ഏതു പ്രശ്നത്തിനും ധോണിയെ സമീപിക്കും, പക്ഷെ പൂര്‍ണമായ പരിഹാരം കിട്ടില്ല!!- കാരണം പറഞ്ഞ് പന്ത്
ദില്ലി: ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പറും മുന്‍ ഇതിഹാസ നായകനുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് യുവ താരം റിഷഭ് പന്ത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന പന്തിനെ വളരെ മുമ്പ് തന്നെ സെലക്ടര്‍മാര്‍ നോട്ടമിട്ടു വയ്ക്കുകയും ചെയ്തിരുന്നു. ഇതിനകം മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി അരങ്ങേറിയ പന്തിന് പക്ഷെ ഇപ്പോഴും തന്നിലര്‍പ്പിച്ച വിശ്വാസത്തോടു പൂര്‍ണമായി നീതി പുലര്‍ത്താനായിട്ടില്ല.
വിക്കറ്റ് കീപ്പിങില്‍ ഇടയ്ക്കിടെ ചില പിഴവുകള്‍ വരുത്താറുള്ള പന്ത് ബാറ്റിങിലും സ്ഥിരത നിലനിര്‍ത്താന്‍ പാടുപെടുകയാണ്. പക്ഷെ വെറും 22 വയസ്സ് മാത്രമുള്ള പന്തിന് മുന്നില്‍ വലിയൊരു കരിയര്‍ തന്നെയുണ്ടെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്.
ധോണി ഇപ്പോള്‍ തനിക്കു ഗുരുതുല്യനാണെന്നും എന്തു പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും താന്‍ സമീപിക്കുന്നത് അദ്ദേഹത്തെയാണെന്നും പന്ത് വ്യക്തമാക്കി. ടീമിലെത്തിയതു മുതല്‍ ധോണി നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയാണ് തന്റെ കരുത്തെന്നും യുവതാരം പറയുന്നു. കരിയറിലെ മോശം സമയത്തെല്ലാം ധോണി നല്‍കിയ പിന്തുണയും ആത്മവിശ്വാസവും വളരെ വലുതാണെന്നും പന്ത് വ്യക്തമാക്കി.

കളിക്കളത്തിന് അകത്തും പുറത്തും ധോണി തനിക്കു ഉപദേശകനെപ്പോലെയാണ്. ഏതു പ്രശ്‌നത്തിനും, എപ്പോള്‍ വേണമെങ്കിലും തനിക്കു അദ്ദേഹത്തെ സമീപിക്കാം. എന്നാല്‍ എന്തു പ്രശ്‌നമായാലും അതിനൊരു പൂര്‍ണമായ പരിഹാരം ധോണിയില്‍ നിന്നു ലഭിക്കാറില്ലെന്നും പന്ത് വെളിപ്പെടുത്തി.
ഐപിഎല്ലില്‍ തന്റെ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്‍സ്റ്റഗ്രാ വീഡിയോയിലാണ് ധോണിയെക്കുറിച്ച് പന്ത് മനസ്സ് തുറന്നത്.

ഒരു പ്രശ്‌നത്തില്‍ നിന്നു പുറത്തു കടക്കാനുള്ള വഴി മാത്രമേ ധോണി പറഞ്ഞു തരൂ. അല്ലാതെ പൂര്‍ണമായി അതെങ്ങനെ പരിഹരിക്കാമെന്നു അദ്ദേഹം വിശദീകരിക്കില്ല. ധോണിയുടെ ഈ രീതി തനിക്കു കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായും സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കാന്‍ പ്രേരിപ്പിക്കാറുണ്ടെന്നും പന്ത് വ്യക്തമാക്കി.
ധോണിയെ താന്‍ പൂര്‍ണമായി ആശ്രയിച്ചു കഴിയരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഒരു സംശയത്തിനും അദ്ദേഹം പൂര്‍ണമായ പരിഹാരം നിര്‍ദേശിക്കാത്തത്. ധോണി നല്‍കുന്ന ചില സൂചനകള്‍ പ്രശ്‌നം പരിഹരിക്കാന്‍ തന്നെ സഹായിക്കുന്നതായും പന്ത് കൂട്ടിച്ചേര്‍ത്തു.

ധോണിയാണ് തനിക്കു പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയെന്നും പന്ത് വെളിപ്പെടുത്തി. ധോണിക്കൊപ്പം ബാറ്റ് ചെയ്യാന്‍ വളരെ ഇഷ്ടമാണ്. എന്നാല്‍ ഇത് എല്ലായ്‌പ്പോഴും സംഭവിക്കുന്ന കാര്യമല്ല. മഹി ഭായ് ക്രീസിലുണ്ടങ്കില്‍ ഏതു വെല്ലുവിളിയും മറികടക്കാം.
കൃത്യമായൊരു പ്ലാനിങ് ധോണിക്കുണ്ടാവും. അതു പിന്തുടരുക മാത്രമേ മറ്റുള്ളവര്‍ ചെയ്യേണ്ടതുള്ളൂ. ധോണിയെക്കൂടാതെ ആദം ഗില്‍ക്രിസ്റ്റാണ് താന്‍ മാതൃകയാക്കുന്ന മറ്റൊരു താരം. രണ്ടു പേരുടെയും പ്രകടനങ്ങള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ട്. ആരാധനാപാത്രങ്ങൡ നിന്നും പലതും പഠിച്ചെടുക്കാന്‍ കഴിയും. പക്ഷെ അവരെ കോപ്പിയടിക്കാന്‍ പാടില്ല. സ്വന്തമായൊരു ശൈലി വളര്‍ത്തിയെടുക്കേണ്ടത് വളരെ പ്രധാനമാണെന്നും പന്ത് വിശദമാക്കി.

ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലാണ് പന്ത് ജനിച്ചത്. കരിയറിന്റെ തുടക്കകാലത്ത് താന്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടിരുന്നതായി താരം വെളിപ്പെടുത്തി. ഉത്തരാഖണ്ഡില്‍ ക്രിക്കറ്റ് കുറവായതിനാല്‍ ബസ് മാര്‍ഗം ദില്ലിയിലെത്തിയാണ് പരിശീലനം നടത്തിയിരുന്നത്. ആറു മണിക്കൂറോളം നീളുന്നതായിരുന്നു ബസ് യാത്ര. ദില്ലിയിലെത്തിയാല്‍ മോത്തിബാഗിലെ ഗുരുധ്വാരയിലാണ് അമ്മയോടൊപ്പം രാത്രി കഴിഞ്ഞിരുന്നത്.
അമ്മ അവിടെ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. അമ്മയുടെ പ്രവര്‍ത്തികള്‍ക്കു തനിക്കു ദൈവാനുഗ്രഹമുണ്ടാവുമെന്ന് താന്‍ അന്നു ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു. ഈ അനുഗ്രഹം തന്നെയാണ് ക്രിക്കറ്റ് യാത്രയില്‍ തന്നെ സഹായിച്ചതെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications