Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവര്‍ എന്തിന് വിരമിച്ചു? ഇപ്പോഴും മിന്നല്‍ പ്രകടനം! ലീഗ് ക്രിക്കറ്റില്‍ തിളങ്ങുന്ന സീനിയേഴ്‌സ് ഇതാ

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ പ്രധാനമായും പരിശീലകരായോ കമന്റേറ്റര്‍മാരായോ മാറുന്നതാണ് കാണാന്‍ സാധിക്കുന്നത്. കാരണം ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ പങ്കെടുക്കാന്‍ കളിക്കുമ്പോഴോ വിരമിച്ച ശേഷമോ അനുമതിയില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തന്നെ ഒതുങ്ങേണ്ട അവസ്ഥ താരങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ വിരമിച്ച താരങ്ങള്‍ക്ക് പല ലീഗുകളിലും പങ്കെടുക്കാന്‍ അനുമതി ലഭിക്കുന്നുണ്ട്.

ടി10 ലീഗ്, ടി20 ലീഗുകളിലായി ഇന്ത്യയുടെ പല മുന്‍ താരങ്ങളും മികച്ച പ്രകടനവും കാഴ്ചവെക്കുന്നു. ക്രിക്കറ്റിനോട് അതിയായ ഇഷ്ടം കാത്തുസൂക്ഷിക്കുന്ന പലരും അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയിട്ടും ഇത്തരം ടി10, ടി20 ലീഗുകളില്‍ കളിക്കുന്നുണ്ട്. ഈ ലീഗുകളിലെ ഇവരുടെ പ്രകടനം കാണുമ്പോള്‍ ഈ താരങ്ങള്‍ വിരമിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു. ഇന്ത്യയുടെ വിരമിച്ച താരങ്ങളില്‍ ഇത്തരത്തില്‍ പ്രകടന മികവു തുടര്‍ന്ന് അത്ഭുതപ്പെടുത്തുന്ന നാല് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

sreesanth

ഒന്നാമത്തെ താരം യൂസുഫ് പഠാനാണ്. ഒരു സമയത്ത് ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു അദ്ദേഹം. ഐപിഎല്ലിലും ഇന്ത്യന്‍ ജഴ്‌സിയിലും വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ഞെട്ടിക്കാന്‍ യൂസുഫിന് സാധിച്ചിട്ടുണ്ട്. വിരമിച്ച ശേഷം കമന്റേറ്റര്‍ റോളിലേക്ക് തിരഞ്ഞ യൂസുഫ് ഇപ്പോള്‍ വിവിധ ടി20 ലീഗുകളിലും കളിക്കുന്നുണ്ട്. കഴിഞ്ഞിടെ ടി10 ലീഗ് ക്രിക്കറ്റില്‍ യൂസുഫ് പഠാന്‍ കളിച്ചിരുന്നു. ജോബര്‍ഗ് ബഫല്ലോസിന്റെ ഭാഗമായ യൂസുഫ് 26 പന്തില്‍ 80 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

ഈ പ്രകടനത്തോടെ 144 റണ്‍സ് വിജയലക്ഷ്യം വെറും 9.5 ഓവറില്‍ ജോബര്‍ജ് ടീം മറികടന്നു. യൂസുഫിന്റെ ബാറ്റിങ് മികവ് നഷ്ടമായിട്ടില്ലെന്ന് തെളിയിക്കുന്ന വെടിക്കെട്ടായിരുന്നു ഇത്. പ്രായം തളര്‍ത്താത്ത പോരാളിയാണ് യൂസുഫെന്ന് പറയാം. ഇപ്പോഴും മികച്ച ഫിറ്റ്‌നസ് കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ഇന്ത്യക്കായി 57 ഏകദിനത്തില്‍ നിന്ന് 810 റണ്‍സും 22 ടി20യില്‍ നിന്ന് 236 റണ്‍സും 174 ഐപിഎല്ലില്‍ നിന്നായി 3204 റണ്‍സുമാണ് യൂസുഫ് നേടിയത്.

രണ്ടാമത്തെ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ബാറ്റിങ് മികവുകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച സച്ചിന്റെ മികവ് കാലമെത്ര കഴിഞ്ഞാലും അദ്ദേഹത്തിനൊപ്പമുണ്ടാവും. 2013ല്‍ ഇന്ത്യന്‍ ജഴ്‌സിയൂരിയ സച്ചിന്‍ റോഡ് സേഫ്റ്റി ലോക സീരിസില്‍ ഇന്ത്യ ലെജന്റ്‌സിനായി കളിച്ചു. ഇതില്‍ രണ്ടു തവണ ടീമിനെ ചാമ്പ്യന്മാരാക്കുകയും ചെയ്തു. സച്ചിന്‍ ഇപ്പോഴും പഴയ അതേ മികവോടെ സ്‌ട്രെയ്റ്റ് ഡ്രൈവും കവര്‍ ഡ്രൈവും കളിക്കുന്നു.

സച്ചിന്റെ ബാറ്റിങ് അഴക് ഈ പ്രായത്തിലും അദ്ദേഹത്തിന് കൈമോശം വന്നിട്ടില്ല. എന്നാല്‍ ഇനിയൊരു ടൂര്‍ണമെന്റ് സച്ചിന്‍ കളിച്ചേക്കില്ല. പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ സച്ചിനെ ബാധിച്ചിട്ടുള്ളതിനാല്‍ ഫിറ്റ്‌നസ് അദ്ദേഹത്തെ സംബന്ധിച്ച് പ്രധാന പ്രശ്‌നമാണ്. മൂന്നാമത്തെ താരം നമാന്‍ ഓജയാണ്. ഇന്ത്യന്‍ ടീമില്‍ അധികം അവസരം ലഭിച്ചിട്ടില്ലെങ്കിലും ഐപിഎല്ലിലൂടെയും ആഭ്യന്തര ക്രിക്കറ്റിലൂടെയും എല്ലാവര്‍ക്കും സുപരിചിതനായ താരമാണ് നമാന്‍ ഓജ.

ലെജന്റ്‌സ് ലീഗ് ടൂര്‍ണമെന്റില്‍ ഇന്ത്യ മഹാരാജാസിനായി ഓജ കളിച്ചിരുന്നു. ഫൈനലില്‍ സെഞ്ച്വറി നേടി ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ ഓജക്കായി. ഇപ്പോഴും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. നാലാമത്തെ താരം മലയാളി താരം എസ് ശ്രീശാന്താണ്. ഒത്തുകളി കേസില്‍ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍നിരയില്‍ ഇടം നേടേണ്ടിയിരുന്ന താരമാണ് ശ്രീശാന്ത്.

ഏറെ നാളത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശ്രീശാന്ത് കേരള ടീമിനായി കളിച്ചു. പിന്നീട് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം വിവിധ ലീഗ് ക്രിക്കറ്റുകളില്‍ കളിക്കുന്നു. സിം ആഫ്രോ ടി10 ലീഗ് ക്രിക്കറ്റില്‍ സൂപ്പര്‍ ഓവറില്‍ എട്ട് റണ്‍സ് പ്രതിരോധിച്ച് ശ്രീശാന്ത് കൈയടി നേടുകയും ചെയ്തു. ദൗര്‍ഭാഗ്യം വേട്ടയാടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഇതിഹാസമായി വിരമിക്കേണ്ടിയിരുന്ന താരമാണ് ശ്രീശാന്ത്.

Story first published: Saturday, July 29, 2023, 10:56 [IST]
Other articles published on Jul 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+