അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് കാഴ്ചവെക്കുന്നത്. ആറ് മത്സരം കളിച്ചതില്‍ നാലിലും തോറ്റ സിഎസ്‌കെ അവസാന മത്സരത്തില്‍ കെകെആറിനോട് 10 റണ്‍സിനും തോല്‍വി ഏറ്റുവാങ്ങി. കെകെആര്‍ മുന്നോട്ടുവെച്ച 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിഎസ്‌കെ 13.1 ഓവറില്‍ 3 വിക്കറ്റിന് 101 എന്ന മികച്ച നിലയില്‍ നിന്നാണ് തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്. മധ്യനിരയില്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതാണ് ടീമിന് തിരിച്ചടിയായത്. ഇപ്പോഴിതാ സിഎസ്‌കെയുടെ തോല്‍വിയെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ക്രിസ് ശ്രീകാന്ത്. കേദാര്‍ ജാദവിന്റെ ബാറ്റിങ്ങിനെയും ഡ്വെയ്ന്‍ ബ്രാവോയെ ബാറ്റിങ്ങിന് ഇറക്കാത്തതിനെയുമാണ് ശ്രീകാന്ത് വിമര്‍ശിച്ചിരിക്കുന്നത്. 'എന്റെ ദൈവമേ,വിശ്വസിക്കാനാവുന്നില്ല.എവിടെയാണ് ബ്രാവോ?'എന്നാണ് ട്വിറ്ററിലൂടെ അദ്ദേഹം ചോദിച്ചത്.
കെകെആറിന്റെ ബൗളിങ്ങിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഡെത്ത് ഓവറില്‍ സുനില്‍ നരെയ്‌നും ആന്‍ഡ്രേ റസലും നന്നായി പന്തെറിഞ്ഞെന്നും അദ്ദേഹം കുറിച്ചു. മത്സരത്തില്‍ വിജയത്തിനോടടുത്ത സിഎസ്‌കെയെ തോല്‍പ്പിച്ചത് കേദാര്‍ ജാദവിന്റെ മെല്ലപ്പോക്കാണ്. സീസണില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ സാധിക്കാത്ത ജാദവ് 12 പന്തില്‍ നേടിയത് വെറും 7 റണ്‍സ്. അതും അവസാന ഓവറുകളുടെ സമയത്ത്. ദുരന്തമായി മാറിയ ജാദവിന്റെ ബാറ്റിങ്ങാണ് സിഎസ്‌കെയ്ക്ക് ജയം നിഷേധിച്ചത്. രവീന്ദ്ര ജഡേജ അവസാന ഓവറില്‍ ഉള്‍പ്പെടെ വിജയത്തിനായി കഠിനമായി പരിശ്രമിച്ചെങ്കിലും പന്തുകള്‍ ജാദവ് നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനമാണ് സിഎസ്‌കെയ്‌ക്കെതിരേ ഉയരുന്നത്. മൂന്ന് തവണ കിരീടം ചൂടിയിട്ടുള്ള സിഎസ്‌കെയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രകടനമാണ് ഉണ്ടാകുന്നത്.

ബാറ്റിങ് ഓഡറില്‍ അനാവശ്യമായി മാറ്റങ്ങള്‍ വരുത്തുന്നത് ടീമിനെ പ്രതിസന്ധിയിലാക്കുന്നു. നാലാം നമ്പറില്‍ ധോണി മടങ്ങിയെത്തിയെങ്കിലും അവസരത്തിനൊത്ത് ഉയരാനായില്ല. ടീം ഇത്രയും പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് ഡ്വെയ്ന്‍ ബ്രാവോയെ മറികടന്ന് കേദാര്‍ ജാദവും സാം കറാനും ബാറ്റ് ചെയ്യാനെത്തിയത് സിഎസ്‌കെയുടെ പദ്ധതികളുടെ പാളിച്ച തന്നെയാണ്. മികച്ച ഫോമിലുള്ള ജഡേജയെ ജാദവിന് പകരം പരിഗണിച്ചിരുന്നെങ്കിലും മത്സരഫലം മാറിയേനെ. മോശം ഫോമിലാണെന്നറിഞ്ഞിട്ടും അമിതമായി ജാദവില്‍ വിശ്വാസം അര്‍പ്പിച്ചതാണ് ടീമിന് തിരിച്ചടിയായത്. ഇര്‍ഫാന്‍ പത്താന്‍,വീരേന്ദര്‍ സെവാഗ്,ഗൗതം ഗംഭീര്‍ തുടങ്ങിയവരെല്ലാം സിഎസ്‌കെയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ചിരുന്നു.