ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ഓപ്പണറെന്ന വിശേഷണം വീരേന്ദര്‍ സെവാഗിന് അര്‍ഹതപ്പെട്ടതാണ്. രോഹിത് ശര്‍മ കണക്കുകളില്‍ സെവാഗിനെക്കാളും മുന്നിലാണെങ്കിലും ബൗളര്‍മാര്‍ സെവാഗിനെ ഭയപ്പെട്ടതുപോലെ രോഹിത്തിനെ ഭയപ്പെടുന്നില്ലെന്നതാണ് വസ്തുത. മുത്തയ്യ മുരളീധരന്‍ പോലും പന്തെറിയാന്‍ ഭയപ്പെട്ടിരുന്ന ബാറ്റ്‌സ്മാനാണ് സെവാഗ്. ഓപ്പണര്‍ റോളില്‍ സെവാഗ് വിരമിച്ച ശേഷം ഉത്തമ പകരക്കാരനെ തേടുകയാണ് ഇന്ത്യ.
സെവാഗിനെപ്പോലെ അപകടകാരിയായ ബാറ്റ്‌സ്മാനായി മാറാന്‍ ശേഷിയുള്ളവരെന്ന് വിലയിരുത്തപ്പെട്ട് പല യുവതാരങ്ങളും വളര്‍ന്നുവന്നെങ്കിലും ഇവര്‍ക്കാര്‍ക്കും സെവാഗിന്റെ നിഴല് പോലും ആകാന്‍ സാധിച്ചില്ലെന്നതാണ് വസ്തുത. ഇത്തരത്തില്‍ അടുത്ത സെവാഗാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും എങ്ങുമെത്താതെ നിരാശപ്പെടുത്തിയ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം മായങ്ക് അഗര്‍വാളാണ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ ശേഷിയുള്ള താരമാണ് മായങ്ക്.

ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയ താരം ഇന്ത്യന്‍ ടീമിലേക്ക് വളരുകയും ചെയ്തു. സെവാഗിനെപ്പോലെ ഓപ്പണിങ്ങില്‍ അപകടകാരിയായ ബാറ്റ്‌സ്മാനായി മായങ്ക് മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. ദൗര്‍ഭാഗ്യവശാല്‍ ഇത്തരമൊരു കരിയര്‍ മായങ്കിന് ലഭിച്ചില്ല. 21 ടെസ്റ്റില്‍ നിന്ന് 41.33 ശരാശരിയില്‍ 1488 റണ്‍സും 5 ഏകദിനത്തില്‍ നിന്ന് 86 റണ്‍സുമാണ് മായങ്കിന് നേടാനായത്. ഇന്ത്യയില്‍ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്താനായെങ്കിലും വിദേശ പിച്ചില്‍ താരം ദുരന്തമായി.
പതിയെ സ്ഥിരതയും നഷ്ടപ്പെട്ട മായങ്ക് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് നടത്തുക മായങ്കിനെ സംബന്ധിച്ച് പ്രയാസമാണ്. അടുത്ത സെവാഗാകുമെന്ന പ്രതീക്ഷ കാക്കാന്‍ മായങ്കിന് സാധിക്കാതെ പോയി. മറ്റൊരു താരം പൃഥ്വി ഷായാണ്. അണ്ടര്‍19 ക്രിക്കറ്റിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തിയ താരമാണ് പൃഥ്വി ഷാ.
രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ നായകസ്ഥാനത്ത് പൃഥ്വിയുണ്ടായിരുന്നു. ആരെയും ഭയമില്ലാത്ത ബാറ്റിങ് ശൈലിയാണ് പൃഥ്വിയുടേത്. കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനായിരുന്നു പൃഥ്വി. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ മിടുക്കനായിരുന്നു പൃഥ്വി. അടുത്ത സെവാഗാണ് പൃഥ്വിയെന്നാണ് പല പ്രമുഖരും വിലയിരുത്തിയത്. അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയാണ് പൃഥ്വി വരവറിയിച്ചത്.
എന്നാല്‍ പിന്നീടങ്ങോട്ട് കണ്ടത് പൃഥ്വിയുടെ വീഴ്ചയാണ്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷം താരത്തിന് വിലക്ക് നേരിട്ടു. ഇതോടെ ഫിറ്റ്‌നസ് പ്രശ്‌നം വേട്ടയാടി. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വളരെ അകലെയാണ് പൃഥ്വി. ഇനിയൊരു തിരിച്ചുവരവ് പോലും താരത്തെ സംബന്ധിച്ച് പ്രയാസമാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം പൃഥ്വി സജീവമാണെങ്കിലും ഇന്ത്യന്‍ ടീമില്‍ നിലവില്‍ അദ്ദേഹത്തിന് സ്ഥാനമില്ല.
ഇന്ത്യക്കായി 5 ടെസ്റ്റില്‍ നിന്ന് 339 റണ്‍സും 6 ഏകദിനത്തില്‍ നിന്ന് 189 റണ്‍സും 1 ടി20യില്‍ നിന്ന് 0 റണ്‍സുമാണ് താരം നേടിയത്. 71 ഐപിഎല്ലില്‍ നിന്ന് 1694 റണ്‍സും പൃഥ്വിയുടെ പേരിലുണ്ട്.
മൂന്നാമത്തെ താരം ഉന്മുക്ത് ചന്ദാണ്. അടുത്ത സെവാഗാകാന്‍ പ്രതിഭയുണ്ടെന്ന് പൊതുവേ വിലയിരുത്തപ്പെട്ട താരമാണ് മുന്‍ ഇന്ത്യ അണ്ടര്‍ 19 നായകനായ ഉന്മുക്ത് ചന്ദ്. എന്നാല്‍ ഉന്മുക്ത് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അമേരിക്കന്‍ ടീമിന്റെ ഭാഗമാണ്.
ഇന്ത്യന്‍ ടീമിനൊപ്പം അരങ്ങേറ്റം നടത്താന്‍ പോലും ഉന്മുക്ത് ചന്ദിന് സാധിച്ചില്ല. 21 ഐപിഎല്ലില്‍ നിന്ന് 300 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഇതോടെ പൂര്‍ണ്ണമായും തഴയപ്പെട്ടു. ഇപ്പോള്‍ അമേരിക്കന്‍ ടീമിനൊപ്പം ഉന്മുക്ത് സജീവമായി തുടരുന്നു.