IND vs ENG: കോലി-സ്‌റ്റോക്‌സ് കൊമ്പുകോര്‍ക്കലിന് കാരണമെന്ത്? വെളിപ്പെടുത്തി സിറാജ്
അഹമ്മദാബാദ്: നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും തമ്മില്‍ ഗ്രൗണ്ടില്‍ വച്ച് വാക്‌പോരിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് അംപയര്‍ക്ക് ഇടപെടണ്ടി വരികയും ഇരുവരെയും ശാന്തരാക്കുകയുമായിരുന്നു. മുഹമ്മദ് സിറാജിന്റെ ഓവറില്‍ സ്‌റ്റോക്‌സ് ബാറ്റ് ചെയ്യവെയായിരുന്നു നാടകീയ രംഗങ്ങള്‍.
എന്തായിരുന്നു ഈ ഏറ്റുമുട്ടലിനു യഥാര്‍ഥ കാരണമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സിറാജ്. ആദ്യദിനത്തിലെ കളി അവസാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടക്കമിട്ടത് സ്റ്റോക്‌സ്
ഞാന്‍ ഒരു ബൗണ്‍സര്‍ എറിഞ്ഞ ശേഷം സ്റ്റോക്‌സ് എന്നെ തുറിച്ചു നോക്കുകയും എന്തോ പറയുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഞാന്‍ ഇതേക്കുറിച്ച് വിരാട് ഭായിയെ അറിയിക്കുകയും ഇടപെടണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അതിനു ശേഷമാണ് അദ്ദേഹം സ്‌റ്റോക്‌സുമായി സംസാരിച്ചതെന്നും സിറാജ് വെളിപ്പെടുത്തി.
ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായ സ്‌റ്റോക്‌സ് 55 റണ്‍സെടുത്താണ് പുറത്തായത്. 121 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. വാഷിങ്ടണ്‍ സുന്ദറിനായിരുന്നു സ്‌റ്റോകിന്റെ വിക്കറ്റ്. ഇംഗ്ലീഷ് താരത്തെ സുന്ദര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

ബാറ്റിങ് വിക്കറ്റാണ്
ബാറ്റിങ് വിക്കറ്റാണ് ഇവിടുത്തേത്. ബോള്‍ നന്നായി ബാറ്റിലേക്കു വരുന്നുണ്ടായിരുന്നു. അതുകൊണ്ടു ക്ഷമയോടെ ബൗള്‍ ചെയ്യാനും ഒരേ സ്‌പോട്ടില്‍ തന്നെ തുടര്‍ച്ചയായി ബൗള്‍ ചെയ്യാനുമാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തതെന്നു സിറാജ് പറയുന്നു.
രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍ മാത്രമേ ടീമിലുള്ളൂവെന്നും അതുകൊണ്ടു തന്നെ നിങ്ങളെ റൊട്ടേറ്റ് ചെയ്തു കൊണ്ടിരിക്കുമെന്നും വിരാട് ഭായി പറഞ്ഞിരുന്നതായും സിറാജ് കൂട്ടിച്ചേര്‍ത്തു.

മികച്ച പ്രകടനത്തിനു ശ്രമിക്കും
ഇന്ത്യക്കു വേണ്ടി ഓസ്‌ട്രേലിയയില്‍ കളിച്ചാലും ഇവിടെ കളിച്ചാലും എറിയുന്ന ഓരോ ബോളിലും പരമാവധി മികച്ച പ്രകടനം നടത്താനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഇല്ലെങ്കില്‍ അതു ടീമിനെയും ബാധിക്കും. അതു സമ്മര്‍ദ്ദമൊഴിവാക്കുകയും ചെയ്യും. എല്ലാ ബോളും നന്നായി എറിയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സിറാജ് വ്യക്തമാക്കി.
റിലന്‍സ് എന്‍ഡില്‍ നിന്നും ഞാന്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എക്‌സ്ട്രാ ബൗണ്‍സും ബോളിന് മൂവ്‌മെന്റും ലഭിച്ചിരുന്നുവെന്നും പേസര്‍ പറഞ്ഞു.
അതേസമയം, ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ആദ്യദിനം തന്നെ അവസാനിപ്പിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിരുന്നു. 205 റണ്‍സിന് ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി. അക്ഷര്‍ പട്ടേല്‍ നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റുകളെടുത്തിരുന്നു. മുഹമ്മദ് സിറാജിന് രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications