മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനു ശേഷം മികച്ചൊരു ഇടംകൈയന്‍ ഫാസ്റ്റ് ബൗളറെ കണ്ടെത്താന്‍ വിഷമിച്ച ഇന്ത്യക്കു ഒടുവില്‍ അങ്ങനെയൊരാളെ ലഭിച്ചതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആമിര്‍. യുവ പേസര്‍ അര്‍ഷ്ദീപ് സിങിനെയാണ് ആമിര്‍ പുകഴ്ത്തിയിരിക്കുന്നത്. ദീര്‍ഘകാലം ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ആശ്രയിക്കാവുന്ന ഇടംകൈയന്‍ ഫാസ്റ്റ് ബൗളറില്ലെന്ന പ്രശ്‌നം പരിഹരിക്കാന്‍ അര്‍ഷ്ദീപിനു കഴിയുമെന്നും ആമിര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കുറച്ചു അന്താരാഷ്ട്ര മല്‍സരങ്ങളില്‍ അര്‍ഷ്ദീപിന്റെ പ്രകടനങ്ങള്‍ ഉജ്ജ്വലമാണെന്നു പ്രശംസിച്ച ആമിര്‍ ഭാവിയില്‍ ഇന്ത്യന്‍ ബൗളിങിലെ നിര്‍ണായക സാന്നിധ്യമായി താരം മാറുമെന്നും ചൂണ്ടിക്കാട്ടി. ജൂണില്‍ ഐസിസി ടി20 ലോകകപ്പ് നടക്കാനിരിക്കെ മികച്ചൊരു ഇടംകൈയന്‍ പേസറില്ലെന്ന സെലക്ടര്‍മാരുടെയും ബിസിസിഐയുടെയും ദീര്‍ഘനാളത്തെ തലവേദന 26 കാരനായ അര്‍ഷ്ദീപ് അവസാനിപ്പിച്ചിരിക്കുകയാണ്.

നേരത്തേ ക്ലിക്കാവാതെ പോയ ഇന്ത്യന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്നും അര്‍ഷ്ദീപിനെ വേറിട്ടുനിര്‍ത്തുന്നത് ബൗളിങിലെ വേഗതയാണെന്നും ആമിര്‍ നിരീക്ഷിച്ചു. ഇന്ത്യയുടെ ആശ്രയിക്കാവുന്ന ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായി അര്‍ഷ്ദീപ് സിങ് മാറും. അവന്‍ വളരെ മികച്ച ഇടംകൈയന്‍ പേസറാണ്.
135-140 കിമി വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ഇടംകൈന്‍ ഫാസ്റ്റ് ബൗളറെയാണ് ഇന്ത്യക്കു ആവശ്യമെന്നും ദുബായില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ലീഗ് ടി20ക്കെത്തിയപ്പോള്‍ ആമിര്‍ വ്യക്തമാക്കി.
മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ബൗളിങിലെ നിര്‍ണായക സാന്നിധ്യമായി മാറിയിരിക്കുന്ന ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെയും അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ രണ്ട്- മൂന്ന് വര്‍ഷമെടുക്കുകയാണെങ്കില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മുഹമ്മദ് സിറാജാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം മെപ്പെട്ടതു കാണുമ്പോള്‍ അതു ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ശുഭ സൂചനയാണെന്നും മുഹമ്മദ് ആമിര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോക ക്രിക്കറ്റില്‍ ഒരു കാലത്തു ഇന്ത്യന്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ച സഹീര്‍ ഖാനു ശേഷം മറ്റൊരു മികച്ച ഇടംകൈയന്‍ പേസറെ കണ്ടെത്താനാവാതെ വലയുകയായിരുന്നു ഇന്ത്യ. ഖലീല്‍ അഹമ്മദ്, ടി നടരാജന്‍, ചേതന്‍ സക്കാരിയ, ജയദേവ് ഉനാട്കട്ട് തുടങ്ങി പല ഇടം കൈയന്‍മാരെയും ഇന്ത്യ അതിനു ശേഷം പരീക്ഷിച്ചു നോക്കിയെങ്കിലും ആര്‍ക്കും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി ടീമില്‍ സ്ഥാനമുറപ്പിക്കാനായില്ല.
ഒടുവില്‍ 2022ലാണ് പഞ്ചാബില്‍ നിന്നുള്ള അര്‍ഷ്ദീപ് സിങിനെ ഇന്ത്യ കണ്ടെത്തുന്നത്. ഇതിനു വഴിയൊരുക്കിയത് ഐപിഎല്ലുമായിരുന്നു. പഞ്ചാബ് കിങ്‌സിനു വേണ്ടി താരം നടത്തിയ ശ്രദ്ധേയമായ പ്രകടനങ്ങള്‍ സെലക്ടര്‍മാരെ ആകര്‍ഷിക്കുകയായിരുന്നു.

പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍ അര്‍ഷ്ദീപിന്റെ പ്രകടനമാണ് ഏറെ കൈയടി വാങ്ങിയത്. ബൗളിങിലെ വൈവിധ്യമാണ് താരത്തെ സ്‌പെഷ്യലാക്കി മാറ്റിയത്. സ്ലോ ബോളുകളും ബൗണ്‍സറുകളും യോര്‍ക്കറുകളുമെറിയാനുള്ള അര്‍ഷ്ദീപിന്റെ മിടുക്ക് ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു.
തുടര്‍ന്നാണ് 2022ല്‍ അര്‍ഷ്ദീപിനു ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയത്. ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരേ ടി20യിലും നവംബറില്‍ ന്യൂസിലാന്‍ഡിനെതിരേ ഏകദിനത്തിലും കളിച്ചുകൊണ്ട് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ന്യൂബോളിനേക്കാള്‍ ഡെത്ത് ഓവറുകളില്‍ അര്‍ഷ്ദീപിന്റെ പ്രകടനമാണ് ഏറെ മികച്ചുനിന്നത്.
ഇന്ത്യക്കു വേണ്ടി 44 ടി 20കളില്‍ കളിച്ചു കഴിഞ്ഞ അദ്ദേഹം 8.64 ഇക്കോണമി റേറ്റില്‍ 62 വിക്കറ്റുകളും വീഴ്ത്തിയിട്ടിണ്ട്. 38 റണ്‍സിനു നാലു പേരെ പുറത്താക്കിയതാണ് ഏറ്റവും മികച്ച പ്രകടനം. ഏകദിനത്തില്‍ ആറു മല്‍സരങ്ങളില്‍ മാത്രമേ അര്‍ഷ്ദീപ് കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 4.58 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകളെടുക്കുകയും ചെയ്തു. ഒരു ഫൈഫറും (37 റണ്‍സിന് അഞ്ചു വിക്കറ്റ്) ഇതിലുള്‍പ്പെടുന്നു.