Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: തിലക് പുലിയല്ല, പുപ്പുലി! അപൂര്‍വ്വ പ്രതിഭ- ധോണിക്കൊപ്പം, വാഴ്ത്തി ഫാന്‍സ്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരത്തിലൂടെ കൈയടി നേടുകയാണ് യുവതാരം തിലക് വര്‍മ. ആര്‍സിബിക്കെതിരേ മുംബൈ ഇന്ത്യന്‍സിന്റെ പേരുകേട്ടവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഒറ്റക്ക് ടീമിനെ ചുമലിലേറ്റിയിരിക്കുകയാണ് യുവതാരം. 20 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന മുംബൈ ഇന്ത്യന്‍സിനെ 171 എന്ന പൊരുതാവുന്ന ടോട്ടലിലേക്കെത്തിച്ചത് 20കാരനായ തിലക് വര്‍മയുടെ ഒറ്റയാള്‍ പ്രകടനമാണ്.

ഒരുവശത്ത് വിക്കറ്റ് വീണതിന്റെ പതറിച്ചയില്ലാതെ കളിച്ച തിലക് തുടക്കം മുതല്‍ കടന്നാക്രമിച്ചു. 46 പന്തില്‍ 9 ഫോറും 4 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 84 റണ്‍സാണ് തിലക് അടിച്ചെടുത്തത്. സഹതാരങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയും ലഭിക്കാത്ത ഘട്ടത്തിലാണ് അണ്‍ക്യാപ്പഡ് താരം രക്ഷകനായെത്തിയത്. അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധ നേടിയ താരം അവസാന സീസണിലൂടെത്തന്നെ എല്ലാവരുടെയും കൈയടി നേടിയിരുന്നു.

tilak varma

ഇപ്പോഴിതാ ഈ സീസണിലെ ആദ്യ മത്സരത്തിലൂടെത്തന്നെ തന്റെ ബാറ്റിങ് മികവ് വീണ്ടും തെളിയിച്ചിരിക്കുകയാണ് താരം. മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാനെ തേടുന്ന ഇന്ത്യക്കുള്ള ഉത്തരമാണ് തിലകെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മികച്ച പിന്തുണ ലഭിച്ചാല്‍ ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുന്ന താരമായി തിലകിന് മാറാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനുമെല്ലാം പതറിയ പിച്ചിലാണ് തിലകിന്റെ ഹീറോയിസം.

ആര്‍സിബിക്കെതിരേ അഞ്ചാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഒരു താരം നേടുന്ന ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണിത്. 101 റണ്‍സുമായി ഡേവിഡ് മില്ലര്‍ ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ നിധീഷ് റാണയാണ് (85) രണ്ടാം സ്ഥാനത്ത്. 84* റണ്‍സുമായി എംഎസ് ധോണിയും തിലകും മൂന്നാം സ്ഥാനം പങ്കിടുകയാണ്. പല സീനിയര്‍ താരങ്ങളും മുംബൈയുടെ പടിയിറങ്ങാറായിക്കൊണ്ടിരിക്കെ ഭാവിയില്‍ നായകസ്ഥാനത്തേക്കെത്താന്‍ കഴിവുള്ളവനാണ് തിലക്.

tilak varma

മുംബൈയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം ചേര്‍ന്ന് 74 പന്തില്‍ 76 റണ്‍സാണ് നേടിയത്. ഇവിടെയാണ് 46 പന്തില്‍ 84 റണ്‍സുമായി തിലക് കൈയടി നേടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ കളിക്കാത്ത താരമാണ് ഇത്തരമൊരു വെടിക്കെട്ട് കാഴ്ചവെച്ചതെന്നതാണ് എടുത്തു പറയേണ്ട കാര്യം. മുംബൈക്ക് വരുന്ന മത്സരങ്ങളിലും വലിയ കരുത്ത് പകരാന്‍ കെല്‍പ്പുള്ളവനായി മാറാന്‍ കഴിവുള്ളവനാണ് തിലകെന്ന് പറയാം. ഇടം കൈയനാണെന്നതാണ് താരത്തിന്റെ പ്ലസ് പോയിന്റ്.

ടി20 ലോകകപ്പ് 2024ല്‍ വരാനിരിക്കെ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി വളരാന്‍ തിലകിന് സാധിച്ചേക്കും. നിലവിലെ ടീമില്‍ പ്രതിഭകളേറെയാണെങ്കിലും ഫോം മുംബൈയെ ആശങ്കപ്പെടുത്തുന്നു. ഇഷാന്‍ കിഷന്‍ ഏറെ നാളുകളായി തുടരുന്ന ദുരന്തം ഫോമില്‍ തുടരുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കിന്റെ ക്ഷീണത്തിലാണ് സൂര്യകുമാര്‍. പുതിയതായെത്തിയ കാമറൂണ്‍ ഗ്രീനും ജോഫ്രാ ആര്‍ച്ചറും ആദ്യ മത്സരത്തില്‍ പ്രതീക്ഷ കാത്തില്ല. ഇതെല്ലാം മുംബൈയെ ആശങ്കപ്പെടുത്തുന്നു.

rohit sharma

അവസാന സീസണിലെ അവസാന സ്ഥാനക്കാരായ മുംബൈ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തിലെ മുംബൈയുടെ പ്രകടനം ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല. നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ ബാറ്റിങ് നിര സടകുടഞ്ഞെഴുന്നേല്‍ക്കാത്ത പക്ഷം മുംബൈ വന്‍ തകര്‍ച്ച ഈ സീസണിലും നേരിടാന്‍ സാധ്യതകളേറെയാണ്.

Story first published: Sunday, April 2, 2023, 22:26 [IST]
Other articles published on Apr 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+