Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

42ാം ജന്മദിനത്തില്‍ 52 അടി കട്ടൗട്ട്, ആഘോഷമാക്കി ധോണി ആരാധകര്‍! ചിത്രങ്ങള്‍ വൈറല്‍

റാഞ്ചി: ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ 42ാം ജന്മദിനമാണിന്ന്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണി ഇപ്പോഴും ഐപിഎല്ലില്‍ കളി തുടരുന്നു. ഇന്ത്യന്‍ ആരാധകര്‍ക്ക് ധോണി ക്യാപ്റ്റന്‍ കൂളാണെങ്കില്‍ സിഎസ്‌കെ ആരാധകര്‍ക്ക് ധോണി 'തല' യാണ്. കാലമെത്ര കഴിഞ്ഞാലും ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടത്തിലെ ധോണിയെന്ന അധ്യായം വേറിട്ട വഴിയായി നിലനില്‍ക്കും. ആരും ചിന്തിക്കാത്തത് വിജയകരമായി ചെയ്യാന്‍ ധോണിക്കുള്ള മിടുക്ക് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചാണ് ധോണി പടിയിറങ്ങിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ആരാധകരെ സ്വാധീനിക്കാന്‍ ധോണിയെപ്പോലെ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ധോണിയുടെ ജന്മദിനം ആരാധകര്‍ ആഘോഷമാക്കുകയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ധോണി ആരാധകരെല്ലാം ഓരോ തരത്തിലാണ് തങ്ങളുടെ സൂപ്പര്‍ ഹീറോയുടെ ജന്മദിനം ആഘോഷമാക്കുന്നത്.

ഇപ്പോഴിതാ ധോണിയുടെ ജന്മദിനം ആഘോഷിച്ച് ഹൈദരാബാദ് ആരാധകര്‍ വൈറലായിരിക്കുകയാണ്. ധോണിയുടെ 42ാം ജന്മദിനത്തില്‍ 52 അടി കട്ടൗട്ട് വെച്ചാണ് ആരാധകര്‍ അദ്ദേഹത്തോടുള്ള സ്‌നേഹം അറിയിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യന്‍ ജഴ്‌സിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ധോണിയുടെ കട്ടൗട്ടാണ് ആരാധകര്‍ ഉയര്‍ത്തിയത്. വളരെ കഷ്ടപ്പെട്ടാണ് ആരാധകര്‍ ഈ കട്ടൗട്ട് ഉയര്‍ത്തിയിരിക്കുന്നത്.

ഇത്രയും ഉയരത്തില്‍ കട്ടൗട്ട് വെക്കുകയെന്നത് വളരെ പ്രയാസമാണ്. എന്നാല്‍ ധോണിയോടുള്ള ആരാധനക്ക് മുന്നില്‍ ഈ പ്രയാസങ്ങളെല്ലാം അവര്‍ മറികടന്നു. തമിഴ്‌നാട്ടില്‍ സിഎസ്‌കെ ജഴ്‌സിയിലുള്ള ധോണിയുടെ കട്ടൗട്ടും ആരാധകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. എന്നാല്‍ ഹൈദരാബാദിലെ കൂറ്റന്‍ കട്ടൗട്ടിനാണ് കൂടുതല്‍ ശ്രദ്ധ നേടാനായത്. ധോണിയുടെ ഫാന്‍ ഗ്രൂപ്പുകളിലെല്ലാം ഇതിന്റെ ചിത്രങ്ങള്‍ തംരഗമായിക്കഴിഞ്ഞു.

ms dhoni

ഇന്ത്യന്‍ ആരാധകര്‍ക്കും സിഎസ്‌കെ ആരാധകര്‍ക്കും ധോണി അതുല്യനായ താരമാണ്. കേവലം താരമെന്നതിലുപരിയായി അദ്ദേഹം വികാരമായതിനാല്‍ത്തന്നെ ആരാധകര്‍ ധോണിയുടെ കട്ടൗട്ടില്‍ പാലഭിഷേകം വരെ നടത്തുന്നു. ഇന്ത്യന്‍ ജഴ്‌സിയൂരിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധക പിന്തുണയില്‍ കുറവുണ്ടായിട്ടില്ല. ധോണിയെക്കാള്‍ മികച്ച നായകനേയും ബാറ്റ്‌സ്മാനെയും വിക്കറ്റ് കീപ്പറേയും ചിലപ്പോള്‍ കാണാനായേക്കും.

എന്നാല്‍ മികച്ച ക്യാപ്റ്റനും മികച്ച ബാറ്റ്‌സ്മാനും മികച്ച വിക്കറ്റ് കീപ്പറുമായി ഒരേയൊരാളെ ഈ ലോകത്തുള്ളൂ, അത് ധോണിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ധോണിയുടെ ജന്മദിനത്തില്‍ ഒട്ടുമിക്ക പ്രമുഖരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, വീരേന്ദര്‍ സെവാഗ് എന്നിവരെല്ലാം ധോണിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. 2013ല്‍ ധോണിക്ക് കീഴിലാണ് ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയത്. ഇതിന് ശേഷം ഒരിക്കല്‍ പോലും ഐസിസി കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ല.

ഇതില്‍ നിന്ന് തന്നെ ധോണിയെന്ന നായകന്റെ മികവ് എത്രത്തോളമെന്ന് കാണാനാവും. അടുത്ത ഐപിഎല്‍ സീസണോടെ ധോണി ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചേക്കും. ഇന്ത്യന്‍ ക്രിക്കറ്റിനൊപ്പം ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും വിരമിക്കല്‍ മത്സരം അദ്ദേഹത്തിന് ലഭിച്ചില്ല. 2019ലെ ഏകദിന ലോകകപ്പിന് ശേഷം കോവിഡ് മഹാമാരിയുടെ പ്രയാസങ്ങളെത്തുടര്‍ന്നാണ് അദ്ദേഹത്തിന് വിരമിക്കല്‍ മത്സരം ലഭിക്കാതെ പോയത്.

ഐപിഎല്ലില്‍ നിന്ന് ധോണിയുടെ പടിയിറക്കം രാജകീയമായിരിക്കുമെന്നുറപ്പ്. ചെന്നൈയില്‍ കളിച്ച് വിടപറയാനാണ് ധോണി ആഗ്രഹിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്. വിരമിച്ചാലും ആരാധക മനസില്‍ ധോണിയോടുള്ള സ്‌നേഹത്തിന് ഒട്ടും കുറവുവരില്ലെന്ന് നിസംശയം പറയാം. ധോണി എക്കാലവും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ വികാരമായി തുടരുമെന്നുറപ്പ്.

Story first published: Friday, July 7, 2023, 15:34 [IST]
Other articles published on Jul 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+