മിന്നു മിന്നിച്ചു, മൂന്നാം ടി20യിലും കൈയടി നേടി വയനാട്ടുകാരി! പക്ഷെ ഇന്ത്യ തോറ്റു
ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലും ഗംഭീര പ്രകടനവുമായി മിന്നു മണി. മത്സരത്തില്‍ ഇന്ത്യ നാലു വിക്കറ്റിന് തോറ്റെങ്കിലും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി മലയാളി താരം കൈയടി നേടി. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് മിന്നു രണ്ട് വിക്കറ്റുകള്‍ പിഴുതത്. 7 ഇക്കോണമിയിലായിരുന്നു യുവതാരത്തിന്റെ ബൗളിങ്. ബംഗ്ലാദേശ് ഓപ്പണര്‍ ഷാതി റാണിയെ സ്മൃതി മന്ദാനയുടെ കൈയിലെത്തിച്ച മിന്നു ദിലാറ അക്തറെയും പുറത്താക്കി.
മിന്നുവിനെ ക്രീസില്‍ നിന്ന് കയറി കളിക്കാന്‍ ശ്രമിച്ച ദിലാറയെ യാസ്തിക ബാട്ടിയ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഇന്ത്യക്കായി അരങ്ങേറ്റ പരമ്പരയില്‍ത്തന്നെ മികച്ച പ്രകടനം നടത്താന്‍ മിന്നുവിന് സാധിച്ചിരിക്കുകയാണ്. മൂന്ന് മത്സര ടി20 പരമ്പരയില്‍ നിന്ന് അഞ്ച് വിക്കറ്റുകളാണ് മിന്നു നേടിയത്. കേരളത്തില്‍ നിന്ന് ഇന്ത്യയുടെ വനിതാ ടീമിലേക്കെത്തുന്ന ആദ്യത്തെ താരമെന്ന നേട്ടം മികച്ച പ്രകടനം കാഴ്ചവെച്ച് മിന്നു ആഘോഷമാക്കി.

അരങ്ങേറ്റ മത്സരത്തിന്റെ നാലാം പന്തില്‍ത്തന്നെ വിക്കറ്റ് നേടിയ മിന്നു രണ്ടാം ടി20യില്‍ രണ്ട് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതില്‍ ആദ്യ വിക്കറ്റ് നേടിയത് ഓവര്‍ മെയ്ഡനാക്കിയാണ്. മൂന്നാം ടി20യിലും ശ്രദ്ധേയ പ്രകടനം നടത്തിയതോടെ ഇന്ത്യന്‍ ടീമിനൊപ്പം മിന്നുവിന് കൂടുതല്‍ അവസരം പ്രതീക്ഷിക്കാം. ഓള്‍റൗണ്ടര്‍ താരമാണ് മിന്നു. എന്നാല്‍ ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാനായിട്ടില്ല. എന്നാല്‍ ബൗളിങ്ങില്‍ അരങ്ങേറ്റക്കാരിയുടെ ഭയമില്ലാതെ മിന്നിക്കാന്‍ മിന്നുവിനായി.
മൂന്നാം ടി20 തോറ്റെങ്കിലും ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ മൂന്ന് മത്സര ടി20 പരമ്പര 2-1ന് സ്വന്തമാക്കി. ഇന്ത്യയുടെ ബാറ്റിങ് നിര കളി മറന്നതാണ് മൂന്നാം ടി20 തോല്‍ക്കാനുള്ള കാരണം. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടക്കം മുതല്‍ ഇന്ത്യക്ക് തകര്‍ച്ച നേരിട്ടു. വെടിക്കെട്ട് ഓപ്പണര്‍ സ്മൃതി മന്ദാന (1) പെട്ടെന്ന് പുറത്തായി. ഷഫാലി വര്‍മയും (11) കാര്യമായൊന്നും ചെയ്യാതെ മടങ്ങി.
ജെമീമ റോഡ്രിഗസും (26 പന്തില്‍ 28) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (41 പന്തില്‍ 40) നടത്തിയ പ്രകടനമാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ജമീമ നാല് ബൗണ്ടറി നേടിയപ്പോള്‍ മൂന്ന് ഫോറും ഒരു സിക്‌സുമായിരുന്നു ഹര്‍മന്‍പ്രീതിന്റെ സമ്പാദ്യം. ഇന്ത്യയുടെ മധ്യനിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. വിക്കറ്റ് കീപ്പര്‍ യാസ്തിക ബാട്ടിയ 12 റണ്‍സുമായി മടങ്ങി.
അമന്‍ജോത് കൗര്‍ (2), പൂജ വസ്ത്രാക്കര്‍ (2) ദീപ്തി ശര്‍മ (4) എന്നിവര്‍ക്കൊന്നും കാര്യമായി സംഭാവന നല്‍കാനായില്ല. രണ്ട് പന്ത് നേരിട്ട് ഒരു റണ്‍സാണ് മിന്നു മണി നേടിയത്. ബംഗ്ലാദേശിനായി റബേ ഖാന്‍ മൂന്നും സുല്‍ത്താന രണ്ടും വിക്കറ്റ് നേടി. നഹിത അക്തര്‍, ഫഹിമ, ഷൊര്‍ണ അക്തര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. മറുപടിക്കിറങ്ങിയ ആതിഥേയരെ തുടക്കത്തിലേ വിറപ്പിക്കാന്‍ ഇന്ത്യക്കായി. ഷാതി റാണിയെ മടക്കി മിന്നു ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.
എന്നാല്‍ ഷാമിന സുല്‍ത്താന (42) മികച്ച പ്രകടനത്തോടെ ബംഗ്ലാദേശിന് അടിത്തറ പാകി. നിഗര്‍ സുല്‍ത്താന (14), സുല്‍ത്താന ഗാട്ടുന്‍ (12) എന്നിവരും നിര്‍ണ്ണായക റണ്‍സ് നേടി. റിതു മോനി (7), നഹിത (10) എന്നിവര്‍ പുറത്താവാതെ നിന്ന് ബംഗ്ലാദേശിന് ആശ്വാസ ജയം സമ്മാനിക്കുകയായിരുന്നു. ആതിഥേയരെന്ന നിലയില്‍ ഹാട്രിക് തോല്‍വി വഴങ്ങാതെ നാണക്കേടില്‍ നിന്ന് ബംഗ്ലാദേശ് രക്ഷപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications