ക്രിക്കറ്റ് താരങ്ങളില്‍ പലരും വിരമിച്ച ശേഷം കൂടുതലും തിരഞ്ഞെടുക്കുന്നത് അവതാരകന്റെ റോളോ കമന്റേറ്ററിന്റെ റോളോ ആണ്. പരിശീലകസ്ഥാനത്തേക്കെത്തുന്നത് വളരെ ചുരുക്കം ചിലര്‍ മാത്രമാണ്. ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച പല താരങ്ങളും വിരമിച്ച ശേഷം പരിശീലകരാവുമെന്ന് ആരാധകര്‍ കരുതിയിരുന്നെങ്കിലും ഇവരില്‍ പലര്‍ക്കും ഇത്തരമൊരു അവസരം ലഭിച്ചിട്ടില്ല. ചിലര്‍ അവസരം ലഭിച്ചിട്ടും പരിശീലക റോളിലേക്കെത്താന്‍ താല്‍പര്യം കാട്ടിയില്ലെന്നതാണ് വസ്തുത.
എന്നാല്‍ ചുരുക്കം ചിലരെങ്കിലും തങ്ങളുടെ മികവിനെ ടീമിന് തുടര്‍ന്നും ഉപയോഗപ്പെടുത്തുന്ന തരത്തിലാക്കാന്‍ പരിശീലക റോളിലേക്കെത്തിയിട്ടുണ്ട്. ഇതില്‍ വലിയ കരിയര്‍ സൃഷ്ടിക്കാത്ത പലരും മികച്ച പരിശീലകരായി മാറിയെന്നതാണ് കൗതുകം. എന്നാല്‍ ക്യാപ്റ്റനായ അതേ ടീമിനെ പരിശീലിപ്പിക്കാന്‍ ചിലര്‍ക്ക് മാത്രമാണ് ഭാഗ്യം ലഭിച്ചത്. ഇത്തരത്തില്‍ നയിച്ച ടീമിനെത്തന്നെ പിന്നീട് പരിശീലിപ്പിച്ചവര്‍ ആരൊക്കെയാണെന്ന് നോക്കാം.
ഡാരന്‍ സമി
വെസ്റ്റ് ഇന്‍ഡീസിന്റെ മീഡിയം പേസ് ഓള്‍റൗണ്ടറാണ് ഡാരന്‍ സമി. ടീമിനെ പല തവണ ഒറ്റയാള്‍ പോരാട്ടത്തിലൂടെ കരകയറ്റിയ സമി നായകനെന്ന നിലയില്‍ ഗംഭീര പ്രകടനം നടത്തിയവരിലൊരാളാണ്. വിന്‍ഡീസിനെ എട്ട് ടെസ്റ്റ് ജയത്തിലേക്കും 18 എകദിന വിജയത്തിലേക്കും നയിച്ച സമി രണ്ട് തവണ ടീമിനെ ടി20 ലോകകപ്പ് ചാമ്പ്യന്മാരുമാക്കി. എന്നാല്‍ ഇപ്പോള്‍ ടീമിന്റെ പരിശീലകനാണ് സമി. നേരത്തെ പല ടി20 ലീഗ് ടീമുകളുടേയും പരിശീലകനായി സമി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം തന്നെ സമിയെ തേടിയെത്തിയിരിക്കുകയാണ്.
ഗൗതം ഗംഭീര്‍
ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ ഓപ്പണറാണ് ഗൗതം ഗംഭീര്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി മിന്നിച്ച ഗംഭീര്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ സവിശേഷമായ മികവ് കാട്ടിയ താരമാണ്. 2007ലെ ടി20 ലോകകപ്പ് ഫൈനലിലും 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടാന്‍ ഗംഭീറിനായി. ധോണിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കാനും അവസരം ലഭിച്ചു. എന്നാല്‍ ധോണിയുള്ളതിനാല്‍ നായകനായി അധികം അവസരം ലഭിച്ചില്ല.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ കപ്പിലേക്കെത്തിക്കാനും ഗംഭീറിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ മുഖ്യ പരിശീലക റോളില്‍ ഗംഭീര്‍ മിന്നിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയ ശേഷം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്കെത്തിയ ഗംഭീറിന് കീഴില്‍ ടെസ്റ്റില്‍ ഇന്ത്യ വലിയ മികവ് കാട്ടുന്നില്ലെങ്കിലും ടി20യില്‍ നന്നായി ശോഭിക്കുന്നുണ്ട്.

രാഹുല്‍ ദ്രാവിഡ്
ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും നായകനുമായിരുന്നു രാഹുല്‍ ദ്രാവിഡ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്ലാസിക് ബാറ്റ്സ്മാനായിരുന്നു ദ്രാവിഡ്. 2007ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് ദ്രാവിഡായിരുന്നു. എന്നാല്‍ അന്ന് നാണംകെട്ട് ഇന്ത്യ തോറ്റ് പുറത്തായി. നായകനെന്ന നിലയില്‍ നിരാശപ്പെടുത്തിയെങ്കിലും അതുല്യ റെക്കോഡുള്ള പരിശീലകനായി മാറാന്‍ ദ്രാവിഡിന് സാധിച്ചു. ഇന്ത്യ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച ദ്രാവിഡ് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലും മുത്തമിടീപ്പിച്ചു. ഇപ്പോള്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാണ് അദ്ദേഹം.
അനില്‍ കുംബ്ലെ
ഇന്ത്യയുടെ മുന്‍ സ്പിന്നറും ഇതിഹാസ താരവുമാണ് അനില്‍ കുംബ്ലെ. ഇന്ത്യക്കായി ടെസ്റ്റില്‍ ഒരു ഇന്നിങ്സില്‍ 10 വിക്കറ്റ് പ്രകടനം നടത്തിയ ഏക ബൗളറാണ് കുംബ്ലെ. ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്തേക്കെത്തിയ കുംബ്ലെ ഭേദപ്പെട്ട റെക്കോഡുകളും സ്വന്തമാക്കി. ഇതിന് ശേഷം അദ്ദേഹം ഇന്ത്യയുടെ പരിശീലകനുമായി. എന്നാല്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് അദ്ദേഹത്തിന് നേരത്തെ പരിശീലക സ്ഥാനം ഒഴിയേണ്ടി വന്നു. എങ്കിലും പരിശീലകനെന്ന നിലയില്‍ കൈയടി നേടാന്‍ കുംബ്ലെക്കായി. ഇതിന് ശേഷം ഐപിഎല്ലില്‍ പരിശീലക റോളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
സനത് ജയസൂര്യ
മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ ബാറ്റ്സ്മാനുമാണ് സനത് ജയസൂര്യ. എതിര്‍ ബൗളര്‍മാരെ തല്ലിപ്പറത്തി മുന്നേറുന്ന ജയസൂര്യ പന്തുകൊണ്ടും മാച്ച് വിന്നറായിരുന്നു. ഇപ്പോള്‍ ശ്രീലങ്കയുടെ പരിശീലക റോളിലും ജയസൂര്യ കസറുകയാണ്. ഏറെ പിന്നോട്ട് പോയ ശ്രീലങ്കന്‍ ടീമിന് തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കാന്‍ ജയസൂര്യയുടെ കോച്ചിങ് സഹായിച്ചിട്ടുണ്ട്.