ഇന്ത്യ ക്രിക്കറ്റില്‍ ഒരുപാട് പ്രതിഭാശാലികളായ താരങ്ങളുണ്ടായിട്ടുണ്ടെങ്കിലും അവരില്‍ കുറച്ചു പേര്‍ക്കു മാത്രമേ പ്രതീക്ഷിച്ച ഉയരങ്ങളില്‍ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇക്കൂട്ടത്തില്‍ പെടുത്താവുന്നയാളാണ് ബംഗാളില്‍ നിന്നുള്ള മുന്‍ മധ്യനിര ബാറ്റര്‍ മനോജ് തിവാരി. ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി കുറിച്ചിട്ടും പിന്നീട് മതിയായ അവസരങ്ങളില്ലാതെ കരിയര്‍ തകര്‍ന്ന താരമാണ് അദ്ദേഹം.
ദേശീയ ടീമിനായി വെറും 12 ഏകദിനങ്ങളും മൂന്നു ടി20കളും കളിക്കാനുള്ള ഭാഗ്യം മാത്രമേ തിവാരിക്കുണ്ടായുള്ളൂ. ഇത്രയു മല്‍സരങ്ങള്‍ അദ്ദേഹം കളിച്ചതാവട്ടെ ഏഴു വര്‍ഷങ്ങള്‍ക്കിടെയാണെതാണ് ആശ്ചര്യപ്പെടുത്തുന്ന താരം.
ഏകദിനത്തില്‍ സെഞ്ച്വറി നേടിയ ശേഷം തൊട്ടടുത്ത കളിയില്‍ തന്നെ ഇലവനില്‍ സ്ഥാനം നഷ്ടമായ നിര്‍ഭാഗ്യവാനാണ് തിവാരി. ആ സയമയത്തെ ഇന്ത്യന്‍ നായകനായ എംഎസ് ധോണിയില്‍ നിന്നും തനിക്കു വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും വീരേന്ദര്‍ സെവാഗുള്‍പ്പെടെ മറ്റുള്ള സീനിയര്‍ കളിക്കാരെല്ലാം ഏറെ പിന്തുണച്ചിരുന്നതായും വെളിപ്പെടുത്തിയിരിക്കുകയാണ് തിവാരി.

വീരുവിന്റെ പിന്തുണ
ഇന്ത്യന്‍ ടീമിന്റെ ഭാഗമായപ്പോള്‍ വീരേന്ദര്‍ സെവാഗില്‍ നിന്നും എനിക്കു പിന്തുണ ലഭിച്ചിരുന്നു. വീരു പാജിയാണ് എന്നെ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുള്ള വ്യക്തികളില്‍ ഒരാളെന്നു ഞാന്‍ എല്ലായ്‌പ്പോഴും പറയുകയും ചെയ്തിട്ടുള്ളതാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിനത്തിലായിരുന്നു എന്റെ സെഞ്ച്വറി നേട്ടം. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും എന്നെ തേടിയെത്തി.
ദേശീയ ടീമിലെ സ്വന്തം സ്ഥാനം പോലും എനിക്കു വേണ്ടി ത്യജിക്കാന്‍ തയ്യാറായിട്ടുള്ളയാളാണ് വീരു. എനിക്കായി അദ്ദേഹം കളിയില്‍ ബ്രേക്കെടുക്കുകയായിരുന്നു. ആ പരമ്പരയില്‍ ഡബിള്‍ സെഞ്ച്വറിയ നേടിയ താരമാണ് വീരു. അതുകൊണ്ടു തന്നെ അത്തരമൊരു ഫോമില്‍ നില്‍ക്കെ തുടര്‍ന്നു കളിക്കാനും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനും അദ്ദേഹവും ആഗ്രഹിച്ചിട്ടുണ്ടാവും.
പക്ഷെ വളരെ നല്ലൊരു വ്യക്തിത്വത്തിനു ഉടമ കൂടിയാണ് വീരു. ഇന്ത്യന്‍ ടീമിലെ എന്റെ കരിയറിനെക്കുറിച്ച് വര്‍ഷങ്ങളായി അദ്ദേഹം നിരീക്ഷിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ എനിക്കെതിരേ അല്‍പ്പം അനീതി നടക്കുന്നതായി വീരുവിനും തോന്നിയിട്ടുണ്ടാവുമെന്നും തിവാരി വെളിപ്പെടുത്ത.ി
സ്വയം വിശ്രമിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ എനിക്കു അവസരം നേടിത്തരിക മാത്രമല്ല, എന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷന്‍ പോലും എനിക്കു നല്‍കാന്‍ തയ്യാറായി, അതു നാലാം നമ്പറായിരുന്നു. ആ കളിക്കു മുമ്പ് ടീം ബസില്‍ വച്ച് ഏതു പൊസിഷനില്‍ ബാറ്റ് ചെയ്യാനാണ് ഇഷ്ടമെന്നു വീരു പാജി എന്നോടു ചോദിച്ചിരുന്നു.
അദ്ദേഹം അതു ചോദിക്കുന്ന സമയത്തു ഞാന്‍ പ്ലെയിങ് ഇലവന്റെ ഭാഗമൊന്നും അല്ലായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യക്കായി കളിക്കുകയെന്നതു തന്നെ വലിയ കാര്യമാണെന്നും വലിയ ബഹുമതിയാണെന്നും ഞാന്‍ പറഞ്ഞു. നിങ്ങള്‍ എവിടെ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാലും അവിടെ കളിക്കാന്‍ തയ്യാറാണെന്നും അദ്ദേഹത്തെ അറിയിച്ചു.
പക്ഷെ വീരു വിട്ടില്ല. അങ്ങനെയല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വര്‍ഷങ്ങളായി നീ ഏതു പൊസിഷനിലാണ് കളിച്ചു കൊണ്ടിരിക്കുന്നതെന്നു അദ്ദേഹം ചോദിച്ചു. നാലാം നമ്പറാണെന്നു ഞാന്‍ പറഞ്ഞു. അതാണ് നിന്റെ നമ്പറെന്നും ദേശീയ ടീമിലും അതു തന്നെ കിട്ടുമെന്നും വീരു ഉറപ്പ് നല്‍കുകയും ചെയ്തു.

ആ കളിയില്‍ വീരുവിന്റെ അഭാവത്തില്‍ ഗൗതം ഗംഭീറാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. എന്റെ ബാറ്റിങ് പൊസിഷനെ കുറിച്ച് അദ്ദേഹം ഗംഭീറുമായി സംസാരിക്കുകയും ചെയ്തു. അങ്ങനെയാണ് ഞാന്‍ നാലാം നമ്പറില്‍ കളിക്കുകയും നിങ്ങള്‍ ആ സെഞ്ച്വറി കാണുകയും ചെയ്തത്.
ഇതു ദൈവത്തിന്റെ പ്ലാനായിരുന്നു. അതു സാധ്യമായതാവട്ടെ വീരുവിലൂടെയുമാണ്. അദ്ദേഹം എല്ലായ്‌പ്പോഴു എനിക്കൊപ്പം നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. അവസാന ശ്വാസം വരെയും ഞാന്‍ അദ്ദേഹത്തോടു ഇതിനു കടപ്പെട്ടിരിക്കുകയും ചെയ്യുമെന്നും തിവാരി വിശദമാക്കി.
ധോണി വിശ്വസിച്ചില്ല
വീരേന്ദര്‍ സെവാഗ് മാത്രമല്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ് തുടങ്ങിയവരെല്ലാം ആ സമയത്തു എന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ളവരാണ്. ഒരുപാട് സീനിയര്‍ കളിക്കാര്‍ ആ സമയത്തു എനിക്കൊപ്പം നിന്നു. പക്ഷെ ടീമിനെ സംബന്ധിച്ചുള്ള തീരുമാനങ്ങളെടുക്കുന്നതില്‍ അവര്‍ക്കു വളരെ ചെറിയ റോള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ.
എല്ലാം തീരുമാനിച്ചത് എംഎസ് ധോണിയായിരുന്നു. കൂടാതെ ആ സമയത്തുണ്ടായിരുന്ന വിദേശ കോച്ചുമാരുമാണ് തീരുമാനങ്ങളെടുത്തത്. ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയം കാരണം ആരും ക്യാപ്റ്റനെതിരേ തിരിയാന്‍ ധൈര്യം കാണിച്ചിരുന്നില്ല. എല്ലാവരും എന്നെ പിന്തുണയ്ക്കുകയും കൂടെ നില്‍ക്കുകയും ചെയ്തു. എംഎസ് ധോണി മാത്രമാണ് പ്രതീക്ഷിച്ചതു പോലെ എന്നെ പിന്തുണയ്ക്കാതിരുന്നതെന്നും തിവാരി തുറന്നടിക്കുന്നു.