For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അരങ്ങേറ്റത്തില്‍ 'മിന്നിച്ച്' മിന്നു മണി, സഞ്ജു എന്താണ് പറഞ്ഞത്? വെളിപ്പെടുത്തി യുവതാരം

കൊച്ചി: കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയാണ് വയനാട്ടുകാരിയായ മിന്നു മണിക്ക് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിലേക്ക് വിളിയെത്തിയത്. പരിമിതമായ സാഹചര്യങ്ങള്‍ക്ക് മുന്നില്‍ പൊരുതിനിന്ന മിന്നു ഇപ്പോള്‍ സ്വപ്‌ന സാക്ഷാത്കാരമായി ദേശീയ ടീം അരങ്ങേറ്റവും നടത്തിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെട്ട മിന്നു എറിഞ്ഞ നാലാം പന്തില്‍ വിക്കറ്റും നേടി.

ബംഗ്ലാദേശ് ഓപ്പണര്‍ ഷാമിന സുല്‍ത്താനയെയാണ് മിന്നു പുറത്താക്കിയത്. മൂന്ന് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റുമായി അരങ്ങേറ്റം അവിസ്മരണീയമാക്കാന്‍ മിന്നു മണിക്ക് സാധിച്ചു. ഇതോടെ അഭിനന്ദന പ്രവാഹമായിരുന്നു മിന്നുവിന് ലഭിച്ചത്. ഏറെ നാളുകളായി കേരള ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ് മിന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത സാഹചര്യത്തില്‍ നിന്ന് മിന്നു സ്വന്തമാക്കിയ നേട്ടങ്ങള്‍ക്ക് പത്തരമാറ്റ് തിളക്കമുണ്ട്.

മിന്നു മണി കേരളത്തിന്റെ അഭിമാനമായി മാറിയപ്പോള്‍ സഞ്ജു സാംസണ്‍ എന്താണ് പറഞ്ഞത്? ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിലെ മലയാളി താരമായ സഞ്ജു തനിക്കയച്ച സന്ദേശം വെളിപ്പെടുത്തിയിരിക്കുകയാണ് മിന്നു മണി. സഞ്ജുവിന്റെ ആശംസക്ക് മിന്നു ഇന്‍സ്റ്റഗ്രാമിലൂടെ നന്ദിയും പറഞ്ഞു. 'ഹായ് മിന്നു, ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ അഭിനന്ദനം നേര്‍ന്നുകൊള്ളുന്നു. തീര്‍ച്ചയായും വളരെ മഹത്തായ നേട്ടമാണിത്. ഞങ്ങളെല്ലാം നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു' എന്നായിരുന്നു സഞ്ജുവിന്റെ സന്ദേശം.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച മിന്നു 'നന്ദി ചേട്ടാ' എന്നും കുറിച്ചു. മിന്നുവിന്റെ ഈ പോസ്റ്റിന് താഴെയും നിരവധിയാളുകളാണ് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്‌സിയണിയുന്ന ആദ്യത്തെ വനിതാ താരമാണ് മിന്നു മണി. കേരളത്തിലെ വനിതാ ക്രിക്കറ്റിന് വലിയ പ്രതീക്ഷയും ഊര്‍ജ്ജവും പകരുന്ന നേട്ടമാണ് മിന്നുവിന്റേത്. കേരളത്തില്‍ നിന്ന് ഇനിയും വനിതാ താരങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ മിന്നു വലിയ പ്രചോദനമാകുമെന്നുറപ്പ്.

minnu mani

വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡല്‍ഹിയുടെ ഭാഗമായിരുന്നു മിന്നു. ഓള്‍റൗണ്ടറായ താരത്തിന് ബംഗ്ലാദേശിനെതിരായ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും അവസരം ലഭിക്കാനാണ് സാധ്യത. ആദ്യ മത്സരത്തിലെക്കാളും മികച്ച പ്രകടനം രണ്ടാം മത്സരത്തില്‍ മിന്നുവിന് കാഴ്ചവെക്കാനാവുമോയെന്നത് കണ്ടറിയാം. ഇന്ത്യയുടെ വനിതാ ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാനുള്ള അവസരം മിന്നുവിനുണ്ട്. തുടക്കം ഗംഭീരമായതുപോലെ തുടര്‍ന്നും മികവ് ആവര്‍ത്തിക്കാന്‍ യുവതാരത്തിനാവുമെന്ന് പ്രതീക്ഷിക്കാം.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റിന് 114 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (54*), സ്മൃതി മന്ദാന (38) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്.

ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യക്കാവും. 13ാം തീയ്യതിയാണ് മൂന്നാം മത്സരം നടക്കുന്നത്. മിന്നുവിന് വലിയ പിന്തുണ സഹതാരങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. മലയാളി ആരാധകര്‍ക്കിടയില്‍ സഞ്ജു സാംസണിന് ലഭിക്കുന്നതുപോലെ നാളെ മിന്നുവിനും വലിയ ആരാധക പിന്തുണ ലഭിച്ചേക്കും. മലയാളി ആരാധകരെ സംബന്ധിച്ച് സഞ്ജുവും മിന്നുവും അഭിമാന താരങ്ങളാണ്. ഇന്ത്യക്കായി ലോകകപ്പടക്കം കളിക്കാന്‍ ഇരുവര്‍ക്കും സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

സഞ്ജു സാംസണ്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവും ഇടം നേടിയിട്ടുണ്ട്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ സഞ്ജുവിനും വളരെ നിര്‍ണ്ണായകമായ പരമ്പരയാണ് വരാനിരിക്കുന്നത്.

Story first published: Tuesday, July 11, 2023, 7:12 [IST]
Other articles published on Jul 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+