മുംബൈ: ഐപിഎല്ലിലെ നാലാമങ്കത്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ ആരാധകരെ ഒതുക്കി ഹാര്‍ദിക് പാണ്ഡ്യയെ രക്ഷിക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടു. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ഹോംഗ്രൗണ്ടായ വാംറഖഡെയില്‍ നടന്ന പോരാട്ടത്തില്‍ ഹാര്‍ദിക്കിനെതിരായ പരിഹാസവും അധിക്ഷേപവും തടയാന്‍ പുതിയൊരു തന്ത്രമാണ് മുംബൈ ടീം മാനേജ്‌മെന്റ് പരീക്ഷിച്ചത്. ടീമിനു വേണ്ടി ആര്‍പ്പുവിളിക്കാന്‍ 18,000ത്തോളം വിദ്യാര്‍ഥികളെയാണ് സ്റ്റേഡിയത്തിലേക്കു കൊണ്ടുവന്നത്.
കഴിഞ്ഞ മൂന്നു കളിയിലും വാംഖഡെയിലടക്കം ഹാര്‍ദിക്കിനെ കൂവി വിളിച്ചും രോഹിത്തിന്റെ പേര് മുദ്രാവാക്യം വിളിച്ചുമെല്ലാം മുംബൈ ആരാധകര്‍ തങ്ങളുടെ വികാരം പ്രകടിപ്പിച്ചിരുന്നു. ഹാര്‍ദിക്കിനെ നായകനായി അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നു തന്നെയാണ് ഈ പ്രതിഷേധത്തിലൂടെ ആരാധകര്‍ വ്യക്തമാക്കിയത്. വാംഖഡെയില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ രോഹിത്തിനെ പിന്തുണച്ചു കൊണ്ടുള്ള പ്ലക്കാര്‍ഡുകളുമായി എത്തിയ ആരാധകരെ സ്റ്റേഡിയത്തിനു പുറത്ത് തടയുകയും അവ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തിരുന്നു.

ഇത്തവണ ഡിസിക്കെതിരേ ആരാധകരുടെ ഭാഗത്തു നിന്നും ഈ തരത്തിലുള്ള രോഹിത് പ്രേമം അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് കുട്ടി ആരാധകരെ പരമാവധി സ്റ്റേഡിയത്തിലെത്തിച്ചത്. അതു വഴി രോഹിത്തിനു വേണ്ടിയുള്ള ആര്‍പ്പുവിളി അവസാനിപ്പിക്കാമെന്നായിരുന്നു ടീം മാനേജ്‌മെന്റ് കണക്കുകൂട്ടിയത്. പക്ഷെ ഈ നീക്കം തുടക്കത്തില്‍ തന്നെ പാളി. കാരണം ടോസിനു മുമ്പ് തന്നെ തങ്ങളും രോഹിത് ഫാന്‍സാണെന്നു കുട്ടികള്‍ തെളിയിക്കുകയായിരുന്നു.
രോഹിത്, രോഹിത് ആര്‍പ്പുവിളി കളി തുടങ്ങും മുമ്പ് തന്നെ പല തവണ കുട്ടികളുടെ ഭാഗത്തു നിന്നും സ്‌റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ടു. മാത്രമല്ല പുതിയ നായകന്‍ ഹാര്‍ദിക്കിന്റെ പേര് ഈ തരത്തില്‍ അധികം കേട്ടതുമില്ല. മുന്‍ മല്‍സരങ്ങളില്‍ ടോസിനു ശേഷം സംസാരിക്കവെ ഹാര്‍ദിക്കിനെ കാണികള്‍ കൂവി വിളിച്ച് പരിഹസിച്ചിരുന്നു. ഡിസിക്കെതിരായ മല്‍സരത്തിലും ടോസിനു ശേഷം സംസാരിക്കവെ ഹാര്‍ദിക്കിനെതിരേ കാണികളുടെ ഭാഗത്തു നിന്നും കൂവലുകള്‍ ഉയര്‍ന്നിരുന്നു.
രോഹിത് ഫാന്‍സിനെ ഒതുക്കാനും ഹാര്‍ദിക്കിനെ രക്ഷിക്കാനുമുള്ള ടീം മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇത്രയ്ക്കു ചീപ്പാണോ മുബൈ ടീം മാനേജ്‌മെന്റെന്നാണ് ആരാധകരുടെ പരിഹാസം.
ഹാര്‍ദിക് പാണ്ഡ്യയെ ഗ്രൗണ്ടില്‍ കാണുമ്പോഴെല്ലാം ഹാര്‍ദിക്, ഹാര്‍ദിക് എന്ന് ആര്‍പ്പുവിളിക്കാനാണ് കുട്ടികളോടു നിര്‍ദേശിച്ചിരിക്കുന്നത്. ഇത്രയ്ക്കും ഭീരുക്കളാണോ ടീം മാനേജ്‌മെന്റ്. ഈ തരത്തിലുള്ള പ്രവര്‍ത്തികളിലൂടെയൊന്നും രോഹിത് ഫാന്‍സിന്റെ വായടപ്പിക്കാന്‍ കഴിയില്ലെന്നും ആരാധകര്‍ തുറന്നടിച്ചു.

ഹാര്‍ദിക് പാണ്ഡ്യയുടെ പേര് ടോസിന്റെ സമയത്ത് ആര്‍പ്പുവിളിക്കാനാണ് കുട്ടികള്‍ക്കു നല്‍കിയ നിര്‍ദേശമെന്നാണ് വിവരം. പക്ഷെ അവര്‍ അതു ചെയ്തില്ലെന്നു മാത്രമല്ല പകരം രോഹിത്, രോഹിത്തെന്നു ആര്‍പ്പുവിളിക്കുകയും ചെയ്തതായി ആരാധകര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട മുംബൈയ്ക്കു മികച്ച തുടക്കമാണ് വാംഖഡെയില്‍ ലഭിച്ചിരിക്കുന്നത്. എട്ടോവറുകള്‍ കഴിയുമ്പോള്‍ മുംബൈ രണ്ടു വിക്കറ്റിനു 84 റണ്‍സെടുത്തിട്ടുണ്ട്. തട്ടുപൊളിപ്പന്‍ ബാറ്റിങ് കാഴ്ചവച്ച രോഹിത്തിനെയും ടീമിലേക്കു മടങ്ങിവന്ന സൂര്യകുമാര്‍ യാദവിനെയുമാണ് മുംബൈയ്ക്കു നഷ്ടമായത്. 27 ബോളില്‍ 49 റണ്‍സ് അടിച്ചെടുത്താണ് ഹിറ്റ്മാന്‍ മടങ്ങിയത്. ആറു ഫോറും മൂന്നു സിക്‌സറുകളുമടക്കമാണിത്. ഫിറ്റ്നസ് വീണ്ടെടുത്ത് ഈ കളിയിലുടെ മടങ്ങിയെത്തുയ സൂര്യ പൂജ്യത്തിനും പുറത്തായി.
പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേര്‍ഡ്, പിയൂഷ് ചൗള, ജെറാള്‍ഡ് കോട്‌സി, ജസ്പ്രീത് ബുംറ.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, അഭിഷേക് പൊറേല്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സറ്റബ്‌സ്, അക്ഷര്‍ പട്ടേല്‍, ലളിത് യാദവ്, ജൈ റിച്ചാര്‍ഡ്‌സണ്‍, ആന്‍ട്രിച്ച് നോര്‍ക്കിയ, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.