Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റ്‌സ്മാനായി തിളങ്ങുന്നു, പക്ഷെ ഓള്‍റൗണ്ടറാവാന്‍ പ്രതിഭയുണ്ട്- ഇന്ത്യയുടെ യുവതാരങ്ങളിതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഏറെ നാളായി നേരിടുന്ന പ്രശ്‌നമാണ് പന്തെറിയാന്‍ അറിയാവുന്ന ബാറ്റ്‌സ്മാന്‍മാരുടെ അഭാവം. ഒരു കാലത്ത് ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരില്‍ മിക്കവരും പന്തെറിയുന്നവരായിരുന്നു. അതുകൊണ്ടുതന്നെ നായകന്മാര്‍ക്ക് ബൗളര്‍മാരെ ഓര്‍ത്ത് അധികം തലപുകയ്‌ക്കേണ്ടി വന്നിട്ടില്ല. പാര്‍ട്ട് ടൈം ബൗളര്‍മാരായി ആവശ്യത്തിലധികം താരങ്ങള്‍ അന്ന് ടീമിലുണ്ടായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരെല്ലാം പന്തെറിയുന്ന ബാറ്റ്‌സ്മാന്‍മാരായിരുന്നു. പിന്നീട് തലമുറ മാറ്റം ഉണ്ടായപ്പോള്‍ പന്തെറിയാന്‍ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ വിസമ്മതിച്ചു. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം മോശമല്ലാതെ പന്തെറിയുന്നവരാണ്. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് മാത്രം ഇവര്‍ ഒതുങ്ങുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള മികച്ച യുവ ബാറ്റ്‌സ്മാന്‍മാരുണ്ട്.

എന്നാല്‍ ഇവരെ വളര്‍ത്തിയെടുക്കാനുള്ള ശ്രമം ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ടുവന്നാല്‍ മികച്ച ബാറ്റ്‌സ്മാന്‍ എന്നതിലുപരിയായി മികച്ച ഓള്‍റൗണ്ടറായി മാറാന്‍ കെല്‍പ്പുള്ള ഇന്ത്യയുടെ യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം യശ്വസി ജയ്‌സ്വാളാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറായി ഇതിനോടകം മാറാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്. ഇടം കൈയന്‍ താരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്.

600ലധികം റണ്‍സ് ഇതിനോടകം പരമ്പരയില്‍ നേടിയ താരം നിരവധി റെക്കോഡുകളും കടപുഴക്കി. എന്നാല്‍ ബാറ്റ്‌സ്മാനായി മാത്രം ഒതുങ്ങേണ്ടവനല്ല ജയ്‌സ്വാള്‍. പന്തെറിയാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍. ഇന്ത്യ വളര്‍ത്തിക്കൊണ്ടുവന്നാല്‍ മികച്ച സ്പിന്‍ ഓള്‍റൗണ്ടറായി മാറാന്‍ ജയ്‌സ്വാളിന് സാധിക്കും. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമാണ് ജയ്‌സ്വാളിനെ പരിഗണിക്കുന്നത്. ഇടക്ക് ഓവറുകള്‍ നല്‍കി താരത്തിന്റെ ബൗളിങ് മെച്ചപ്പെടുത്തിയാല്‍ ടീമിനത് വലിയ നേട്ടമായി മാറിയേക്കും.

tilak varma

രണ്ടാമത്തെ താരം ശുബ്മാന്‍ ഗില്ലാണ്. ഇന്ത്യയുടെ ഓപ്പണറായിരുന്ന താരം ഇപ്പോള്‍ ടെസ്റ്റില്‍ മൂന്നാം നമ്പറിലേക്കിറങ്ങിയിട്ടുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടിയ താരം അടുത്ത വിരാട് കോലിയെന്ന പേര് ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. ക്ലാസിക് ബാറ്റ്‌സ്മാനായ ശുബ്മാന്‍ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങുന്നവനാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകസ്ഥാനത്തേക്കും ശുബ്മാന്‍ ഗില്‍ എത്തിയിട്ടുണ്ട്.

എന്നാല്‍ ഭേദപ്പെട്ട രീതിയില്‍ പന്തെറിയാന്‍ ശുബ്മാന് സാധിക്കും. ഓഫ് സ്പിന്നറായ താരത്തിന് കൂടുതല്‍ ഓവറുകള്‍ നല്‍കി ബൗളറെന്ന നിലയിലും വളര്‍ത്താന്‍ ശ്രമിക്കാവുന്നതാണ്. പാര്‍ട്ട് ടൈം ബൗളറായി ഉപയോഗിക്കാന്‍ സാധിക്കുന്നവനാണ് ഗില്‍. അതുകൊണ്ടുതന്നെ ഇന്ത്യ ശുബ്മാന്‍ ഗില്ലിനെ ഓള്‍റൗണ്ടറായി വളര്‍ത്താന്‍ ശ്രമിക്കേണ്ടതാണ്. മൂന്നാമത്തെ താരം തിലക് വര്‍മയാണ്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന തിലക് ഇതിനോടകം ഇന്ത്യക്കായി അരങ്ങേറിയിട്ടുണ്ട്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി തിളങ്ങുന്ന തിലക് ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കസറാന്‍ കെല്‍പ്പുള്ളവനാണ്. ഇതിനോടകം തന്റെ ബൗളിങ് മികവ് തിലക് തെളിയിച്ചിട്ടുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലകിനെ ബൗളറെന്ന നിലയിലും ഇന്ത്യക്ക് പിന്തുണച്ച് വളര്‍ത്താവുന്നതാണ്. അടുത്ത യുവരാജ് സിങ്ങായി മാറാന്‍ തിലകിന് പ്രതിഭയുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള തിലക് കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.

എന്നാല്‍ ഇന്ത്യയുടെ പ്രധാന പ്രശ്‌നം മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. ഹാര്‍ദിക് പാണ്ഡ്യയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണ് ഇന്ത്യക്കുള്ളത്. ശാര്‍ദ്ദുല്‍ ടാക്കൂറിനെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. അതുകൊണ്ടുതന്നെ ഭാവി മുന്നില്‍ക്കണ്ട് കൂടുതല്‍ യുവ പേസ് ഓള്‍റൗണ്ടര്‍മാരെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതാണ്. അല്ലാത്ത പക്ഷം പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യയെ പിന്നോട്ടടിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Saturday, March 2, 2024, 14:09 [IST]
Other articles published on Mar 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+