ലോകകപ്പ്: ധോണി 350... ഏകദിനത്തില്‍ ഇതാദ്യം, പുതിയ റെക്കോര്‍ഡ് കുറിച്ച് സൂപ്പര്‍ താരം
മാഞ്ചസ്റ്റര്‍: ലോകകപ്പിന്റെ ഫൈനല്‍ തേടി ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ ഇന്ത്യയിറങ്ങിയപ്പോള്‍ പുതിയൊരു റെക്കോര്‍ഡാണ് കുറിക്കപ്പെട്ടത്. ഇന്ത്യന്‍ ടീമല്ല, മറിച്ച് മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ചരിത്രത്തിന്റെ ഭാഗമായി മാറിയത്.
ബാറ്റിങില്‍ ചില സ്ലോ ഇന്നിങ്‌സുകളുടെ പേരില്‍ ലോകകപ്പില്‍ പഴി കേള്‍ക്കേണ്ടി വന്ന താരമാണ് ധോണി. ഇവയ്‌ക്കെല്ലാം സെമിയില്‍ പ്രായശ്ചിത്തം ചെയ്യാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ഇതിനിടെയാണ് പുതിയൊരു റെക്കോര്‍ഡിന് ധോണി അവകാശിയായിരിക്കുന്നത്.

350ാം ഏകദിനം
ഈ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കാനിറങ്ങിയതോടെ ഏകദിനത്തില്‍ 350 മല്‍സരങ്ങളാണ് ധോണി പൂര്‍ത്തിയാക്കിയത്. ഇവയില്‍ 347ഉം ഇന്ത്യക്കു വേണ്ടി ആയിരുന്നെങ്കില്‍ മൂന്നെണ്ണം പ്രദര്‍ശന മല്‍സരത്തില്‍ ഏഷ്യന്‍ ഇലവനു വേണ്ടിയായിരുന്നു.
ഏകദിനത്തില്‍ 350 മല്‍സരങ്ങളെന്ന മാന്ത്രിക സംഖ്യ പിന്നിട്ട രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ധോണി. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (463) മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. ലോക ക്രിക്കറ്റില്‍ 350 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ പത്താമത്തെ താരമായും ധോണി മാറി.

ലോകത്തിലെ ആദ്യ വിക്കറ്റ് കീപ്പര്‍
ഏകദിനത്തില്‍ 350 മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പറായി കളിച്ച ആദ്യത്തെ താരമെന്ന ലോക റെക്കോര്‍ഡും ധോണി തന്റെ പേരില്‍ കുറിച്ചു. ശ്രീലങ്കയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ കുമാര്‍ സങ്കക്കാര 360 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ 44 എണ്ണത്തില്‍ അദ്ദേഹം സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ മാത്രമായിരുന്നു. ശേഷിച്ച 316 മല്‍സരങ്ങളിലാണ് സങ്കക്കാര ടീമിന്റെ വിക്കറ്റ് കാത്തത്.
കളിച്ച 350 ഏകദിനങ്ങളില്‍ 200ലും ധോണി ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യന്‍ താരവും ലോകത്തിലെ മൂന്നാമത്തെ മാത്രം ക്രിക്കറ്ററുമാണ് അദ്ദേഹം.

പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല
ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിലെ പ്രകടനം പരിശോധിച്ചാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമല്ല ധോണിയുടെ ഭാഗത്തു നിന്നുണ്ടായത്. പല മല്‍സരങ്ങളിലും റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച അദ്ദേഹം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും നിരാശപ്പെടുത്തിയിരുന്നു.
ചില കളികളിലെ വേഗം കുറഞ്ഞ ഇന്നിങ്‌സുകളുടെ പേരില്‍ ആരാധകരും സച്ചിന്‍ ടെണ്ടുല്‍ക്കറടക്കമുള്ള ചില മുന്‍ താരങ്ങളും ധോണിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഈ ലോകകപ്പിനു ശേഷം 38 കാരനായ ധോണി വിരമിച്ചേക്കുമെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ഇതിനിടെ പുറത്തു വന്നിരുന്നു. പക്ഷെ അവയെല്ലാം അദ്ദേഹം തള്ളിക്കളയുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications