ധോണിക്ക് മറ്റൊരു മുഖം കൂടിയുണ്ട്.... അന്ന് കോപം കണ്ട് താന്‍ ഭയന്നു! വെളിപ്പെടുത്തി മുന്‍ പേസര്‍
മുംബൈ: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ പ്രകോപിതനായി കളിക്കളത്തില്‍ അധികമാരും അങ്ങനെ കണ്ടുകാണില്ല. കോപത്തെയും സന്തോഷത്തെയും അത്രയേറെ നിയന്ത്രിച്ചാണ് അദ്ദേഹം പെരുമാറാറുള്ളത്. എന്നാല്‍ ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ധോണി കോപം കാരണം നിയന്ത്രണം വിട്ടു പെറുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു പൊട്ടിത്തെറിക്ക് താന്‍ ഇരയായിട്ടുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും മുന്‍ പേസറായ മോഹിത് ശര്‍മ.
ഒരിക്കല്‍ കളിക്കിടെ ധോണി തന്നോടു കടുത്ത കോപത്തോടെ പെരുമാറിയിട്ടുണ്ടെന്നും അന്നു താന്‍ ശരിക്കും ഭയന്നു പോയതായും തുറന്നു പറഞ്ഞിരിക്കുകയാണ് മോഹിത്. മരണഭയമാണ് അന്നു ധോണിയുടെ പെരുമാറ്റം കണ്ടപ്പോള്‍ തനിക്കു തോന്നിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമാണ് മോഹിത്.

ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കവെയാണ് താന്‍ ധോണിയുടെ ശകാരത്തിനു ഇരയായതെന്നു മോഹിത് വെളിപ്പെടുത്തുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ലൈവ് ചാറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദും സിഎസ്‌കെയും തമ്മിലായിരുന്നു മല്‍സരം. ഇന്ന് അതേക്കുറിച്ച് ആലോചിക്കുമ്പോള്‍ തമാശയായി തോന്നും. ഈശ്വര്‍ പാണ്ഡെയാണ് സിഎസ്‌കെയ്ക്കായി ആദ്യ ഓവര്‍ ബൗള്‍ ചെയ്തത്. രണ്ടാം ഓവര്‍ ആശിഷ് നെഹ്‌റയ്ക്കായിരുന്നു. നെഹ്‌റയുടെ ഓവറില്‍ താന്‍ മഹി ഭായിക്ക് അരികിലാണ് ഫീല്‍ഡ് ചെയ്തത്. അടുത്ത ഓവര്‍ നീ എറിയണമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഓവറില്‍ നെഹ്‌റയ്ക്കു വിക്കറ്റ് ലഭിച്ചു. തുടര്‍ന്ന് എല്ലാവരും ആഹ്ലാദം പ്രകടിപ്പിച്ച് ഒത്തു ചേര്‍ന്നപ്പോള്‍ അടുത്ത ഓവര്‍ ബൗള്‍ ചെയ്യണമെന്ന് ധോണി ഈശ്വറിനോടു പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് തനിക്കു അറിയില്ലായിരുന്നുവെന്ന് മോഹിത് വ്യക്തമാക്കി.

നെഹ്‌റയുടെ ഓവര്‍ കഴിഞ്ഞപ്പോള്‍ ധോണി നേരത്തേ പറഞ്ഞത് അനുസരിച്ച് ഈശ്വര്‍ ബൗള്‍ ചെയ്യാനെത്തി. അപ്പോള്‍ അവന്റെയടുത്ത് ചെന്ന് തന്നോട് ഈ ഓവര്‍ ചെയ്യാന്‍ ധോണി ആവശ്യപ്പെട്ടിരുന്നതായി പറഞ്ഞു. ഇതോടെ ഈശ്വര്‍ പിന്‍മാറി.
തുടര്‍ന്നു തന്റെ ക്യാപ്പ് അംപയര്‍ക്ക് കൊടുത്ത് ബൗള്‍ ചെയ്യാന്‍ പോയി. സാധാരണയായി ബൗള്‍ ചെയ്യുന്നതിന് മുമ്പ് താന്‍ രണ്ടോ, മൂന്നോ സ്‌റ്റെപ് എടുക്കാറുണ്ട്. അപ്പോഴാണ് ധോണി രണ്ടു കൈയും വീശിക്കാണിക്കുന്നത് കണ്ടത്.
എന്താണ് അദ്ദേഹം അങ്ങനെ കാണിക്കുന്നതെന്ന് അപ്പോള്‍ അദ്ഭുതം തോന്നി. കാരണം ആദ്യ പന്ത് പോലും താന്‍ എറിഞ്ഞിട്ടില്ല. തുടര്‍ന്ന് അടുത്തേക്കു വന്ന ധോണി ഈ ഓവര്‍ എറിയാന്‍ ഈശ്വറിനോട് ആവശ്യപ്പെട്ടിരുന്നതായി തന്നോടു പറഞ്ഞു. ഇതിനു പിന്നാലെ അംപയര്‍ ഇടപെട്ടു. താന്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഈ ഓവര്‍ തനിക്കു മാത്രമേ ബൗള്‍ ചെയ്യാനാവൂയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു കേട്ടതോടെയാണ് ധോണിയുടെ നിയന്ത്രണം വിട്ടത്. താന്‍ ശരിക്കും ഭയന്നു പോയതായും മോഹിത് പറഞ്ഞു.

നല്ല താളത്തിലായിരുന്നു ഈ ഓവറില്‍ ബൗള്‍ ചെയ്തത്. നന്നായി ബൗള്‍ ചെയ്യാനാവുമെന്ന് ആത്മവിശ്വാസവുമുണ്ടായിരുന്നു എന്നാല്‍ ധോണിയുടെ മനസ്സില്‍ എന്തായിരിക്കുമെന്ന് ആലോചിച്ച് ഭയപ്പെട്ടിരുന്നു. ഭാഗ്യവശാല്‍ യൂസഫ് പഠാനെ ആദ്യ പന്തില്‍ പുറത്താക്കാന്‍ കഴിഞ്ഞു. എന്നിട്ടും ധോണിയുടെ കോപം മാറിയിരുന്നില്ല. തന്നെയും ഈശ്വറിനെയും അടുത്തേക്കു വിളിപ്പിച്ച അദ്ദേഹം ശരിക്കും കുടഞ്ഞു. നല്ല ശകാരമാണ് കേള്‍ക്കേണ്ടി വന്നത്. തന്നെ വിഡ്ഢിയാക്കാന്‍ മാത്രം അത്ര സ്മാര്‍ട്ടാണ് നിങ്ങളെന്നു തോന്നുന്നുണ്ടോയെന്നും ധോണി ചോദിച്ചു. രസകരമായ സംഭവമായിരുന്നു അതെങ്കിലും ധോണി അന്നു വളരെ കുപിതനായിരുന്നുവെന്നു മോഹിത് പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications