കൊച്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെയധികം പിന്നോട്ട് നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ചരിത്രം പരിശോധിച്ചാല്‍ ടിനു യോഹന്നാല്‍, എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നിങ്ങനെ വിരലിലെണ്ണാവുന്ന താരങ്ങള്‍ മാത്രമാണ് കേരളത്തില്‍ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വളര്‍ന്നിട്ടുള്ളത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കഴിവുകേടാണ് കേരളത്തില്‍ നിന്ന് കൂടുതല്‍ താരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വളര്‍ത്താത്തതിന് കാരണമെന്നാണ് പൊതുവേയുള്ള വിമര്‍ശനം.
ഇതിന് പരിഹാരവുമായി ഇപ്പോള്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഐപിഎല്‍ മാതൃകയില്‍ കേരള ക്രിക്കറ്റ് ലീഗ് എന്ന ടി20 ടൂര്‍ണമെന്റ് കൊണ്ടുവന്നിരിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍. കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാള്‍ എന്നിവടങ്ങളിലെയെല്ലാം ക്രിക്കറ്റ് ലീഗുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് കെസിഎല്ലുമായി കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തുന്നത്.
ആറ് ടീമുകളുമായാണ് കെസിഎല്ലിന്റെ പ്രഥമ സീസണ്‍ ആരംഭിക്കുന്നത്. സെപ്തംബര്‍ 2 മുതല്‍ 19വരെയാണ് കെസിഎല്‍ നടക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മോഹന്‍ ലാലാണ് ടൂര്‍ണമെന്റിന്റെ ബ്രാന്റ് അംബാസഡര്‍. ടൂര്‍ണമെന്റിന്റെ ലോഗോ പ്രമുഖ ക്രിക്കറ്റ് താരവും കേരളത്തിന്റെ അഭിമാനവുമായ സഞ്ജു സാംസണാണ് പ്രകാശനം ചെയ്തത്. കേരളത്തിലെ യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള സുവര്‍ണ്ണാവസരമാണ് കെസിഎല്ലിലൂടെ ലഭിക്കുന്നത്.
'വലിയ ടൂര്‍ണമെന്റുകളിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പാണ് കെസിഎല്‍. വലിയ ലക്ഷ്യത്തിലേക്കുള്ള അവസരമാണിത്. ഐപിഎല്ലിലെ കേരള താരങ്ങളുടെ എണ്ണം കൂട്ടാന്‍ ഇതിലൂടെ സാധിക്കണം. നിലവില്‍ 7-8 താരങ്ങളാണ് മലയാളികളായി ഐപിഎല്‍ കളിച്ചിട്ടുള്ളത്. ഭാവിയില്‍ ഇത് 10ന് മുകളിലേക്ക് പോകണം' സഞ്ജു സാംസണ്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് മികവ് കാട്ടുന്ന പല താരങ്ങളുണ്ടെങ്കിലും ഐപിഎല്‍ ടീമുകളുടെ ശ്രദ്ധ നേടുന്ന തരത്തിലുള്ള ടൂര്‍ണമെന്റുകളോ അവസരങ്ങളോ താരങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.

എന്നാല്‍ കേരള ക്രിക്കറ്റ് ലീഗ് വരുന്നതോടെ കൂടുതല്‍ അവസരങ്ങള്‍ താരങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സഞ്ജു സാംസണ്‍ ഇത്തവണ കളിക്കാരനെന്ന നിലയില്‍ ടൂര്‍ണമെന്റിലുണ്ടാവില്ല. ഇന്ത്യന്‍ ടീമിന്റെ നിര്‍ദേശ പ്രകാരം ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതിനാലാണ് സഞ്ജു കെസിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ മികവ് കാട്ടുന്ന താരങ്ങളെ വളര്‍ത്താന്‍ സഞ്ജുവിന് നിര്‍ണ്ണായക പങ്ക് വഹിക്കാനാവും.
കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തിനുള്ള ശമ്പള സ്‌കെയിലും കെസിഎ പുറത്തുവിട്ടിട്ടുണ്ട്. എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന താരങ്ങളുടെ അടിസ്ഥാന ശമ്പളം രണ്ട് ലക്ഷ്യമാണ്. കാറ്റഗറി ബിയില്‍ പെടുന്നവര്‍ക്ക് 1 ലക്ഷമാണ് അടിസ്ഥാന ശമ്പളം. സികെ നായിഡു, അണ്ടര്‍ 23, അണ്ടര്‍ 19 തുടങ്ങിയവയിലെല്ലാം കളിക്കുന്ന താരങ്ങളെയാണ് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന താരങ്ങളുടെ അടിസ്ഥാന ശമ്പളം 50000 രൂപയാണ്.
ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ ഐക്കണ്‍ താരം പിഎ അബ്ദുല്‍ ബാസിത്താണ്. സച്ചിന്‍ ബേബി കൊല്ലം സെയ്‌ലേഴ്‌സിന്റെ ഐക്കണ്‍ താരമാവുമ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആലപ്പി റിപ്ലീസിന്റേയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റേയും വിഷ്ണു വിനോദ് തൃശൂര്‍ ടൈറ്റന്‍സിന്റേയും രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റേയും ഐക്കണ്‍ താരങ്ങളാവും. എന്തായാലും കേരള ക്രിക്കറ്റിന്റെ മുഖഛായ മാറ്റാന്‍ കെസിഎല്ലിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
രോഹന്‍ കുന്നുമല്ലിനെപ്പോലെ പല യുവതാരങ്ങളും കേരളത്തിലുണ്ട്. ഇവര്‍ക്കെല്ലാം ഐപിഎല്‍ കരാറിലേക്കെത്താനുള്ള വഴി കെസിഎല്ലിലൂടെ തുറക്കുമെന്ന് പ്രതീക്ഷിക്കാം. പ്രമുഖ സിനിമാ താരങ്ങളെയടക്കം ഉള്‍പ്പെടുന്ന പ്രചാരണം കെസിഎ ശക്തമാക്കിയിട്ടുണ്ട്. എന്തായാലും കേരളത്തിലെ ക്രിക്കറ്റ് താരങ്ങളുടെ തലവര മാറ്റുന്ന ടൂര്‍ണമെന്റായി കേരള ക്രിക്കറ്റ് ലീഗ് മാറുമെന്ന് തന്നെ കരുതാം.