
6000 റണ്‍സിനരികെ കോലി
ഐപിഎല്ലില്‍ 6000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നാഴികക്കല്ലിന് അരികിലാണ് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി. നിലവില്‍ ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനാണ് അദ്ദേഹം. 192 മല്‍സരങ്ങളില്‍ നിന്നും 5878 റണ്‍സ് കോലി അടിച്ചെടുത്തിട്ടുണ്ട്. അഞ്ചു സെഞ്ച്വറികളും 39 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 130ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും 38 ശരാശരിയും അദ്ദേഹത്തിനുണ്ട്.

കൂടുതല്‍ സെഞ്ച്വറികള്‍
ഐപിഎല്ലിന്റെ ചരിത്രത്തില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും കോലി ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന പഞ്ചാബ് കിങ്‌സിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് സെഞ്ച്വറികളുടെ റെക്കോര്‍ഡ്. ആറു സെഞ്ച്വറികളാണ് ഇതിനകം അദ്ദേഹം നേടിയത്. ഇതിനൊപ്പമെത്താന്‍ കോലിക്കു ഒന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കു രണ്ടും സെഞ്ച്വറികളാണ് വേണ്ടത്. 2017ലെ ഒരൊറ്റ സീസണില്‍ നാലു സെഞ്ച്വറികള്‍ വാരിക്കൂട്ടി കോലി റെക്കോര്‍ഡിട്ടിരുന്നു.

5000 റണ്‍സ്
നാലു താരങ്ങളാണ് ഐപിഎല്ലില്‍ 5000 റണ്‍സെന്ന നാഴികക്കല്ലിന് അരികിലുള്ളത്. ഇവരില്‍ രണ്ടു പേര്‍ ഇന്ത്യന്‍ താരങ്ങളാണെങ്കില്‍ ശേഷിച്ച രണ്ടു പേര്‍ വിദേശ കളിക്കാരാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് (4849), പഞ്ചാബിന്റെ ക്രിസ് ഗെയ്ല്‍ (4772), ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി (4632), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തന്നെ റോബിന്‍ ഉത്തപ്പ (4607) എന്നിവരാണ് ഈ നാലു കളിക്കാര്‍.

കൂടുതല്‍ ഫോറുകള്‍
ഐപിഎല്ലില്‍ 600 ഫോറുകള്‍ നേടുന്ന ആദ്യ താരമാവാന്‍ തയ്യാറെടുക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഇതിനായി ഒമ്പതു ഫോറുകള്‍ മാത്രം അദ്ദേഹത്തിനു മതി. നിലവില്‍ 561 ഫോറുകളുമായി ലിസ്റ്റില്‍ തലപ്പത്താണ് ധവാന്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ (510), ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി (503) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍

ഒരിന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍
ഒരിന്നിന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറുകളെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് ഇത്തവണ പഴങ്കഥയാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2013ലെ ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരായ കളിയില്‍ ഗെയ്ല്‍ പറത്തിയ 17 സിക്‌സറുകളെന്ന റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ നില്‍ക്കുകയാണ്.
ഈ ലിസ്റ്റില്‍ ഗെയ്‌ലിന് അല്‍പ്പമെങ്കിലും അടുത്ത് എത്താനായത് ബ്രെന്‍ഡന്‍ മക്കുല്ലത്തിനാണ് (13 സിക്‌സര്‍). എബി ഡിവില്ലിയേഴ്‌സാണ് 12 സിക്‌സറുകളോടെ മൂന്നാമത്.

വേഗമേറിയ ഫിഫ്റ്റി
ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് അവകാശപ്പെട്ടതാണ്. 2018ലെ ടൂര്‍ണമെന്റില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയായിരുന്നു വെറും 14 ബോളില്‍ രാഹുല്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
രാഹുലിന് പിറകില്‍ രണ്ടാംസ്ഥാനത്ത് അടുത്തിടെ വിരമിച്ച യൂസുഫ് പഠാനാണ് (15 ബോള്‍). കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സുനില്‍ നരെയ്‌നും 15 ബോളില്‍ ഫിഫ്റ്റിയടിച്ചിട്ടുണ്ട്.

വേഗമേറിയ സെഞ്ച്വറി
ഐപിഎല്ലിലെ വേഗമേറിയ സെഞ്ച്വറിയുടെ അവകാശി ക്രിസ് ഗെയ്‌ലാണ്. വെറും 30 ബോളിലാണ് ഗെയ്ല്‍ മൂന്നക്കം കടന്നിട്ടുള്ളത്. ഗെയ്‌ലിനു പിന്നിലായി എലൈറ്റ് ലിസ്റ്റിലെ രണ്ടാംസ്ഥാനം യൂസുഫ് പഠാനാണ്. 2010ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 37 ബോളിലായിരുന്നു അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡേവിഡ് മില്ലറാണ് (38 ബോള്‍) ലിസ്റ്റിലെ മൂന്നാമന്‍.

ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍
ഐപിഎല്ലില്‍ ഒരുപക്ഷെ തകര്‍ക്കാന്‍ അസാധ്യമായ റെക്കോര്‍ഡുകളിലൊന്നാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള റെക്കോര്‍ഡ്. പുറത്താവാതെ 175 റണ്‍സ് അടിച്ചെടുത്തായിരുന്നു ഗെയ്ല്‍ ലോകത്തെ വിസ്മയിപ്പിച്ചത്.
ബ്രെന്‍ഡന്‍ മക്കുല്ലം (158*), എബി ഡിവില്ലിയേഴ്‌സ് (133*), കെഎല്‍ രാഹുല്‍ (132*), റിഷഭ് പന്ത് (128*) എന്നിവരാണ് ഗെയ്‌ലിനു പിന്നിലായി എലൈറ്റ് ലിസ്റ്റിലുള്ള മറ്റു കളിക്കാര്‍.


Click it and Unblock the Notifications