ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ കുറിക്കപ്പെട്ടിട്ടുള്ള പേരുകളിലൊന്നാണ് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടേത്. അതിനുള്ള ഏറ്റവും അംഗീകാരം കൂടിയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഭാഗത്തു നിന്നും അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
ഐസിസിയുടെ ഹാള്‍ ഫെയിമില്‍ ഇപ്പോഴിതാ ധോണിയെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഈ എലൈറ്റ് ക്ലബ്ബിലേക്കു വന്ന 11ാമത്തെ മാത്രം ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം. ഏറ്റവും പുതിയതായി ഹാള്‍ ഓഫ് ഫെയിമിലേക്കു ഐസിസി തിരഞ്ഞെടുത്തിട്ടുള്ള ഏഴു കളിക്കാരില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക സാന്നിധ്യം കൂടിയാണ് ധോണി.
ഐസിസിയുടെ മൂന്നു വ്യത്യസ്ത ട്രോഫികള്‍ സ്വന്തമാക്കിയ ലോകത്തിലെ ഒരേയൊരു ക്യാപ്റ്റനെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചാവുകയെന്നത് ഇപ്പോഴും ധോണിക്കും അസാധ്യം തന്നെയാണ്. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

എന്തുകൊണ്ട് കോച്ചാവാന്‍ കഴിയില്ല?
2020ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടതാവട്ടെ 2019ല്‍ ഇംഗ്ലണ്ട് വേദിയായ ഐസിസിയുടെ ഏകദിന ലോകകപ്പിലുമായിരുന്നു. അന്നു വിരാട് കോലി നയിച്ച ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോറ്റ് പുറത്താവുകയയിരുന്നു.
ഇന്ത്യ പൊരുതിവീണ സെമി ഫൈനലില്‍ ധോണി റണ്ണൗട്ടായാണ് ക്രീസ് വിട്ടത്. ടീമിന്റെ തോല്‍വിക്കു പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുത്ത ധോണി അടുത്ത വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു.
വിരമിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമിലും ധോണി ഇപ്പോള്‍ ഇടം നേടിയിരിക്കുയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി വരാന്‍ അദ്ദേഹത്തിനു ഇപ്പോഴും സാധിക്കില്ല. ഈ 43ാം വയസ്സിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളി തുടരുകയാണെന്നതാണ് ഇതിനു കാരണം. സമാപിച്ച ഐപിഎല്ലിലും ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ധോണിയെ കണ്ടിരുന്നു.
പരിക്കു കാരണം സീസണിന്റെ പകുതിയോടെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ഐപിഎല്ലില്‍ നിന്നും പിന്‍മാറിയപ്പോള്‍ ശേഷിച്ച മല്‍സരങ്ങളില്‍ ടീമിനെ നയിച്ചതും അദ്ദേഹമാണ്. ഈ സീസണിലെ അവസാന മല്‍സരശേഷം ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നു അഭ്യൂഹങ്ങള്‍ പരന്നെങ്കിലും അതുണ്ടായില്ല.

2026ലെ അടുത്ത എഡിഷനില്‍ താന്‍ കളിക്കുകയോ, കളിക്കാതിരിക്കുകയോ ചെയ്‌തേക്കാമെന്നായിരുന്നു ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനു ധോണിയുടെ മറുപടി. പൂര്‍ണ ഫിറ്റാണെങ്കില്‍ അടുത്ത സീസണിലും തന്നെ കണ്ടേക്കുമെന്ന സൂചന കൂടിയാണ് അദ്ദേഹം ഇതിലൂടെ നല്‍കിയിരിക്കുന്നത്.
സിഎസ്‌കെയ്ക്കു വേണ്ടു ഐപിഎല്ലില്‍ കളിക്കുന്നിടത്തോളം കാലം ധോണിക്കു ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ല. പൂര്‍ണമായി ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കില്‍ മാത്രമേ അദ്ദേഹം ദേശീയ ടീമിന്റെ സ്ഥിരം കോച്ചിങ് സംഘത്തില്‍ ഇടം പിടിക്കാന്‍ സാധിക്കുകയുള്ളൂ.
എന്നാല്‍ ദേശീയ ടീമിന്റെ ഉപദേശകനായി താല്‍ക്കാലിക റോള്‍ ഏറ്റെടുക്കാന്‍ ധോണിക്കു ഇപ്പോഴും യോഗ്യതയുണ്ട്. നേരത്തേ അദ്ദേഹത്തെ ഈ റോളില്‍ നമ്മള്‍ കാണുകയും ചെയ്തിട്ടുള്ളതാണ്.
വിരാട് കോലി ക്യാപ്റ്റനും രവി ശാസ്ത്രി മുഖ്യ കോച്ചുമായിരിക്കെ 2021ല്‍ യുഎഇയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിലാണ് ധോണി ടീമിന്റെ ഉപദേഷ്ടാവായി എത്തിയത്. പക്ഷെ ബിസിസിഐയുടെ ഈ പരീക്ഷണം ദുരന്തമാവുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം ഗ്രൂപ്പുഘട്ടത്തില്‍ തന്നെ നാണംകെട്ട് പുറത്താവുകയായിരുന്നു.