ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരത്തില്‍ പവര്‍പ്ലേ പുരോഗമിക്കുമ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ തലയില്‍ കൈവെക്കേണ്ട അവസ്ഥയാണ്. ടീം കോടികള്‍ മുടക്കിയ ഇഷാന്‍ കിഷനും കാമറൂണ്‍ ഗ്രീനും ആദ്യ മത്സരത്തില്‍ത്തന്നെ ദുരന്തമായിരിക്കുകയാണ്. 15.25 കോടി പ്രതിഫലമാണ് ഇഷാന്‍ വാങ്ങുന്നത്. 17.5 കോടി വാങ്ങിയാണ് ഗ്രീന്‍ കളിക്കുന്നത്. രണ്ട് പേരിലും പ്രതീക്ഷ ഏറെയായിരുന്നെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തിയാണ് തുടങ്ങിയത്.
തല്ലിത്തകര്‍ക്കേണ്ട പവര്‍പ്ലേയില്‍ ഇഷാന്റെ മുട്ടിടിച്ചു. 13 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സുമായാണ് ഇഷാന്‍ മടങ്ങിയത്. 76.92 മാത്രമാണ് ഇഷാന്റെ സ്‌ട്രൈക്കറേറ്റ്. ഇന്ത്യക്കൊപ്പം ഫ്‌ളോപ്പ് ഷോ തുടര്‍ന്ന ഇഷാന്‍ ഐപിഎല്ലിലേക്കെത്തിയിട്ടും നിരാശപ്പെടുത്തുന്നത് തുടരുകയാണ്. മുഹമ്മദ് സിറാജിന്റെ പന്തില്‍ ഹര്‍ഷല്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് ഇഷാന്‍ പുറത്തായത്. ഇത്തവണ മുംബൈ വലിയ പ്രതീക്ഷയോടെ കണ്ട കാമറൂണ്‍ ഗ്രീന്‍ നാല് പന്തില്‍ അഞ്ച് റണ്‍സാണ് നേടിയത്.

ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും റീസെ ടോപ്ലിയുടെ സ്വിങ്ങിങ് യോര്‍ക്കറില്‍ ഗ്രീനിന്റെ കുറ്റി തെറിക്കുകയായിരുന്നു. തുടക്കത്തിലേ തന്നെ രണ്ട് വിക്കറ്റ് വീണത് മുംബൈക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കി. മുഹമ്മദ് സിറാജിന്റെ ഷോര്‍ട്ട് ബോളില്‍ രോഹിത്തിന്റെ പുള്‍ഷോട്ട് ശ്രമം പാളി. എഡ്ജില്‍ തട്ടി ഉയര്‍ന്ന പന്ത് മുഹമ്മദ് സിറാജും ദിനേഷ് കാര്‍ത്തികും തമ്മിലുണ്ടായ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ക്യാച്ച് നഷ്ടമായതോടെ രോഹിത് രക്ഷപെടുകയായിരുന്നു.
എന്നാല്‍ ഈ ലൈഫ് രോഹിത്തിനെ തുണച്ചില്ല. ആകാശ് ദീപിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന് അനായാസ ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം. 10 പന്ത് നേരിട്ട് ഒരു റണ്‍സ് മാത്രമാണ് മുംബൈ നായകന്റെ സമ്പാദ്യം. ഇഷാന്‍ കിഷന്റെ മെല്ലപ്പോക്ക് ബാറ്റിങ് നല്‍കിയ സമ്മര്‍ദ്ദമാണ് മുംബൈയെ പവര്‍പ്ലേയില്‍ തകര്‍ത്തതെന്ന് പറയാം. തുടക്കത്തിലേ രണ്ട് വിക്കറ്റ് വീണതോടെ നായകന്‍ രോഹിത്തും സമ്മര്‍ദ്ദത്തിലായി.

വലിയ ഷോട്ടിന് ശ്രമിച്ച് ലൈഫ് കിട്ടിയതോടെ രോഹിത് വീണ്ടും പതറി. ഇതാണ് അനായാസ വിക്കറ്റില്‍ കലാശിച്ചത്. ഇഷാന്‍ കിഷനെ ദയവായി പവര്‍പ്ലേയില്‍ ഇറക്കരുതെന്നാണ് ആരാധകര്‍ പറയുന്നത്. യാതൊരു മെച്ചപ്പെടലും നടത്താത്ത താരമാണ് ഇഷാന്‍. തെറ്റുകളില്‍ നിന്ന് പഠിക്കുന്നില്ല. വെടിക്കെട്ട് തുടക്കം നല്‍കേണ്ട ഉത്തരവാദിത്തം ഇഷാനാണ്. എന്നാല്‍ താരം തന്നെ മെല്ലപ്പോക്കുമായി നിരാശപ്പെടുത്തുന്നത് മുംബൈയെ കാര്യമായി ബാധിക്കുന്നുണ്ടെന്നതാണ് ആരാധകര്‍ പറയുന്നത്.
ഇത് ഏറെക്കുറെ സത്യമാണ്. ആത്മവിശ്വാസമില്ലാതെ ബാറ്റ് ചെയ്യുന്ന താരമാണ് ഇഷാന്‍ കിഷന്‍. ബൗളര്‍മാരെ ഭയക്കുന്ന ശരീര ഭാഷയാണ് ഇഷാന്റേത്. മോശം ഫോമിന്റെ സമ്മര്‍ദ്ദം താരത്തെ വേട്ടയാടുന്നു. ഇത് ടീമിനെയും പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യന്‍ ടീമിലെ ഇഷാന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ്. ഇതും ഇഷാനെ സമ്മര്‍ദ്ദത്തിലാക്കുന്നു. മുംബൈ പുതിയ താരത്തെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഓപ്പണിങ്ങില്‍ ഡെവാള്‍ഡ് ബ്രെവിസിനെ ഇറക്കണമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രെവിസ് അതിവേഗം റണ്‍സുയര്‍ത്തുന്ന യുവതാരമാണ്. ബ്രെവിസ് വെടിക്കെട്ട് ബാറ്റിങ് നടത്തിയാല്‍ രോഹിത് ശര്‍മക്കും അത് ആശ്വാസം നല്‍കും. രോഹിത് നിലയുറപ്പിച്ച് കളിക്കുമ്പോള്‍ മറുവശത്ത് റണ്‍സുയര്‍ത്താന്‍ ആളില്ലാത്തതതാണ് നിലവിലെ മുംബൈയുടെ പ്രശ്‌നം. അതുകൊണ്ട് തന്നെ ഇഷാന് ഇനിയും അവസരം നല്‍കുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നാണ് ആരാധക പക്ഷം.
ആദ്യ മത്സരം തോറ്റ് തുടങ്ങുന്നത് ശീലമാക്കിയവരാണ് മുംബൈ ഇന്ത്യന്‍സ്. അതുകൊണ്ട് തന്നെ ആദ്യ മത്സരത്തിലെ തോല്‍വി മുംബൈയെ കാര്യമായി ബാധിക്കില്ലെന്ന മുന്‍കൂര്‍ ജാമ്യം ഇതിനോടകം ആരാധകര്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ചാമ്പ്യന്‍ നിരയായ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന തുടക്കമാണിത്. അവസാന സീസണിലെ അവസാന സ്ഥാനക്കാരായിരുന്നു അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ.