2013നു ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു കിരീടം നേടാന്‍ സാധിക്കാതെ പോവുന്നതിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യ അവസാനമായി ജേതാക്കളായത്.
അതിനു ശേഷം ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ലോക ടെസ്റ്റ് ചാപ്യന്‍ഷിപ്പ് എന്നിവയിലെല്ലാം ഇന്ത്യ മാറ്റുരച്ചെങ്കിലും എവിടെയും കിരീടമെന്ന മോഹം പൂവണിഞ്ഞില്ല. മൂന്നു ഐസിസി ട്രോഫികള്‍ രാജ്യത്തിനു സമ്മാനിച്ച ക്യാപ്റ്റനാണ് ധോണി. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ വിജയികളാക്കിയ അദ്ദേഹം 2011ല്‍ ഏകദിന ലോകകപ്പും ഇന്ത്യക്കു നേടിത്തന്നു.

ഈ ടൂര്‍ണമെന്റുകളിലൊന്നും പിന്നീട് ചാംപ്യന്‍മാരവാന്‍ ഇന്ത്യക്കായിട്ടില്ല. ദ്വിരാഷ്ട്ര പരമ്പരകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുള്ള ഇന്ത്യക്കു വലിയ ടൂര്‍ണമെന്റുകളില്‍ കാലിടറുന്നത് പതിവു കാഴ്ചയാണ്. പലപ്പോഴും നോക്കൗട്ട് മല്‍സരങ്ങളിലാണ് ഇന്ത്യക്കു അടിതെറ്റാറുള്ളത്.
സമ്മര്‍ദ്ദമാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു തിരിച്ചടിയാവുന്ന കാര്യമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് അക്തര്‍. ടീമിനു മേല്‍ നിങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദ്ദമാണ് ഇന്ത്യയെ തളര്‍ത്തുന്നത്. അത്തരം സമ്മര്‍ദ്ദങ്ങളില്‍ കളിക്കുകയെന്നത് അസാധ്യവുമാണ്. ഇതാണ് ആദ്യത്തെ കാര്യമെന്നു അദ്ദേഹം പറയുന്നു.
രണ്ടാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം സമ്മര്‍ദ്ദം മുഴുവന്‍ സ്വയം തന്നിലേക്കു ആവാഹിക്കാനും ടീമംഗങ്ങളെ സംരക്ഷിക്കുവാനും സാധിക്കുന്ന ഒരാള്‍ നിങ്ങള്‍ക്കു വേണമെന്നതാണ്. അയാള്‍ ടീമംഗങ്ങളെ ഒരിക്കലും സമ്മര്‍ദ്ദം അനുഭവിക്കാന്‍ അനുവദിക്കുകയുമില്ല.
എംഎസ് ധോണിയെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യം ഇതായിരുന്നു. അദ്ദേഹത്തിനു കീഴില്‍ 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാംപ്യന്‍സ് ട്രോഫിയുമെല്ലാം ഇന്ത്യ നേടിയതായും അക്തര്‍ വിശദീകരിച്ചു.
ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെ ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങള്‍ കൈവിട്ടുപോയി. രോഹിത് ശര്‍മയെ കാണുമ്പോള്‍ അദ്ദേഹം ക്യാപ്റ്റനാവാനുള്ള ഓഫര്‍ സ്വീകരിക്കണമായിരുന്നോയെന്ന് എനിക്കു തോന്നും. ചില സന്ദര്‍ഭങ്ങളില്‍ പരിഭ്രാന്തനാവാറുള്ളയാളാണ് രോഹിത്.
അതു സമ്മര്‍ദ്ദത്തിലേക്കു അദ്ദേഹത്തെ എത്തിക്കുകയും ചെയ്യുന്നു. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം നിങ്ങളെ തളര്‍ത്തും. വിരാട് കോലിക്കും ഇതു സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ത്യക്കു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലൊന്നും ജയിക്കാന്‍ കഴിയാതെ പോവുന്നതെന്നും അക്തര്‍ നിരീക്ഷിച്ചു.
തെറ്റുകള്‍ വരുത്തരുത്. ലോകകപ്പ് വിജയിക്കാന്‍ ശേഷിയുള്ള ടീമാണ് രോഹിത് ശര്‍മയ്ക്കുള്ളത്. ബാറ്ററെന്ന നിലയില്‍ അദ്ദേഹം വിരാട് കോലിയേക്കാള്‍ പ്രതിഭാശാലിയുമാണ്. രോഹിത് ഒരു ക്ലാസിക്കല്‍ ബാറ്ററാണ്. അദ്ദേഹത്തിന്റെ ഷോട്ടുകള്‍ മനസ്സിനെ ത്രസിപ്പിക്കുന്നതുമാണ്.

പക്ഷെ ക്യാപ്റ്റന്‍സിയില്‍ രോഹിത്തിനു അതു ചെയ്യാന്‍ കഴിയുമോ? ഞാനും നമ്മളുമെല്ലാം തെറ്റാണെന്നു തെളിയിക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ. വരാനിരിക്കുന്ന ലോകകപ്പില്‍ രോഹിത് അങ്ങനെ ചെയ്യണമെന്നാണ് ഇന്ത്യ മുഴുവന്‍ ആഗ്രഹിക്കുന്നതെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തവണത്തെ ലോകകപ്പ് സ്വന്തം നാട്ടിലായതിനാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമാണ്. 2011ല്‍ അവസാനമായി ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിച്ചപ്പോള്‍ കപ്പുയര്‍ത്താന്‍ ഇന്ത്യക്കായിരുന്നു. അന്നു മുംബൈയിലെ വാംഖഡെയില്‍ വച്ച് ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം.
12 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ മടങ്ങിയെത്തുന്ന ടൂര്‍ണമെന്റില്‍ കിരീടം നേടിയേ തീരൂവെന്ന വലിയ സമ്മര്‍ദ്ദത്തോടെയായിരിക്കും രോഹിത്തിനു കീഴില്‍ ഇന്ത്യയിറങ്ങുക. ഒക്ടോബര്‍ എട്ടിന് അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.