ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് എംഎസ് ധോണി. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത നായകനായും എക്കാലത്തേയും മികച്ച ഫിനിഷറായും ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായുമെല്ലാം ഏറെക്കാലം ക്രിക്കറ്റ് ലോകത്ത് ധോണി നിറഞ്ഞുനിന്നു. ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളേയും കടത്തിവെട്ടിയാണ് നായകനെന്ന നിലയില്‍ ധോണി വളര്‍ന്നത്. ധോണി ഇന്ത്യന്‍ ക്രിക്കറ്റിനെ വളര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്തിയെങ്കിലും ഹേറ്റര്‍മാരുടെ എണ്ണത്തില്‍ കുറവില്ലായിരുന്നു.
പല സീനിയേഴ്സിനേയും മറികടന്നാണ് ധോണിയുടെ വളര്‍ച്ചയെന്നതിനാല്‍ ഇവരില്‍ പലര്‍ക്കും ധോണിയോട് കലിപ്പുണ്ടായിരുന്നു. പല സൂപ്പര്‍ താരങ്ങളുടേയും കരിയര്‍ ധോണി നശിപ്പിച്ചുവെന്ന് വിശ്വസിക്കുന്ന ആരാധകരും ഏറെയാണ്. ഇത്തരത്തില്‍ ധോണിയുടെ ഇടപെടല്‍ മൂലം കരിയര്‍ നശിച്ചെന്ന് ആരാധകര്‍ കരുതുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം യുവരാജ് സിങ്ങാണ്. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോഴും 2011ല്‍ ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോഴും ഏറ്റവും നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ച താരം യുവരാജായിരുന്നു. ധോണിയോടൊപ്പമാണ് തന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍ യുവി നേടിയത്. എന്നാല്‍ ധോണിയുമായി അടുത്ത സൗഹൃദമല്ല ഉള്ളതെന്ന് യുവരാജ് തന്നെ തുറന്ന് പറഞ്ഞിരുന്നു. യുവരാജിന്റെ കരിയറിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ധോണി രക്ഷകനായില്ലെന്ന ആക്ഷേപവും ശക്തമാണ്.
യുവരാജിന്റെ പിതാവായ യോഗ്രാജ് സിങ് തന്റെ മകന്റെ കരിയര്‍ തകര്‍ത്തത് ധോണിയാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. കളത്തിനുള്ളില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ധോണിയുമായി നല്ല ബന്ധത്തിലായിരുന്നില്ല യുവരാജ്. രണ്ടാമത്തെ താരം ഗൗതം ഗംഭീറാണ്. 2007ലെ ടി20 ലോകകപ്പ് 2011ലെ ഏകദിന ലോകകപ്പ് ഫൈനലുകളില്‍ അര്‍ധ സെഞ്ച്വറികളോടെ ഇന്ത്യക്ക് കരുത്തുപകര്‍ന്ന താരമാണ് ഗംഭീര്‍. 2011ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് അടിത്തറ പാകിയത് ഗംഭീറാണ്.

എന്നാല്‍ എല്ലാ പ്രശംസയും കൈയടിയും പോയത് ധോണിക്കായിരുന്നു. ഇതില്‍ തന്റെ അതൃപ്തി ഗംഭീര്‍ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീമാണ് കിരീടം നേടിയതെന്നും ഒരു താരത്തിലേക്ക് മാത്രമായി ക്രഡിറ്റ് പോകുന്നുവെന്നുമാണ് ഗംഭീര്‍ ആരോപിച്ചത്. ഇന്ത്യയുടെ നായകസ്ഥാനവും ഗംഭീര്‍ മോഹിച്ചിരുന്നു. ഇതും ധോണിയോടുള്ള വിരോധത്തിന് കാരണമായി. ഗംഭീറിന്റെ കരിയറിന്റെ അവസാന സമയത്ത് ധോണി വലിയ പിന്തുണ നല്‍കിയിരുന്നില്ല.
വീരേന്ദര്‍ സെവാഗും ധോണിയും തമ്മിലും അത്ര മികച്ച ബന്ധമായിരുന്നില്ല. വെടിക്കെട്ട് ഓപ്പണറായിരുന്ന സെവാഗ് ഇന്ത്യയുടെ അടുത്ത നായകനാവുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ സെവാഗിനും മുകളില്‍ ധോണി പെട്ടെന്ന് വളര്‍ന്നു. ഇതില്‍ സെവാഗിന് അതൃപ്തിയുണ്ടായിരുന്നു. കൂടാതെ സെവാഗിനേയും സച്ചിനേയും ഗംഭീറിനേയും ഒന്നിച്ച് കളിപ്പിക്കാന്‍ ധോണിക്ക് താല്‍പര്യമില്ലായിരുന്നു. സെവാഗിന്റെ ഫീല്‍ഡിങ് നിലവാരത്തെ ധോണി ചോദ്യം ചെയ്തിരുന്നു.
ഇതും അതൃപ്തിക്ക് കാരണമായി പറയാം. ധോണിക്ക് കീഴില്‍ 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും സെവാഗ് കളിച്ചിരുന്നു. എന്നാല്‍ സെവാഗിന് വിരമിക്കല്‍ മത്സരം ലഭിച്ചില്ല. ഇതിന് കാരണം ധോണിയാണെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്തായാലും ധോണിയും സെവാഗും തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ലെന്നുറപ്പ്. ഇപ്പോഴും തരം കിട്ടുമ്പോഴെല്ലാം ധോണിയെ താഴ്ത്തിക്കെട്ടാന്‍ സെവാഗ് ശ്രമിക്കാറുണ്ട്.
ഹര്‍ഭജന്‍ സിങ്ങാണ് മറ്റൊരാള്‍. സ്പിന്‍ ഓള്‍റൗണ്ടറായ ഹര്‍ഭജനെ ഐപിഎല്ലില്‍ സിഎസ്‌കെയിലേക്ക് ധോണി എത്തിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കരിയറിന്റെ അവസാന സമയത്ത് ധോണി ഹര്‍ഭജനെ പിന്തുണച്ചില്ലെന്ന ആക്ഷേപമുണ്ട്. അര്‍ഹിച്ച പരിഗണനയോടെ വിരമിക്കാന്‍ ഹര്‍ഭജന് സാധിക്കാത്തതിന് കാരണം ധോണിയാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. എന്തായാലും ധോണിക്കെതിരേ പരസ്യമായി ഹര്‍ഭജന്‍ പ്രതികരിച്ചിട്ടില്ല. എങ്കിലും ധോണിയാണ് ഹര്‍ഭജന്റെ കരിയര്‍ തകര്‍ത്തതെന്നാണ് ചില ആരാധകര്‍ കരുതുന്നത്.