുലനായി ക്രിക്കറ്റ് പ്രേമികള്‍ കണ്ടിട്ടുണ്ടാവൂ.
ആഗസ്റ്റ് 15നായിരുന്നു ആരാധകരെ നിരാശരാക്കിക്കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ധോണി ലോകത്തെ അറിയിച്ചത്. തൊട്ടുപിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരവും അടുത്ത കൂട്ടുകാരനുമായ റെയ്‌നയും കളി മതിയാക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

ശ്രീലങ്കയ്‌ക്കെതിരായ മല്‍സരം
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒരു മല്‍സരത്തിലെ സംഭവമാണ് ധോണിയുടെ സുഹൃത്ത് കൂടിയായ ആര്‍പി ഓര്‍ത്തെടുത്തത്. കളിയില്‍ ധോണിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. റെയ്‌നയും ടീമിന്റെ ഭാഗമായിരുന്നു.
മല്‍സത്തില്‍ കവര്‍ പൊസിഷനിലായിരുന്നു റെയ്‌ന ഫീല്‍ഡ് ചെയ്തിരുന്നത്.
എന്നാല്‍ ലങ്കന്‍ താരങ്ങള്‍ ഷോട്ട് കളിക്കവെ റെയ്‌ന തന്റെ പൊസിഷനില്‍ നിന്നും തുടര്‍ച്ചയായി മുന്നോട്ട് കയറി വന്നു കൊണ്ടിരുന്നത് ധോണിയെ അതൃപ്തനാക്കി. തുടര്‍ന്ന് ഇത് ആവര്‍ത്തിക്കരുതെന്ന് റെയ്‌നയ്ക്കു അദ്ദേഹം മുന്നറിയിപ്പും നല്‍കിയതായി ആര്‍പി വിശദമാക്കി.

റെയ്‌ന പന്ത് മിസ്സാക്കി
ധോണിയുടെ ഈ മുന്നറിയിപ്പ് വക വയ്ക്കാതെ റെയ്‌ന വീണ്ടും വീണ്ടും തന്റെ പൊസിഷനില്‍ മുന്നോട്ട് കയറി ഫീല്‍ഡ് ചെയ്യുന്നത് തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഇത്തരത്തില്‍ ഫീല്‍ഡ് ചെയ്യവെ ഒരു പന്ത് റെയ്‌നയില്‍ നിന്നും മിസ്സായി. ഇതാടെയാണ് കുപിതനായ ധോണി റെയ്‌നയോട് പിറകിലേക്കു പോവാനും തന്റെ നിര്‍ദേശം അനുസരിക്കാനും ആവശ്യപ്പെട്ടത്. താന്‍ ആവശ്യപ്പെടുന്നത് ടീമില്‍ നിന്നും ലഭിച്ചില്ലെങ്കില്‍ അത് വേണമെന്ന് ധോണി ആവശ്യപ്പെടുക തന്നെ ചെയ്യും. അതില്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ല. എന്നാല്‍ ഇതിനു വേണ്ടി ശബ്ദമുയര്‍ത്തി സംസാരിക്കുകയോ, അലറുകയോ ചെയ്യുന്നത് കാണാന്‍ കഴിയില്ല. എങ്കിലും തന്നെ അനുസരിച്ചില്ലെങ്കില്‍ ധോണിക്കും കോപം വരാറുണ്ടെന്ന് ആര്‍പി വെളിപ്പെടുത്തി.

ധോണിയെ ആദ്യമായി കാണുന്നത്
ദിയോധര്‍ ട്രോഫിയില്‍ കളിക്കവെയാണ് ധോണിയെ ആദ്യമായി നേരില്‍ കാണുന്നത്. ഈസ്റ്റ് സോണിന്റെ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നില്ലെങ്കിലും അദ്ദേഹം അവര്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ബെംഗളൂരുവിലെ ഒരു ക്യാംപില്‍ വച്ചും ഞങ്ങള്‍ കണ്ടുമുട്ടി. ധോണിയെക്കുറിച്ച് അപ്പോള്‍ താന്‍ ഏറെ കേട്ടിയിരുന്നു. കാരണം ബിഹാറിലും യുപിയിലുമെല്ലാം നടക്കുന്ന പല ചെറിയ ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം നടത്തി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗ്വാളിയോറില്‍ ആദ്യമായി നേരില്‍ കാണുമ്പോഴേക്കും ധോണി അറിയപ്പെടുന്ന താരമായി മാറിയിരുന്നുവെന്നും ആര്‍പി വിശദമാക്കി.

ഒതുങ്ങിക്കൂടുന്ന പ്രകൃതം
വളരെ ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു അന്നു മുതല്‍ ധോണിക്ക്. വളരെ കുറച്ചു സുഹൃത്തുക്കള്‍ മാത്രമുണ്ടായിരുന്ന അദ്ദേഹം അവര്‍ക്കു ചുറ്റും മാത്രമേ ഉണ്ടാവുകയുള്ളൂ. അതില്‍ ധോണി സന്തോഷവാനുമായിരുന്നു. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുമൊന്നും ധോണിയെ അസ്വസ്ഥനാക്കിയിരുന്നില്ല. കാരണം സ്വന്തം വീട്ടില്‍, വീഡിയോ ഗെയിം കളിക്കുകയോ മറ്റോ ചെയ്ത് തന്റേതായ ലോകത്ത് ഒതുങ്ങിക്കൂടുന്നയാളാണ് അദ്ദേഹം. വളരെ അന്തര്‍മുഖനായിരുന്നു ധോണി. ഒരുപാട് സുഹൃത്തുക്കള്‍ വേണമെന്നൊന്നും അദ്ദേഹം വിശ്വസിച്ചിരുന്നില്ലെന്നും ആര്‍പി പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications