ധോണിക്കും കോലിക്കും അതുണ്ട്, രോഹിത്തിന് ഇല്ല!- വെല്ലുവിളി ചൂണ്ടിക്കാട്ടി അഗാര്‍ക്കര്‍
ഇന്ത്യയുടെ പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഏറ്റവും വെല്ലുവിളി എന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍. അടുത്തിടെയാണ് വിരാട് കോലിക്കു പകരം ഇന്ത്യയുടെ പുതിയ ഏകദിന, ടി20 ടീം നായകനായി രോഹിത്തിനെ നിയമിച്ചത്. ടി20 ലോകകപ്പിനു ശേഷം കോലി നായകനമൊഴിഞ്ഞതോടെയായിരുന്നു ഇത്.
ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിക്കൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഈയാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയാണ് അടുത്ത ദൗത്യം. ഇതിനിടെ പരിക്കു കാരണം സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ രോഹിത്തിനു നഷ്ടമായിരുന്നു.

വിരാട് കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കി പകരം വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ രോഹിത് ശര്‍മയെ നായകനാക്കിയത് ഉചിതമായ തീരുമാനം തന്നെയാണെന്നു അജിത് അഗാര്‍ക്കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ അഭിപ്രായപ്പെട്ടു.
ഇതുതന്നെയാണ് ചെയ്യേണ്ടിയിരുന്നത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു ക്യാപ്റ്റന്‍ തന്നെ ടീമിനെ നയിക്കുന്നതാണ് നല്ലത്. ഇനി രോഹിത് ശര്‍മയ്ക്കു ടീമിനെ പറപ്പിക്കാമെന്നും അഗാര്‍ക്കര്‍ നിരീക്ഷിച്ചു.

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ ഐസിയുടെ ടി20 ലോകകപ്പും അടുത്ത വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പും നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ എല്ലാ മല്‍സരങ്ങളിലു ക്യാപ്റ്റന്‍ രോഹിത് ടീമിനൊപ്പം വേണമെന്നും അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി.
എന്റെ അഭിപ്രായത്തില്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയെന്നത് ഫിറ്റായി നില്‍ക്കുകയെന്നതായിരിക്കും.

ഇപ്പോള്‍ മുതല്‍ ലോകകപ്പ് വരെ ഫിറ്റ്‌നസ് കാത്തുസൂക്ഷിച്ച് കഴിയാവുന്നിടത്തോളം അദ്ദേഹം കളിക്കണം. കാരണം ടീമിനു ക്യാപ്റ്റനെ ആവശ്യമാണ്. ഇതായിരുന്നു വിരാട് കോലിയുടെയും മുന്‍ നായകന്‍ എംഎസ് ധോണിയുടെയുമെല്ലാം കരുത്ത്. അപൂര്‍വ്വമായി മാത്രമേ അവര്‍ മല്‍സരം മിസ്സ് ചെയ്തിരുന്നുള്ളൂ. രണ്ടു പേരും മികച്ച ഫിറ്റ്‌നസുള്ളവരായിരുന്നുവെന്നും അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കരിയറിലുടനീളം രോഹിത് ശര്‍മയെ വേട്ടയാടിയിട്ടുണ്ട്. പല മല്‍സരങ്ങളും പരമ്പരകളുമെല്ലാം അദ്ദേഹത്തിനു ഇതേ തുടര്‍ന്നു നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും അവസാനത്തേതാണ് കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനം. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നാണ് രോഹിത് ആദ്യം പിന്‍മാറിയത്. എന്നാല്‍ പിന്നീടുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.

പക്ഷെ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഒരുപാട് സമയം ആവശ്യമായി വന്നതോടെ അദ്ദേഹത്തിനു ഏകദിനവും നഷ്ടമാവുകയായിരുന്നു. രോഹിത്തിന്റെ അഭാവത്തില്‍ കെഎല്‍ രാഹുലായിരുന്നു പരമ്പരയില്‍ ഇന്ത്യയെ നയിച്ചത്. പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയും ചെയ്തു. പേശീവലിവാണ് രോഹിത്തിനെ നിരന്തരം വലയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടു ടെസ്റ്റുകളും ഇതേ കാരണത്താല്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications