ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള കവാടമായി ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്നത് ആഭ്യന്തര ക്രിക്കറ്റായിരുന്നു. രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര ടൂര്‍ണമെന്റിലെ മികവുപരിഗണിച്ചാണ് ഇന്ത്യ താരങ്ങളെ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഐപിഎല്ലിന്റെ വരവോട് ടീം തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം ഐപിഎല്ലായി മാറി. ഇതോടെ ഓരോ വര്‍ഷവും പുതിയ നിരവധി താരങ്ങള്‍ ദേശീയ ടീമിലേക്കെത്തുന്നുണ്ടെങ്കിലും വലിയ കരിയര്‍ സൃഷ്ടിക്കുന്നവര്‍ കുറവാണെന്ന് തന്നെ പറയാം.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴും സെലക്ടര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ മികവിന് നേരെ കണ്ണടച്ചു. ഐപിഎല്ലില്‍ ശോഭിച്ചവര്‍ക്ക് മുന്‍തൂക്കം ലഭിച്ചപ്പോള്‍ സര്‍ഫറാസ് ഖാനെപ്പോലെ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി മിന്നിക്കുന്ന ചില താരങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടിയിട്ടും ദേശീയ ടീമിലേക്ക് വിളിയെത്താത്ത ആദ്യത്തെ താരമല്ല സര്‍ഫറാസ്.
ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യക്കായി കളിക്കാന്‍ അര്‍ഹതയുണ്ടായിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം ഒതുങ്ങിപ്പോയ ചില പ്രതിഭകളുണ്ട്. അത്തരത്തിലുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. അമോല്‍ മസുംദാറാണ് ഇതിലൊരാള്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി എന്നിവര്‍ക്കൊപ്പം സ്‌കൂള്‍ ക്രിക്കറ്റില്‍ വിസ്മയിപ്പിച്ച മസുംദാര്‍ ഇന്ത്യക്കായി കളിക്കുമെന്ന് ഉറപ്പിച്ചിരുന്ന താരമാണെങ്കിലും രഞ്ജി ട്രോഫിയില്‍ ഒതുങ്ങേണ്ടി വന്നു.

171 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 48.13 ശരാശരിയില്‍ 11167 റണ്‍സാണ് മസുംദാര്‍ നേടിയത്. 30 സെഞ്ച്വറിയും 60 ഫിഫ്റ്റിയും അദ്ദേഹം നേടി. 113 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 3286 റണ്‍സും താരത്തിന്റെ പേരിലുണ്ടായിരുന്നു. എന്നാല്‍ ഒരു തവണപോലും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയില്ല. താരസമ്പന്നമായ ഇന്ത്യന്‍ ടീമിലെത്താതെ ആഭ്യന്തര ക്രിക്കറ്റില്‍ ഒതുങ്ങിപ്പോയ പ്രതിഭയാണ് മസുംദാറെന്ന് നിസംശയം പറയാം.
രാജീന്ദര്‍ ഗോയലാണ് ഈ പട്ടികയിലെ മറ്റൊരാള്‍. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സ്പിന്നര്‍ കാഴ്ചവെച്ചത്. എന്നിട്ടും ദേശീയ ജഴ്‌സിയില്‍ ഒരവസരം പോലും ലഭിച്ചില്ല. 157 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 1037 റണ്‍സാണ് ഗോയല്‍ നേടിയത്. വിക്കറ്റുകളുടെ എണ്ണം 750 ആണ്. അഞ്ച് വിക്കറ്റ് പ്രകടനം 59 തവണയും 10 വിക്കറ്റ് പ്രകടനം 18 തവണയും നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യക്കായി ഒരു മത്സരം പോലും കളിച്ചില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.
ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമിലേക്കുള്ള വിളി ലഭിക്കാതെ പോയതിനെ നിര്‍ഭാഗ്യമെന്ന് മാത്രമെ പറയാനാവു. പദ്മാകര്‍ കാശിനാഥ് ശിവാല്‍ക്കറാണ് മറ്റൊരാള്‍. സ്പിന്‍ ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ച അദ്ദേഹത്തിനും ദേശീയ ടീമെന്ന സ്വപ്‌നം നേടിയെടുക്കാന്‍ സാധിക്കാതെ പോയി. 124 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 589 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇതില്‍ 42 അഞ്ച് വിക്കറ്റ് പ്രകടനവും 13 പത്ത് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.
കൃഷ്ണന്‍ ഭാസ്‌കര്‍ പിള്ളയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. വലം കൈയന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമായിരുന്ന താരം 95 ഫസ്റ്റ്ക്ലാസ് മത്സരങ്ങളാണ് കളിച്ചത്. 5443 റണ്‍സും നേടി. 52.84 ശരാശരിയില്‍ കളിച്ച താരം 18 സെഞ്ച്വറിയും 21 ഫിഫ്റ്റിയും നേടി. 222* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 37 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 926 റണ്‍സും കൃഷ്ണന്‍ ഭാസ്‌കറിന്റെ പേരിലുണ്ട്. എന്നാല്‍ ഒരു തവണ പോലും ദേശീയ ടീമിലേക്കുള്ള വിളിയെത്തിയില്ല.
രണദേബ് ബോസാണ് ഈ പട്ടികയിലെ അഞ്ചാമന്‍. വലം കൈയന്‍ മീഡിയം പേസറായ രണദേബ് ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടിയിട്ടുള്ള താരമാണ്. 91 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 317 വിക്കറ്റുകള്‍ അദ്ദേഹം നേടി. 82 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 126 വിക്കറ്റും താരം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ഭാഗമാവാനും രണദേബിനായി. പക്ഷെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയില്ല.