ഐപിഎല്ലിന്റെ 18ാം സീസണ്‍ ഇന്ത്യയുടെ മുഴുവന്‍ മുന്‍നിര താരങ്ങളയും സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ചിലര്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ചിലരാവട്ടെ ഫ്‌ളോപ്പായി മാറുകയും ചെയ്തു. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയ ഈ താരങ്ങള്‍ തീര്‍ച്ചയായും ഭയക്കുക തന്നെ വേണം. കാരണം ഇന്ത്യന്‍ ടീമില്‍ നിന്നും ഇവരുടെ സ്ഥാനവും തെറിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടുമായി നാട്ടിലാണ് ടീം ഇന്ത്യ അവസാന ടി20 പരമ്പര കളിച്ചത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1നു ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ചില താരങ്ങള്‍ ഇത്തവണത്തെ ഐപിഎല്ലില്‍ നിറം മങ്ങിയിരുന്നു. അതിനാല്‍ തന്നെ ബംഗ്ലാദേശുമായുള്ള അടുത്ത പരമ്പരയില്‍ ഇവരുടെ ചീട്ട് കീറിയേക്കും ചെയ്യും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

രവി ബിഷ്‌നോയ്
യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ഇത്തവണത്തെ ഐപിഎല്ലില്‍ അദ്ദേഹം നനഞ്ഞ പടക്കമായി മാറി. 11 കോടി രൂപയ്ക്കു കഴിഞ്ഞ ഐപിഎല്ലിനു ശേഷം എല്‍എസ്ജി നിലനിര്‍ത്തിയ താരമാണ് ബിഷ്‌നോയ്. എന്നാല്‍ ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പച്ച വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനായില്ല.
ഫ്‌ളോപ്പ് ഷോ തുടര്‍ന്നതോടെ ബിഷ്‌നോയിയെ ഒഴിവാക്കിയ എല്‍എസ്ജി പകരം ദിഗ്വേഷ് റാട്ടിക്കു കൂടുതല്‍ അവസരങ്ങളും നല്‍കി. 11 മല്‍സരങ്ങള്‍ മാത്രമേ ബിഷ്‌നോയ് ഇത്തവണ കളിച്ചുള്ളൂ. 10.83 എന്ന മോശം ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് ഒമ്പതു വിക്കറ്റുകള്‍ മാത്രമാണ്. സീസണില്‍ ഏറ്റവും മോശം ഇക്കോണമി റേറ്റുള്ള സ്പിന്നറും ബിഷ്‌നോയ് തന്നെ.
ഈ പ്രകടനത്തോടെ ടി20യില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഇനി അദ്ദേഹത്തിനു അവസരങ്ങളു കുറയുമെന്നുറപ്പാണ്. വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവുമായിരിക്കും ഇനി ടി30യില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് സ്പിന്നര്‍മാര്‍.
റിങ്കു സിങ്
ടി20യില്‍ ഇന്ത്യന്‍ ടീമിലെ സ്‌പെഷ്യലിസ്റ്റ് ഫിനിഷറായ റിങ്കു സിങാണ് അടുത്തയാള്‍. 2024ലെ സീസണിനു ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് അദ്ദേഹം. 13 കോടിയാണ് അവര്‍ ഇതിനായി മുടക്കിയത്. പക്ഷെ ഈ തീരുമാനം അബദ്ധമായിരുന്നെന്നു ഫ്‌ളോപ്പ് ഷോയിലൂടെ റിങ്കു തെളിയിച്ചു.
11 ഇന്നിങ്‌സുകളിലാണ് അദ്ദേഹം കെകെആറിനായി ബാറ്റ് വീശിയത്. 153.7 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് വെറും 206 റണ്‍സാണ്. ഒരു മാച്ച് വിന്നിങ് പ്രകടനം പോലും റിങ്കുവിനു പുറത്തെടുക്കാനായില്ല. 2023ല്‍ അരങ്ങേിയതു മുതല്‍ ടി20യില്‍ ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലിലെ മോശം പ്രകടനം അടുത്ത ടി20 പരമ്പരയില്‍ റിങ്കുവിന്റെ സീറ്റ് തെറിപ്പിച്ചേക്കും.
നിതീഷ് റെഡ്ഡി
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ഇത്തവണത്തെ ഐപിഎല്ലിലെ ഫ്‌ളോപ്പുകളുടെ ലിസ്റ്റിലുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ബാറ്റിങിലോ, ബൗളിങിലോ യാതൊരു ചലനമുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല.
22.75 ശരാശരിയില്‍ വെറും 182 റണ്‍സാണ് നിതീഷിനു സ്‌കോര്‍ ചെയ്യാനായത്. 118.95 എന്ന വളരെ മോശം സ്‌ട്രൈക്ക് റേറ്റോടെയാണിത്. 2024ലെ ഐപിഎല്ലില്‍ എമേര്‍ജിങ് താരമായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് നിതീഷ്. ദേശീയ ടീമിലേക്കു അദ്ദേഹത്തിനു വഴി തുറന്നതും ഇതു തന്നെയാണ്.

മുഹമ്മദ് ഷമി
വെറ്ററന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയാണ് മോശം ഐപിഎല്‍ കാരണം ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനം നഷ്ടപ്പടാന് പോവുന്ന നാലാമത്തെ താരം. പരിക്കേറ്റ് ഒരു വര്‍ഷത്തിലേറെ പുറത്തിരുന്ന ശേഷം അദ്ദേഹം കളിച്ച ആദ്യത്തെ വലിയ ടൂര്‍ണമന്റാണ് ഐപിഎല്‍. പക്ഷെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ബൗളങില്‍ ഷമി ദയനീയ പരാജയമായി മാറി.
ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 11.23
എന്ന മോശം ഇക്കോണമി റേറ്റില്‍ വെറും ആറു വിക്കറ്റുകള്‍ മാത്രമേ ഷമി നേടിയുള്ളൂ. പഞ്ചാബ് കിങ്‌സുമായുള്ള കളിയില്‍ ഷമി വാരിക്കോരി നല്‍കിയത് 75 റണ്‍സാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെതന്നെ രണ്ടാമത്തെ ഏറ്റവും മോശം ബൗളിങ് പ്രകടനം കൂടിയാണിത്.