സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച സൂപ്പര്‍ താരങ്ങളിലൊരാളാണ് ഡേവിഡ് വാര്‍ണര്‍. ഓപ്പണറെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. നായകനായും വൈസ് ക്യാപ്റ്റനായുമെല്ലാം തിളങ്ങിയിട്ടുള്ള വാര്‍ണര്‍ ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. വരാനിരിക്കുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഡേവിഡ് വാര്‍ണറുണ്ട്.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് പിന്നാലെ പരിമിത ഓവറില്‍ നിന്ന് വാര്‍ണര്‍ വിരമിക്കുമെന്ന സൂചന നല്‍കിയിരുന്നു. ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും വൈകാതെ തന്നെ വാര്‍ണര്‍ കളി നിര്‍ത്തിയേക്കും. വലിയ വിടവാങ്ങല്‍ തന്നെ അര്‍ഹിക്കുന്ന താരമാണ് ഡേവിഡ് വാര്‍ണര്‍. മികച്ച റെക്കോഡുകള്‍ എല്ലാ ഫോര്‍മാറ്റിലും അദ്ദേഹത്തിന് അവകാശപ്പെടാനാവും. എന്നാല്‍ വാര്‍ണറിന് വിരമിക്കല്‍ മത്സരമോ യാത്രയയപ്പോ നല്‍കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍.
ഡേവിഡ് വാര്‍ണര്‍ക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് ജോണ്‍സണ്‍. എന്നാല്‍ വാര്‍ണര്‍ വിടപറയല്‍ മത്സരം അര്‍ഹിക്കാത്ത താരമാണെന്നാണ് ജോണ്‍സണ്‍ പറയുന്നത്. പന്ത് ചുരണ്ടല്‍ വിവാദം ചൂണ്ടിക്കാട്ടിയാണ് വാര്‍ണറെ ജോണ്‍സണ്‍ വിമര്‍ശിച്ചത്. 'അത് സംഭവിച്ചിട്ട് അഞ്ച് വര്‍ഷത്തിലേറെയായേക്കാം. എന്നാല്‍ ഇപ്പോഴും പന്ത് ചുരണ്ടല്‍ വിവാദം ഓസ്‌ട്രേലിയയെ വേട്ടയാടുന്നു. ഓസ്‌ട്രേലിയ ഇപ്പോള്‍ വാര്‍ണര്‍ക്ക് യാത്രയയപ്പ് മത്സരം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.
പക്ഷെ എന്തിനാണ് അങ്ങനെ നല്‍കുന്നതെന്ന് മനസിലാവുന്നില്ല. മികച്ച ഫോമിലല്ലാത്ത ടെസ്റ്റ് താരത്തിന് സ്വന്തം വിരമിക്കല്‍ ദിവസം തീരുമാനിക്കാന്‍ അനുവദി നല്‍കുന്നത് എന്തിനാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് വലിയ നാണക്കേടുണ്ടാക്കിയ താരമാണവന്‍. പിന്നെ എന്തിനാണ് ഇത്തരമൊരു യാത്രയയപ്പ്. ആജീവനാന്തം നായകനാവാന്‍ സാധിക്കാതെ വിലക്ക് നേരിടുന്നവനാണ് വാര്‍ണര്‍. എന്നാല്‍ അവന്റെ കരിയറിലെ ആകെ പ്രകടനങ്ങള്‍ മോശമല്ല.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ അവന്റെ കണക്കുകള്‍ അത്ര മികച്ചതല്ല. വാലറ്റക്കാരന്റേതുപോലെയാണ് ശരാശരി'- ജോണ്‍സണ്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഓസീസ് പന്ത് ചുരണ്ടല്‍ നടത്തിയതും വിവാദമായതും. സ്റ്റീവ് സ്മിത്ത് നായകനും ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റനുമായിരിക്കെയാണ് ഇത് സംഭവിച്ചത്. രണ്ട് പേര്‍ക്കും വിലക്ക് ലഭിച്ചിരുന്നു. കൂടാതെ വാര്‍ണക്ക് ക്യാപ്റ്റന്‍സിയില്‍ ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി.
ഇതിന് ശേഷം സ്റ്റീവ് സ്മിത്ത് ഓസീസിനെ നയിച്ചെങ്കിലും വാര്‍ണറുടെ സ്ഥാനം പടിക്ക് പുറത്താണ്. ഓസീസ് ക്രിക്കറ്റിനെ വലിയ നാണക്കേടിലേക്ക് തള്ളിവിട്ട സംഭവമാണിത്. എന്നാല്‍ ഇതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ഓസ്‌ട്രേലിയ അവസാന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇപ്പോള്‍ ഏകദിന ലോകകപ്പുമടക്കം നേടി. എങ്കിലും ഓസ്‌ട്രേലിയന്‍ ടീമിനെതിരേ വലിയ വിമര്‍ശനം ഉയരാനും ടീമിന് വലിയ നാണക്കേടായും ഇത് മാറി.
'ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാരുടെ പല തീരുമാനങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. ബെയ്‌ലിയെ മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. മുഖ്യ പരിശീലകന്‍ പോലും ഒന്നും പ്രതികരിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമിലെ മുഖ്യ പരിശീലകന്റെ റോള്‍ എന്താണെന്ന് പലവട്ടം ഞാന്‍ ചിന്തിച്ചിരുന്നു' ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ കറുത്ത അധ്യായമാണ് പന്ത് ചുരണ്ടലെന്ന് പറയാം.
അന്ന് സ്മിത്തും വാര്‍ണറും പിടിക്കപ്പെട്ടതിന് പിന്നാലെ വിമര്‍ശനം ഉന്നയിച്ച് ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു. ഇരുവരേയും കളിപ്പിക്കരുതെന്നും ഓസീസ് ടീമിന്റെ അന്തസിന് ചേര്‍ന്ന പ്രവര്‍ത്തിയല്ല ഇവര്‍ കാഴ്ചവെച്ചതെന്നാണ് അന്ന് ജോണ്‍സണ്‍ പ്രതികരിച്ചത്. ഓസീസ് ക്രിക്കറ്റ് ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുള്ള പേസറാണ് ജോണ്‍സണ്‍. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡും ജോണ്‍സണുണ്ട്. അതിവേഗത്തില്‍ പന്തെറിഞ്ഞിരുന്ന ജോണ്‍സണ്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നുവെന്ന് പറയാം.