ഐസിസിയുടെ ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കവെ ഇന്ത്യന്‍ ടീമിനു തുടര്‍ച്ചയായി രണ്ടാംതവണയും നാലാം നമ്പര്‍ തലവേദനയായി മാറുകയാണ്. 2019ല്‍ ഇംഗ്ലണ്ട് വേദിയായ കഴിഞ്ഞ ലോകകപ്പിനു തൊട്ടുമുമ്പും ഇതേ പ്രശ്‌നം ഇന്ത്യ അഭിമുഖീകരിച്ചിരുന്നു. അന്നു ഇതു പരിഹരിക്കുന്നതില്‍ ബിസിസിഐ ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു. അമ്പാട്ടി റായുഡുവിനെയായിരുന്നു ലോകകപ്പില്‍ ഈ പൊസിഷനിലേക്കു ഇന്ത്യ കണ്ടുവച്ചിരുന്നത്. അദ്ദേഹം ഈ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ലോകകപ്പിനു തൊട്ടുമുമ്പ് കളിച്ച ചില മല്‍സരങ്ങളില്‍ റായുഡു ബാറ്റിങില്‍ ക്ലിക്കായില്ല. ഇതോടെ സെലക്ടര്‍മാര്‍ ആശയക്കുഴപ്പത്തിലുമായി.

ഒടുവില്‍ റായുഡുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്നായിരുന്നു എംഎസ്‌കെ പ്രസാദിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. റായുഡുവിനെ സംബന്ധിച്ച് വലിയ ഷോക്ക് തന്നെയായിരുന്നു ഇത്. അദ്ദേഹത്തിനു പകരം അന്താരാഷട്ര മല്‍സരങ്ങളില്‍ പരിചയമില്ലാത്ത തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാം വഴങ്ങുന്ന ത്രീഡി പ്ലെയറെന്നായിരുന്നു താരത്തെ സെലക്ഷന്‍ കമ്മിറ്റി വിശേഷിപ്പിച്ചത്. പക്ഷെ ഈ നീക്കം വന്‍ ദുരന്തത്തില്‍ കലാശിച്ചു.
വീണ്ടുമൊരു ഏകദിന ലോകകപ്പ് ഈ വര്‍ഷം സ്വന്തം നാട്ടില്‍ നടക്കാനിരിക്കെ നാലാം നമ്പര്‍ വീണ്ടും ഇന്ത്യയെ വേട്ടയാടുകയാണ്. നിലവില്‍ ഈ റോളില്‍ ഏറ്റവും ബെസ്റ്റ് ശ്രേയസ് അയ്യരാണ്. പക്ഷെ താരത്തിനേറ്റ പരിക്കാണ് ഇന്ത്യയുടെ പ്ലാനുകള്‍ തകിടം മറിച്ചത്. പുറംഭാഗത്തെ വേദനയെ തുടര്‍ന്നു വലയുന്ന താരത്തിനു ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് വിവരം. ഇതിനു വിധേയനാവുകയാണെങ്കില്‍ ആറ്- ഏഴ് മാസം വരെ വിശ്രമം വേണ്ടി വന്നേക്കും. അങ്ങനെ വന്നാല്‍ ലോകകപ്പ് നഷ്ടമായേക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ശ്രേയസില്ലെങ്കില്‍ ആര് എന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ചോദ്യം.

സൂര്യകുമാര്‍ യാദവ് ഈ റോളിലേക്കു വളരെ നല്ലൊരു ഓപ്ഷനായിരുന്നു. പക്ഷെ ഓസ്‌ട്രേലിയക്കെതരേ സമാപിച്ച കഴിഞ്ഞ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നു കളിയിലും ഗോള്‍ഡന്‍ ഡെക്കായതോടെ അദ്ദേഹത്തിലുള്ള വിശ്വാസം ഏറെക്കുറെ നഷ്ടമായിരിക്കുകയാണ്. സൂര്യയല്ലെങ്കില്‍ ഇന്ത്യക്കു ഈ പൊസിഷനിലേക്കു പരിഗണിക്കാവുന്നയാള്‍ സഞ്ജു സാംസണായിരുന്നു. പക്ഷെ ബിസിസിഐയ്ക്കും സെലക്ടര്‍മാര്‍ക്കും താരത്തോടുള്ള താല്‍പ്പര്യക്കുറവ് അതിനു തടസമാവുന്നു.
കഴിഞ്ഞ ഏകദിന ലോകകപ്പ് മുതലുള്ള മല്‍സരങ്ങളെടുത്താല്‍ ആറു പേരെയാണ് നാലാം നമ്പറില്‍ ഇന്ത്യ പ്രധാനമായും പരീക്ഷിച്ചത്. ചുരുങ്ങിയത് മൂന്നു മല്‍സരങ്ങളിലെങ്കിലും കളിച്ചിട്ടുള്ളവരെ ഉള്‍പ്പെടുത്തിയാണിത്. ഈ ലിസ്റ്റില്‍ നാലാമനായി ഏറ്റവുമധികം റണ്‍സെടത്തിരിക്കുന്നത് ശ്രേയസ് അയ്യരാണ്. 20 ഇന്നിങ്‌സുകളില്‍ നിന്നും 47.35 ശരാശരിയില്‍ അദ്ദേഹം നേടിയത് 805 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ശ്രേയസ് കഴിഞ്ഞാല്‍ നാലാമനായി കൂടുതല്‍ റണ്ണെടുത്തത് റിഷഭ് പന്താണ്. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 340 റണ്‍സ് താരം നേടി.

പക്ഷെ നാലാം നമ്പറിലെ ബാറ്റിങ് ശരാശരിയെടുത്താല്‍ ഈ രണ്ടു പേരേക്കാള്‍ കേമന്‍ കെഎല്‍ രാഹുലാണ്. മൂന്നു ഇന്നിങ്‌സുകളില്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും 63 ശരാശരിയില്‍ 189 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും ഉള്‍പ്പെടെയാണിത്. ശ്രേയസും റിഷഭും പരിക്കിന്റെ പിടിയിലായതിനാല്‍ തന്നെ ഇന്ത്യക്കു നാലാം നമ്പറില്‍ പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷന്‍ രാഹുലാണെന്നു ഈ പ്രകടനം തെളിയിക്കുന്നു.
രാഹുലിനു ശേഷം നാലാം നമ്പറില്‍ ബാറ്റ് ചെയ്ത മറ്റുള്ളര്‍ ഇഷാന്‍ കിഷന്‍, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ് എന്നിവരാണ്. ഇഷാന്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്നും 21.20 ശരാശരിയില്‍ നേടിയത് 106 റണ്‍സാണ്. ഒരു ഫിഫ്റ്റി ഇതില്‍പ്പെടും. പാണ്ഡെ മൂന്ന് ഇന്നിങ്‌സില്‍ 74 റണ്‍സെടുത്തു (ശരാശരി 24.66). സൂര്യയുടെ പ്രകടനമാണ് ദയനീയം. അഞ്ച് ഇന്നിങ്‌സില്‍ നിന്നും ആറ് ശരാശരിയില്‍ താരം നേടിയത് വെറും 30 റണ്‍സ് മാത്രം.