അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഉറക്കം കെടുത്തുന്ന ബൗളര്‍മാരുടെ നിരയിലേക്കുയര്‍ന്നിരിക്കുകയാണ് ഇംഗ്ലണ്ട് സ്പിന്നര്‍ മോയിന്‍ അലി. മൂന്നാം ഏകദിനത്തില്‍ കോലിയെ പുറത്താക്കിയത് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ പഴയ സഹതാരം കൂടിയായ അലിയായിരുന്നു.

കളിയുടെ 18ാം ഓവറിലായിരുന്നു കോലിയെ ബൗള്‍ഡാക്കി അലി ഇന്ത്യയെ സ്തബ്ധരാക്കിയത്. പിച്ച് ചെയ്ത ശേഷം ലെഗ് സ്റ്റംപിലേക്കു ടേണ്‍ ചെയ്തു കയറിയ ബോള്‍ കോലിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ബാക്ക്ഫൂട്ടില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിനു ടൈമിങ് പാളിയപ്പോള്‍ ബൗള്‍ഡാവുകയായിരുന്നു. 10 ബോളില്‍ ഏഴു റണ്‍സ് മാത്രമാണ് കോലിക്കു നേടാനായത്.
ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അലി ഏറ്റവുമധികം തവണ പുറത്താക്കിയ താരമായി കോലി മാറി. ഒമ്പതാം തവണയാണ് അദ്ദേഹം ഇന്ത്യന്‍ നായകനെ പവലിയനിലേക്ക് അയച്ചത്. എട്ടു തവണ പുറത്താക്കിയ ഇന്ത്യയുടെ തന്നെ അജിങ്ക്യ രഹാനെയാണ് രണ്ടാംസ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിന്റെ കാര്‍ലോസ് ബ്രാത്വെയ്റ്റിനെ ഏഴു തവണയും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാണ്ര്‍ എന്നിവരെ ആറു തവണയും അലി ഔട്ടാക്കിയിട്ടുണ്ട്.

ഇനി കോലിയുടെ ഭാഗത്തു നിന്നു നോക്കിയാല്‍ അദ്ദേഹത്തെ ഏറ്റവുമധികം തവണ പുറത്താക്കിയിട്ടുള്ള ബൗളര്‍മാരില്‍ രണ്ടാംസ്ഥാനത്തെത്തിയിരിക്കുകയാണ് അലി. നാട്ടുകാരനും സ്പിന്നറുമായ ആദില്‍ റഷീദിനൊപ്പം രണ്ടാംസ്ഥാനം പങ്കിടുകയാണ് അദ്ദേഹം. ഇരുവരും ഒമ്പതു തവണ വീതം കോലിയെ ഔട്ടാക്കിയിട്ടുണ്ട്. ന്യൂസിലാന്‍ഡ് പേസര്‍ ടിം സോത്തിയാണ് ഇന്ത്യന്‍ നായകനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ പുറത്തായക്കിയത് (10 തവണ). ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു മൂന്നുപേരുണ്ട്. എല്ലാവരും ഇംഗ്ലണ്ട് താരങ്ങളുമാണ്. മുന്‍ സ്പിന്നര്‍ ഗ്രേയം സ്വാന്‍, പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ എട്ടു തവണ വീതം കോലിയെ പുറത്താക്കിയിട്ടുണ്ട്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകിനത്തില്‍ ടോസ് നഷ്ടമായി ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ മികച്ച ടോട്ടലിലേക്കു നീങ്ങുകയാണ്. 38 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 266 റണ്‍സെടുത്തിട്ടുണ്ട്. റിഷഭ് പന്ത് (78), ശിഖര്‍ ധവാന്‍ (67), ഹാര്‍ദിക് പാണ്ഡ്യ (58*) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യക്കു കരുത്തായത്. രോഹിത് ശര്‍മയാണ് (37) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.