ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഗംഭീര തുടക്കം പ്രതീക്ഷിച്ചിറങ്ങിയ രോഹിത് ശര്‍മ നാണംകെട്ട പ്രകടനത്തോടെ തുടങ്ങിയിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 10 പന്തില്‍ ഒരു റണ്‍സ് മാത്രമാണ് മുംബൈ ഇന്ത്യന്‍സ് നായകന്റെ സമ്പാദ്യം. മുഹമ്മദ് സിറാജിന്റെ ഓവറില്‍ ഒരു ലൈഫ് ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിക്കാതെ പോയ രോഹിത് ആകാശ് ദീപിന്റെ പന്തിലാണ് പുറത്തായത്.
ഇഷാന്‍ കിഷന്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍നിന്ന് കരകയറാന്‍ രോഹിത്തിന് സാധിക്കാതെ വന്നതോടെ നാണംകെട്ട റെക്കോഡ് സൃഷ്ടിച്ച് മടങ്ങേണ്ടി വന്നിരിക്കുകയാണ്. ഐപിഎല്ലില്‍ അഞ്ച് റണ്‍സില്‍ താഴെ കൂടുതല്‍ തവണ പുറത്താകുന്ന താരമെന്ന റെക്കോഡിലാണ് നാണംകെട്ട റെക്കോഡിലേക്ക് രോഹിത് എത്തിയിരിക്കുന്നത്. ഇത് 50ാം തവണയാണ് അഞ്ച് റണ്‍സിനുള്ളില്‍ രോഹിത് പുറത്താവുന്നത്. ദിനേഷ് കാര്‍ത്തിക് (44), റോബിന്‍ ഉത്തപ്പ (41), സുരേഷ് റെയ്‌ന (40) എന്നിവരാണ് ഈ റെക്കോഡില്‍ പിന്നാലെയുള്ളത്.

ടി20യില്‍ വമ്പന്‍ റെക്കോഡുള്ള താരമാണെങ്കിലും രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളൊന്നും മികച്ചതല്ലെന്നതാണ് വസ്തുത. അവസാന 15 ഐപിഎല്‍ ഇന്നിങ്‌സില്‍ നിന്ന് ഒരു ഫിഫ്റ്റി പോലും രോഹിത്തിന് നേടാനായിട്ടില്ല. അതിവേഗം റണ്‍സുയര്‍ത്താനുള്ള പഴയ മിടുക്ക് ഇപ്പോള്‍ രോഹിത്തിനില്ലെന്നതാണ് വസ്തുത. കണക്കുകളും വ്യക്തമാക്കുന്നത് ഇതാണ്. ക്യാപ്റ്റനെന്ന നിലയിലെ രോഹിത്തിന്റെ പ്രകടനം ഓരോ മത്സരത്തിന് ശേഷവും പിന്നോട്ട് പോവുകയാണ്.
അവസാന ആറ് സീസണ്‍ പരിശോധിച്ചാല്‍ രോഹിത് എത്രമാത്രം ദുരന്തമായാണ് പോകുന്നതെന്ന് വ്യക്തമാവും. 2017ല്‍ 23.7 ശരാശരിയും 121.9 സ്‌ട്രൈക്കറേറ്റുമായിരുന്നു രോഹിത്തിന് ഉണ്ടായിരുന്നത്. 2018ല്‍ 23.8, 133.0 എന്നിങ്ങനെയായിരുന്നു ശരാശരിയും സ്‌ട്രൈക്കറേറ്റും. 2019ല്‍ ഇത് 28.9ഉും 128.5മായിരുന്നു. 2020ല്‍ 27.6-127.7, 2021ല്‍ 29.3-127.4, 2022ലേക്ക് വരുമ്പോള്‍ ഇത് 19.1-120-1 എന്നിങ്ങനെയായി. അവസാന സീസണില്‍ മുംബൈ അവസാന സ്ഥാനക്കാരായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.

ബംഗളൂരുവിലെ പിച്ച് പൊതുവേ ബാറ്റിങ്ങിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ രോഹിത്തില്‍ നിന്ന് വലിയ പ്രകടനവും ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ നിരാശപ്പെടുത്തിയതോടെ ആരാധകരും കടുത്ത നിരാശയിലായിരിക്കുകയാണ്. രോഹിത് കളിനിര്‍ത്തേണ്ട സമയമായെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മുംബൈ ഇന്ത്യന്‍സ് പുതിയ നായകനെക്കുറിച്ച് ചിന്തിച്ച് തുടങ്ങണമെന്നും ഇതേ ബാറ്റിങ് പ്രകടനത്തോടെ രോഹിത്തിന് അധികനാള്‍ മുന്നോട്ട് പോകാനാവില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ഐപിഎല്ലിലെ ഡെക്ക് വീരന്മാരുടെ കണക്കിലും രോഹിത്താണ് തലപ്പത്ത്. 228 മത്സരത്തില്‍ നിന്ന് 223 ഇന്നിങ്‌സ് ബാറ്റ് ചെയ്ത രോഹിത് 14 തവണയാണ് ഡെക്കിന് പുറത്തായത്. ഒരു സെഞ്ച്വറിയും 40 ഫിഫ്റ്റിയും ഉള്‍പ്പെടെ 5880 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. രോഹിത്തില്‍ നിന്ന് ഇനി അത്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. രോഹിത്തിന്റെ അവസാന 15 ഇന്നിങ്‌സിലെ കണക്കുകളിലേക്ക് വരുമ്പോള്‍ 269 റണ്‍സാണ് ആകെ നേടിയത്. ശരാശരി 17.93 മാത്രം.

സ്‌ട്രൈക്കറേറ്റ് 115.4. 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സമീപകാലത്തായി ഇടക്കിടെ രോഹിത്തിന് പരിക്കേല്‍ക്കുന്നുമുണ്ട്. രോഹിത്തിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്തായാലും നായകന്‍ രോഹിത് ശര്‍മക്ക് വലിയ നാണക്കേടുണ്ടാക്കുന്നതും സമ്മര്‍ദ്ദമുണ്ടാക്കുന്നതുമായ പ്രകടനമാണ് സമീപകാലത്തായി അദ്ദേഹം കാഴ്ചവെക്കുന്നതെന്നതില്‍ സംശയമില്ല.
മുംബൈ ഇന്ത്യന്‍സ് ഇത്തവണ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. അവസാന സീസണിലെ അവസാന സ്ഥാനക്കാരില്‍ നിന്ന് തിരിച്ചുവരവ് സ്വപ്‌നം കാണുന്ന മുംബൈയുടെ തുടക്കം പിഴച്ചിരിക്കുകയാണ്. കറെന്‍ പൊള്ളാര്‍ഡിന്റെ വിരമിക്കലും ജസ്പ്രീത് ബുംറയുടെ അഭാവവുമെല്ലാം മുംബൈയെ കാര്യമായി ബാധിക്കുന്നുണ്ട്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും മോശം ഫോമില്‍ തുടരുന്നതും മുംബൈക്ക് വലിയ തലവേദനയാണുണ്ടാക്കുന്നത്.