ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളിലെ മുന്‍നിരക്കാരനാണ് എംഎസ് ധോണി. ബാറ്റിങ്ങിലെ കണക്കുകള്‍ നോക്കുമ്പോള്‍ ധോണിയെക്കാള്‍ മുകളില്‍ പലരേയും കാണാനാവും. എന്നാല്‍ ധോണിയുടെ നായക മികവിന് മുകളില്‍ നില്‍ക്കുന്ന ഒരാളെപ്പോലും ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ കാണാനാവില്ല. ഇന്ത്യയെ മൂന്ന് തവണ ഐസിസി കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനാണ് ധോണി. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ധോണി അലമാരയിലെത്തിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2020ലാണ് ധോണി വിരമിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സി ഊരിയ ശേഷവും ധോണി ഐപിഎല്ലില്‍ കളി തുടര്‍ന്നു. വരുന്ന സീസണില്‍ നാല് കോടി രൂപക്കാണ് ധോണി സിഎസ്‌കെയ്ക്കായി കളിക്കാന്‍ പോകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ധോണിയുടെ താരമൂല്യം ഇപ്പോഴും വളരെ ഉയരത്തിലാണ്. അതുകൊണ്ടുതന്നെ നിരവധി ബ്രാന്റുകളുടെ അംബാസഡറായി ഇപ്പോഴും ധോണി മാറുന്നു.
ഇപ്പോഴിതാ സൂപ്പര്‍ നായകന്മാരായ ഷാരൂഖ് ഖാനേയും അമിതാഭ് ബച്ചനേയുമടക്കം പിന്നിലാക്കി ധോണി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. കൂടുതല്‍ ബ്രാന്റുകളുടെ അംബാസഡറായി ധോണി മാറിയിരിക്കുകയാണ്.
ധോണിയെന്ന ബ്രാന്റ്
എംഎസ് ധോണിയെന്നത് വലിയൊരു ബ്രാന്റാണ്. ഇപ്പോഴും ധോണിക്ക് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ധോണിയെ ബ്രാന്റ് അംബാസഡര്‍മാരാക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ട്. 2024ലെ ആദ്യ പാദത്തിലെ ബ്രാന്റ് അംബാസഡര്‍മാരുമായി ബന്ധപ്പെട്ട കണക്കുകള്‍ ടാം മീഡിയ റിസര്‍ച്ച് പുറത്തുവിട്ടിരിക്കുകയാണ്. ഇതില്‍ ധോണി ബ്രാന്റ് അംബാസഡറായിട്ടുള്ളത് 42 ബ്രാന്റുകള്‍ക്കാണ്. യൂറോഗ്രിപ്പ് ടയേഴ്‌സ്, ഗള്‍ഫ് ഓയില്‍, മാസ്റ്റര്‍ കാര്‍ഡ്, ഗരുഡ ഏറോ സ്‌പേസ്, ബൂസ്റ്റ് തുടങ്ങി നിരവധി പ്രമുഖ ബ്രാന്റുകള്‍ ഇപ്പോഴും ധോണിയുമായി കരാര്‍ പങ്കിടുന്നു.
അത്രത്തോളം താരമൂല്യവും ബ്രാന്റ് വാല്യവും ധോണിക്ക് ഇപ്പോഴുമുണ്ട്. 2024ലെ ആദ്യ പാദ കണക്കുകള്‍ പ്രകാരം അമിതാഭ് ബച്ചന് 41 ബ്രാന്റുകളുമായാണ് കരാറുള്ളത്. അതേ സമയം ഷാരൂഖ് ഖാന് 34 ബ്രാന്റുകളുമായാണ് കരാറിലേക്കെത്താന്‍ സാധിച്ചത്. ഇവരെക്കാളെല്ലാം ഇപ്പോഴും ആരാധകരുടെ സ്വീകാര്യത ധോണിക്ക് ലഭിക്കുന്നുണ്ടെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.

ബിസിനസില്‍ നേട്ടം കൊയ്ത് ധോണി
അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച ശേഷം എംഎസ് ധോണി കൂടുതല്‍ ശ്രദ്ധ നല്‍കിയത് ബിസിനസിലേക്കാണ്. ക്രിക്കറ്റില്‍ എന്നും വ്യത്യസ്ത തീരുമാനംകൊണ്ട് ഞെട്ടിച്ചിരുന്ന ധോണി ബിസിനസിലും ഇതേ മാതൃകയാണ് പിന്തുടര്‍ന്ന്. ധോണി പ്രധാനമായും ചെയ്തത് 100 ഏക്കറില്‍ പച്ചക്കറി കൃഷിയാണ്. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ ധോണി തന്നെ ആരാധകരുമായി പങ്കിട്ടിട്ടുണ്ട്. ധോണിയുടെ ബ്രാന്റിന്റെ പേരില്‍ പച്ചക്കറി കയറ്റുമതി സജീവമാണ്.
കൂടാതെ ധോണിയുടെ ബ്രാന്റില്‍ ബിയറുമുണ്ട്. ഫാഷന്‍ മേഖലയിലും ധോണി ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. എന്തായാലും ബിസിനസിലൂടെ കോടികളുടെ വരുമാനം ധോണിക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭകരമായ ബിസിനസ് ചെയ്യുന്നത് ധോണിയാണെന്ന് പറഞ്ഞാലും അത് തെറ്റാകില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളവരിലൊരാള്‍ ധോണിയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ധോണി ആരാധകരുടെ വികാരം
ഇത്തവണയും ചെന്നൈ സൂപ്പര്‍ കിങ്‌സ് എംഎസ് ധോണിയെ നിലനിര്‍ത്തിയ റിപ്പോര്‍ട്ടിനെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അവസാന സീസണോടെ ധോണി വിരമിക്കുമെന്ന് കരുതിയിരുന്നെങ്കിലും കളി തുടരാന്‍ ധോണി തീരുമാനിക്കുകയായിരുന്നു. വരുന്ന സീസണിലും ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് കാണാമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പ്രായം തളര്‍ത്താത്ത ധോണി വരുന്ന സീസണിലൂടെ എല്ലാ ആരാധകരേയും വിസ്മയിപ്പിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.