T20 WC 2026: സ്മിത്തില്ല, കപ്പുമില്ല! ഓസീസിന്റെ പുറത്തുപോക്കിൽ സെലക്ടർമാരെ വലിച്ചുകീറി മൈക്കൽ വോൺ
2026 ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഓസ്‌ട്രേലിയ പുറത്തായത് ഓസീസ് ക്രിക്കറ്റിൽ വലിയ വാഗ്വാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ടീം സെലക്ഷനിലെ പാകപ്പിഴകളാണ് ഈ തകർച്ചയ്ക്ക് കാരണമെന്നാണ് ഭൂരിഭാഗം മുൻ താരങ്ങളുടെയും അഭിപ്രായം. പ്രധാനമായും മുൻ നായകൻ സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് വിമർശനങ്ങളുടെ കേന്ദ്രബിന്ദു.
മൈക്കൽ വോണിന്റെ രൂക്ഷവിമർശനം:
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ഓസീസ് സെലക്ടർമാരുടെ തീരുമാനത്തെ രൂക്ഷമായി പരിഹസിച്ചു. "സ്റ്റീവ് സ്മിത്തിനെപ്പോലൊരാളെ എങ്ങനെയാണ് ഈ ടൂർണമെന്റിൽ ഉൾപ്പെടുത്താതിരുന്നത് എന്നത് എനിക്ക് മനസ്സിലാകുന്നില്ല. ബിഗ് ബാഷിൽ അദ്ദേഹം കളിച്ച രീതിയും സ്പിന്നിനെ നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവും കണക്കിലെടുക്കുമ്പോൾ ഓസ്‌ട്രേലിയ വലിയൊരു അബദ്ധമാണ് കാണിച്ചത്," വോൺ പറഞ്ഞു.

സ്പിൻ വെല്ലുവിളിയും സ്മിത്തിന്റെ അഭാവവും:
ഉപഭൂഖണ്ഡത്തിലെ പിച്ചുകളിൽ പന്ത് പഴയതാകുമ്പോൾ റൺസ് കണ്ടെത്താൻ ഓസീസ് ബാറ്റർമാർ വിയർത്തു. പവർ ഹിറ്റിംഗിന് മുൻതൂക്കം നൽകിയ ഓസ്‌ട്രേലിയൻ നിരയ്ക്ക് സ്പിന്നിനെ തന്ത്രപരമായി നേരിടാൻ സ്മിത്തിനെപ്പോലൊരു താരത്തിന്റെ അഭാവം വലിയ തിരിച്ചടിയായി. മിഡിൽ ഓവറുകളിൽ കളി നിയന്ത്രിക്കാനും സ്പിന്നർമാർക്കെതിരെ റൺസ് കണ്ടെത്താനും സ്മിത്ത് മിടുക്കനായിരുന്നു.
ലെമാന്റെ ചോദ്യം:
മുൻ ഓസ്‌ട്രേലിയൻ പരിശീലകൻ ഡാരൻ ലെമാനും സെലക്ഷനെ ചോദ്യം ചെയ്തു. ബിഗ് ബാഷിൽ 60 ശരാശരിയിലും 168 സ്ട്രൈക്ക് റേറ്റിലും 299 റൺസ് അടിച്ചുകൂട്ടിയ സ്മിത്തിനെ വെറും പേരിന്റെ പുറത്തല്ല, മറിച്ച് ഫോമിന്റെ കരുത്തിലാണ് ടീമിലെടുക്കേണ്ടിയിരുന്നത് എന്ന് അദ്ദേഹം വാദിക്കുന്നു. വെറും പവർ ഹിറ്റേഴ്സിനെ മാത്രം വിശ്വസിച്ച ഓസ്‌ട്രേലിയക്ക് സ്പിന്നിനെതിരെയുള്ള മികച്ച 'ഇൻഷുറൻസ് പോളിസി'യായിരുന്നു സ്മിത്തെന്നും ലെമാൻ കൂട്ടിചേർത്തു.
2026 ടി20 ലോകകപ്പിൽ നിരാശാജനകമായ പ്രകടനമായിരുന്നു ടീം ഓസ്ട്രേലിയ നടത്തിയത്. ആദ്യ മത്സരത്തിൽ അയർലാൻഡിനെതിരെ 61 റൺസിന്റെ വിജയം നേടിയെങ്കിലും രണ്ടാം മത്സരത്തിൽ കങ്കാരുക്കൾക്ക് കാലിടറി. സിംബാബ്‍വേയ്ക്കെതിരെ 23 റൺസിന് തോൽവി ഏറ്റുവാങ്ങി. 2007ലെ ടി20 ലോകകപ്പിന് ശേഷം വീണ്ടും സിംബാബ്‍വേയുമായി ഏറ്റുമുട്ടിയ ഓസീസിന് 2007ലേത് പോലെത്തന്നെ തോൽക്കേണ്ടി വന്നു. ടി20 ലോകകപ്പ് ചരിത്രത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 100 ശതമാനം വിജയമുള്ള ടീമുകളിൽ സിംബാബ്‍വേയും ഉൾപ്പെടുന്നു. എന്നാൽ നിർണായകമായ മൂന്നാം മത്സരത്തിൽ മികച്ച രീതിയിൽ പോയിക്കൊണ്ടിരുന്ന ഓസീസിന് അവസാന ഓവറുകളിൽ കാലിടറുകയും അത് ശ്രീലങ്കയെ തുണയ്ക്കുകയുമാണ് ചെയ്തത്. നിശ്ചിത 20 ഓവറിൽ 181 എന്ന ടോട്ടലിൽ ഒതുങ്ങി പോവുകയും ആതിഥേയരായ ശ്രീലങ്ക അനായാസം ഓസ്ട്രേലിയയെ തോൽപ്പിക്കുകയുമാണ് ഉണ്ടായത്. പാത്തും നിസംഗയുടെ അതിമനോഹര സെഞ്ച്വറിയുടെ പിൻബലത്തിൽ ശ്രീലങ്ക ഓസീസിനെ പഞ്ഞിക്കിടുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെ ഒരു മത്സരം കൂടി ബാക്കിയായെങ്കിലും സിംബാബ്‍വേ നടത്തിയ അട്ടിമറിയാണ് മുൻ ചാമ്പ്യന്മാർ കൂടിയായ ഓസ്ട്രേലിയയ്ക്ക് സൂപ്പർ 8 സ്ഥാനം നടഷ്മാകാൻ കാരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications