
ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റില്‍ സംഭവിക്കാന്‍ പാടില്ലാത്തതും ഇതിന് മുമ്പ് കേട്ട് കേള്‍വി ഇല്ലാത്തതുമായ ഒരു സംഭവം നടന്നിരുന്നു. ടൂര്‍ണമെന്റ് കളിക്കാനെത്തിയ അഫ്ഗാന്‍ താരം മുഹമ്മദ് ഷഹ്‌സാദ് ഗ്രൗണ്ടിലിറങ്ങുകയും പരസ്യമായി പുകവലിക്കുകയും ചെയ്തതാണ് വലിയ വിവാദമായത്. മഴയെത്തുടര്‍ന്ന് നടത്താനിരുന്ന മത്സരം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ താരങ്ങള്‍ ഗ്രൗണ്ടിലേക്കിറങ്ങിയപ്പോഴാണ് ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത ഇത്തരമൊരു സംഭവമുണ്ടായത്.
സംഭവം വലിയ വിവാദമാവുകയും ആരാധകര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെ ഷഹ്‌സാദിനെതിരേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. കര്‍ശനമായി പുകവലി നിരോധിച്ചിട്ടും താരത്തില്‍ നിന്ന് ഇത്തരമൊരു പ്രവര്‍ത്തിയുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് സംഘാടകര്‍ വിലയിരുത്തിയത്. ഷഹ്‌സാദ് കുറ്റം സമ്മതിച്ചതോടെ ഡീമെറിറ്റ് പോയിന്റും അദ്ദേഹത്തിന് ലഭിച്ചു.

ഇപ്പോഴിതാ എന്തും ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിലവാരമില്ലാത്ത ടൂര്‍ണമെന്റാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗെന്നും ജോക്കര്‍ ലീഗാണിതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ആരാധകര്‍. ട്വിറ്ററിലൂടെയാണ് പല ആരാധകരും ബിപിഎല്ലിലെ ട്രോളിയത്. നിലവാരിമില്ലാത്ത ടൂര്‍ണമെന്റില്‍ താരങ്ങള്‍ക്ക് തോന്നിയതുപോലെ എന്തും ചെയ്യാമെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഷഹ്‌സാദിന്റെ കുടവയറിന്റെ രഹസ്യം പുകവലിയാണോയെന്നാണ് മറ്റൊരു ആരാധകന്‍ പരിഹസിച്ചിരിക്കുന്നത്.
ഷഹ്‌സാദിനെ ആരാണ് ടീമിലെടുത്തതെന്നും എപ്പോഴും ഇത്തരം മോശം പ്രവര്‍ത്തികളുടെ പേരില്‍ വിവാദം സൃഷ്ടിക്കുന്നവനാണ് അവനെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അങ്കിത് എന്ന ആരാധകന്‍. ഷഹ്‌സാദ് ഇനിയും ഏറെ മര്യാദകള്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നാണ് മറ്റൊരു ആരാധകന്‍ പ്രതികരിച്ചത്. പൊതുവേ കായിക താരങ്ങള്‍ക്ക് സമൂഹത്തില്‍ മാന്യതയുടെ മുഖമുണ്ട്. പ്രത്യേകിച്ച് ക്രിക്കറ്റ് താരങ്ങള്‍ക്ക്. അതുകൊണ്ടാണ് ക്രിക്കറ്റിനെ മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്നത്.

പുകവലിക്കുന്നത് പൊതുവേ കായിക താരങ്ങള്‍ ചെയ്യാത്ത കാര്യമാണ്. കാരണം കായിക താരങ്ങളെന്ന നിലയില്‍ ഉയര്‍ന്ന ഫിറ്റ്‌നസ് ഇവര്‍ക്കെല്ലാം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പരമാവധി ലഹരിയില്‍ വിട്ടുനില്‍ക്കാനാണ് കായിക താരങ്ങള്‍ ശ്രമിക്കാറ്. ലഹരി ഉപയോഗിക്കുന്നുണ്ടെങ്കില്‍ തന്നെ രഹസ്യമായാവും കൂടുതല്‍ കായിക താരങ്ങളും ചെയ്യുക. കാരണം കായിക താരങ്ങളെ മാതൃകയാക്കുന്നവര്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.
സീനിയര്‍ താരമായ ഷഹ്സാദ് അഫ്ഗാന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പ്രശസ്തനായ താരങ്ങളിലൊരാളാണ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായ താരം തന്റെ ഫിറ്റ്‌നസിന്റെ പേരില്‍ പലപ്പോഴും പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങുന്ന താരത്തിന്റെ അമിത വണ്ണമാണ് ആരാധകരെ ട്രോളാന്‍ പ്രേരിപ്പിക്കുന്നത്. അഫ്ഗാന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട താരം പിന്നീട് ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തുകയായിരുന്നു.

അഫ്ഗാനായി 69 ടി20യില്‍ നിന്ന് 1961 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. രണ്ട് ടെസ്റ്റില്‍ നിന്ന് 69 റണ്‍സും 84 ഏകദിനത്തില്‍ നിന്ന് 2721 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ബിപിഎല്‍, പിഎസ്എല്‍, സിപിഎല്‍ തുടങ്ങിയ ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലെല്ലാം അദ്ദേഹം സജീവമാണ്. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ ആരും അദ്ദേഹത്തെ വാങ്ങിയിട്ടില്ല. മോശം പെരുമാറ്റംകൊണ്ട് വൈറലായിക്കഴിഞ്ഞ താരത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഷഹ്‌സാദിനെ വിലക്കണമെന്ന് അഭിപ്രായപ്പെടുന്നവരും ചെറുതല്ല. പരസ്യമായി സ്റ്റേഡിയത്തില്‍ സംഘാടകരും മാധ്യമങ്ങളുമെല്ലാം നില്‍ക്കുമ്പോഴാണ് ഷഹ്‌സാദ് പുകവലിച്ചതെന്നാണ് കൗതുകം. ടീം പരിശീലകന്‍ പറഞ്ഞ് വിലക്കിയിട്ടും അത് വകവെക്കാതെ ഷഹ്‌സാദ് പുകവലിച്ചത് ഗുരുതര അച്ചടക്ക ലംഘനമായിത്തന്നെ വേണം വിലയിരുത്താന്‍. എന്തായാലും ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചാ വിഷയമായി സംഭവം മാറിക്കഴിഞ്ഞു.